'കൊവിഡ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ സമ്മർദ്ദം ചെലുത്തി'; ബൈഡൻ ഭരണകൂടത്തിനെതിരെ സക്കർബർഗ്
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ബൈഡൻ ഭരണകുടം തങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സക്കർബർഗ് ഈ ആരോപണം ഉന്നയിച്ചത്.
'2021-ൽ വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള ബൈഡൻ ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നർമ്മവും ആക്ഷേപഹാസ്യവും ഉൾപ്പെടെയുള്ള ചില ഉള്ളടക്കങ്ങൾ പുറത്തുവിടരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. സർക്കാരിന്റെ തെറ്റായ നടപടിയായിരുന്നു. എന്നാൽ ആ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതിരുന്നതിൽ ഇപ്പോൾ ഞാൻ ഖേദിക്കുന്നു', സക്കർബർഗ് പറഞ്ഞു. ഏതെങ്കിലും ഭരണകുടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ സമ്മർദ്ദം ഉണ്ടായാൽ ഉള്ളടക്കത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് തനിക്ക് ബോധ്യമായെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തിരിച്ച് പ്രതികരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും സക്കർബർഗ് പറഞ്ഞു.

മഹാമാരി സമയത്ത് ലോക്ക്ഡൗൺ, വാക്സിനുകൾ, മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവയെ വിമർശിക്കുന്നത് സംബന്ധിച്ച കുറിപ്പുകൾ നീക്കം ചെയ്തതിൽ ഫേസ്ബുക്കിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ രൂക്ഷമായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളോ അല്ലെങ്കിൽ തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത് എന്നായിരുന്നു അന്ന് ഫേസ്ബുക്ക് വിശദീകരിച്ചത്. ഇത്തരത്തിൽ ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
അതേസമയം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബൈഡൻ കുടുംബത്തിനെതിരെ ഉയർന്ന അഴിമതി ആരോപണം താത്കാലികമായി നീക്കം ചെയ്തതിനെ കുറിച്ചും സക്കർബർഗ് പ്രതികരിച്ചു. 'ജോ ബൈഡൻ്റെ കുടുംബം ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് പോസ്റ്റ് സ്റ്റോറി കണ്ടപ്പോൾ, ഞങ്ങൾ ആ വാർത്ത ഫാക്ട് ചെക്ക് ടീമിന് കൈമാറിയിരുന്നു. മറുപടി ലഭിക്കും മുൻപ് തന്നെ ആ പോസ്റ്റ് താത്കാലികമായി തരംതാഴ്ത്തി. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ ആ റഷ്യൻ വിവരം തെറ്റല്ലെന്ന് വ്യക്തമാണ്.അത് ഞങ്ങൾ ഒതുക്കാൻ പാടില്ലായിരുന്നു', സക്കർബർഗ് പറഞ്ഞു.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സഹകരണത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ഊന്നൽ നൽകുമെന്ന് സക്കർബർഗ് പറഞ്ഞു. 'ചിലർ ഈ പ്രവൃത്തി ഒരു കക്ഷിക്ക് ഗുണകരമാകുമെന്ന് പറയുന്നുണ്ടാകും. എന്നാൽ എൻ്റെ ലക്ഷ്യം നിഷ്പക്ഷത പാലിക്കുക എന്നതാണ്. ഇടപെടാതിരിക്കുകയെന്നതാണ് എന്റെ റോൾ', സക്കർബർഗ് വ്യക്തമാക്കി.












Click it and Unblock the Notifications