മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോക ജനപ്രിയ നേതാവ്
ലോക നേതാക്കളിൽ ജനപ്രിയനായി സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാൻ.ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടത്തിയ സർവ്വേയിലാണ് എം ബി എസിനെ തെരഞ്ഞെടുത്തത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുടെ ജനപ്രീതിയെ മറികടന്ന് കടന്ന് കൊണ്ടാണ് എം ബി എസിന്റെ മുന്നേറ്റം. 257 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം രാജ്യവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യവുമാണ്.

സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേരാണ് മുഹമ്മദ് ബിൻ സൽമാനെ പിന്തുണച്ചത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍. 52 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ 40 ശതമാനം പേർ പിന്തുണച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേരാണ് പിന്തുണച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 38 ശതമാനം പേരാണ് പിന്തുണച്ചത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനും 38 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. 2021 നവംബർ 29 നും ഡിസംബർ 24 നും ഇടയിൽ 33 പ്രവിശ്യകളിൽ നിന്നുള്ള 17 നും 65 നും ഇടയിൽ പ്രായമുള്ള 3,000 ഇന്തോനേഷ്യക്കാരെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.
അതേസമയം ഇതാദ്യമായല്ല മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഗോളതലത്തിൽ ഏറ്റവും ജനപ്രീതിയുള്ളതും സ്വാധീനമുള്ളതുമായ നേതാക്കളിൽ ഒന്നാമതെത്തുന്നത്. 2017-ൽ ലോകത്തെ വ്യാപാരത്തിന്റെ ഗതിയിൽ സ്വാധീനം ചെലുത്തിയ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു.
Recommended Video
2018 ൽ, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 16 രാജ്യങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾക്കിടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ തിരഞ്ഞെടുത്തിരുന്നു.സൗദി കിരീടാവകാശിയുടെ പരിഷ്‌കാരങ്ങൾ, അഴിമതിക്കെതിരായ പോരാട്ടം,മേഖലയിലെ സമ്പദ്‌വ്യവസ്ഥ, സമൂഹം, സുരക്ഷ എന്നിവ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച നിരവധി നടപടികളാണ് അദ്ദേഹത്തിന്റെ പിന്തുണ ഉയരാൻ കാരണമായതെന്നാണ് വാർഷിക എഎസ്ഡിഎ ബിസിഡബ്ല്യു യുവജന സർവ്വേ വ്യക്തമാക്കിയത്.












Click it and Unblock the Notifications