അമേരിക്കയില്‍ പട്ടിണി ഭീതി; ലോക്ക് ഡൗണ്‍ ലംഘിച്ച് വന്‍ പ്രതിഷേധങ്ങള്‍, അമ്പരന്ന് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അമേരിക്കയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. യുഎസ്സിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ഇനിയും അടച്ച് വീട്ടിലിരുന്നാല്‍ പട്ടിണി മൂലം മരിക്കുമെന്നാണ് സമരക്കാര്‍ വിളിച്ചുപറഞ്ഞത്. കൊറോണ രോഗം ബാധിച്ച് മാത്രമല്ല മരണം സംഭവിക്കുകയെന്നും പട്ടിണി മൂലവും മരിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.
Recommended Video
ഒട്ടേറെ ചെറുകിട ബിസിനസുകാരും സമരത്തിന് മുന്നിലുണ്ട്. തങ്ങളുടെ എല്ലാ സമ്പത്തും നഷ്ടമായി എന്നാണ് അവരുടെ പരാതി. ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ രോഗവ്യാപന ഭീതി ഇരട്ടിയായി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സംസ്ഥാനങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്കും തിരിച്ചടിയാണ് ജനങ്ങളുടെ പ്രതിഷേധം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഏകദേശം ഒരേ സമയങ്ങളില്‍
ഏകദേശം ഒരേ സമയങ്ങളിലാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടന്നത്. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂ ഹാംപ്‌ഷെയറില്‍ 500ഓളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

കാറിലും കാല്‍നടയായും
കാറിലും കാല്‍നടയായും ജനങ്ങള്‍ ന്യൂഹാംപ്‌ഷെയറിലെ പ്രതിഷേധത്തില്‍ പങ്കാളികളായി. നാമമാത്രമായ അളവില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മുഖം മറച്ച സൈനിക വേഷം ധരിച്ചവരും സമരത്തിലുണ്ടായിരുന്നു.

ടെക്‌സാസിലെ ഓസ്റ്റിനില്‍
ടെക്‌സാസിലെ ഓസ്റ്റിനില്‍ 300ഓളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തീവ്ര വലതുപക്ഷ കോണ്‍സ്പിറസി തിയറിസ്റ്റായ അലക്‌സ് ജോണ്‍സും ഇവിടെ പ്രതിഷേധിച്ചു. ടെക്‌സാസ് തുറക്കണം. ജനങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണം. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്- ആക്ടിവിസ്റ്റ് ജസ്റ്റിന്‍ ഗ്രെസ് പറഞ്ഞു.

മേരിലാന്റിലും വന്‍ പ്രതിഷേധം
മേരിലാന്റിലും വന്‍ പ്രതിഷേധമാണ് നടന്നത്. ദാരിദ്ര്യവും ആളുകളെ കൊല്ലുന്നതാണ്. കൊറോണ മാത്രമല്ല ഭയപ്പെടേണ്ട കാര്യം. ദാരിദ്ര്യം വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണെന്ന് സമരത്തില്‍ പങ്കെടുത്ത ചെറുകിട സംരഭകര്‍ പറഞ്ഞു. ബിസിനസുകള്‍ ഇനിയും നടന്നില്ലെങ്കില്‍ ഞങ്ങള്‍ മരിക്കുമെന്നും അവര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിച്ചു
കോളംബസ്, ഒഹായോ, സാന്‍ഡിഗോ, കാലഫോര്‍ണിയ, ഇന്ത്യാന, നെവാഡ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു മിക്ക സ്ഥലത്തെയും പ്രതിഷേധം. ആളുകള്‍ കൂട്ടത്തോടെയാണ് സമരത്തില്‍ പങ്കെടുത്ത്. ചിലര്‍ മാത്രം സാമൂഹിക അകലം പാലിച്ചു.

അമേരിക്കന്‍ പതാക പാറിച്ച്
അമേരിക്കന്‍ പതാക പാറിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല സമരം നടന്നത്. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ന്യൂഹാംപ്‌ഷെയറിലും ടെക്‌സാസിലും പ്രതിഷേധം നടന്നത് ഭരണകൂടത്തില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

മരണം 40000ത്തോട് അടുക്കുന്നു
ശനിയാഴ്ച വരെയുള്ള കണക്കുകള്‍പ്രകാരം അമേരിക്കയിലെ മരണം 38800 ആയിട്ടുണ്ട്. ഏഴര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ഓരോ ദിവസവും ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് രോഗശമനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇളവുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

ലൈംഗിക ചൂഷണം
പ്രതിസന്ധി മുതലെടുത്ത് അമേരിക്കയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹവായില്‍ വീട്ടുടമസ്ഥര്‍ വാടകയ്ക്ക് താമസിക്കുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി വര്‍ധിച്ചിരിക്കുകയാണ്. ഹവായിലെ വനിതാ കമ്മീഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖാര ജബോല കാര്‍ളസ് ആണ് ഇക്കാര്യം അറിയിച്ചത്.

വന്‍തോതില്‍ ഉയര്‍ന്നു
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചൂഷണ പരാതികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നത് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ്. വാടക ചോദിച്ചു ഫോണ്‍ വിളിക്കും. പ്രതിസന്ധി പറഞ്ഞാല്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടും. ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒട്ടേറെ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കാര്‍ളസ് പറയുന്നു. പരാതി പറയാന്‍ തയ്യാറാകാത്ത സംഭവങ്ങളുമുണ്ടെന്നും അവര്‍ പറയുന്നു.

അവസരം ദുരുപയോഗം ചെയ്യുന്നു
അമേരിക്കയില്‍ ടൂറിസത്തിന് പേര് കേട്ട പ്രദേശമാണ് ഹവായ്. കൊറോണ രോഗം വ്യാപിച്ചതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമായി. പലര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഈ സാഹചര്യമാണ് വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നതെന്ന് കാര്‍ളസ് പറയുന്നു. ഇതിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ടവരാണ് ലൈംഗികമായി ചൂഷണത്തിന് വിധേയരാകുന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കോടിയിലധികം പേര്‍ക്ക് ജോലി പോയി
കൊറോണ വ്യാപനം മൂലമുള്ള പ്രതിസന്ധി രണ്ട് കോടിയിലധികം അമേരിക്കക്കാര്‍ക്കാണ് ജോലി നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞാഴ്ച മാത്രം 50 ലക്ഷം പേര്‍ക്ക് ജോലി പോയി. ചില സംസ്ഥാനങ്ങള്‍ വാടക വാങ്ങുന്നതിനും മറ്റും ഇളവുകളും മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് ഇരയായാല്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് കാര്‍ളസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications