പുടിന്‍ സൗദിയിലേക്കും യുഎഇയിലേക്കും: നിർണ്ണായക കൂടിക്കാഴ്ചകള്‍, ഇന്ത്യക്ക് ആശങ്ക, എന്തിന്?
റിയാദ്: സൗദി അറേബ്യയും യു എ ഇയും സന്ദർശിക്കാന്‍ തീരുമാനിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഉക്രൈന്‍ അധിനിവേശത്തിന് ശേഷം പുടിന്‍ നടത്തുന്ന ശ്രദ്ധേയമായ വിദേശ യാത്രയാണ് ഇത്. യാത്രക്കായി അറബ് ശക്തികളെ തിരഞ്ഞെടുത്തു എന്നുള്ളതാണ് ശ്രദ്ധേയമായി മാറുന്നത്. ഈ ആഴ്ച അവസാനത്തോടെ പുടിന്‍ അബുദാബിയില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

യു എ ഇ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും പുടിന്‍ സൗദി അറേബ്യയിലേക്ക് പോകുക. ക്രെംലിൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവിനെ ഉദ്ധരിച്ച് പുടിൻ ഇരു രാജ്യങ്ങളും സന്ദർശിക്കുമെന്ന് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പുടിൻ കൂടിക്കാഴ്ച നടത്തുമെന്നും ഉഷാക്കോവ് പറഞ്ഞു.
ഊർജ-കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ പുടിന്റെ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. സൗദി അറേബ്യ, യുഎഇ, റഷ്യ എന്നിവയെല്ലാം ഒപെക്കിലെ അംഗങ്ങളാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കൾ തമ്മിലുള്ള ചർച്ചകൾ പുടിനെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
തിങ്കളാഴ്ച ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ എണ്ണ നയത്തിൽ റിയാദും മോസ്കോയും തമ്മിലുള്ള വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സാഹചര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് ഒപെക് സഖ്യത്തിന്റെ നട്ടെല്ല് രൂപപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച ഉൽപാദന വെട്ടിക്കുറവ് നീട്ടാനും കൂടുതല്‍ ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ക്രൂഡ് ഓയില്‍ വില ഉയർത്താനുള്ള ഏതെങ്കിലും തരത്തിലുമുള്ള നടപടികള്‍ പുടിന്റെ ഗള്‍ഫ് സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകുമോയെന്നും ലോകം വീക്ഷിക്കുന്നുണ്ട്. അത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടെങ്കില്‍ അത് ഇന്ത്യ ഉള്‍പ്പെടേയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയായി മാറിയേക്കും.
ദുബായിൽ ലോക കാലാവസ്ഥ ഉച്ചകോടിക്ക് യു എ ഇ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുടിന്റെ സന്ദർശനം. അതേസമയം മിക്ക ലോക നേതാക്കളും യു എ ഇയില്‍ നിന്നും പോയ ശേഷമാണ് പുടിന്‍ അബുദാബിയിലേക്ക് എത്തുന്നത്. ഉപരോധങ്ങൾക്കിടയിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഒഴിവായ നിരവധി റഷ്യൻ കമ്പനികളുടെ കേന്ദ്രമായി യുഎഇ മാറിയിട്ടുണ്ട്.
ഉക്രൈന്‍ അധിനിവേശത്തിന് ശേഷം ചൈനയും പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം അപൂർവ്വമായി മാത്രമാണ് പുടിന്‍ വിദേശ യാത്ര നടത്തുന്നത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ മാർച്ചിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതാണ് അദ്ദേഹത്തിന്റെ രാജ്യത്തിന് പുറത്തുള്ള യാത്രയെ കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയത്.












Click it and Unblock the Notifications