ഉപരോധം ഭീകരവാദത്തിനെതിരെയല്ല, ഖത്തര്‍ ഭരണകൂടത്തിനെതിരേ: വിദേശകാര്യമന്ത്രി
ഉപരോധം ഭീകരവാദത്തിനെതിരെയല്ല, ഖത്തര്‍ ഭരണകൂടത്തിനെതിരേ: വിദേശകാര്യമന്ത്രി
ദോഹ: ഖത്തറിലെ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ അട്ടിമറിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. സി.എന്‍.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ഥാനി ഈ ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരത്തേ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം പരസ്യമായി പറയുന്നത് ആദ്യമായാണ്.

ഗോത്രങ്ങള്‍ തമ്മിലെ ശത്രുത ഉപയോഗിക്കുന്നു
ഖത്തര്‍ നേതൃത്വത്തെ അസ്ഥിരപ്പെടുത്താനാണ് സൗദിയ ശ്രമിക്കുന്നത്. സൗദി ഉദ്യോഗസ്ഥര്‍ പരസ്യമായി ഭരണമാറ്റത്തെ കുറിച്ച് സംസാരിക്കുന്നത് നാം കാണുന്നു. ഗോത്രസംഘര്‍ഷങ്ങളുടെ അന്ധകാരയുഗം തിരികെ കൊണ്ടുവരാനാണ് സൗദി ശ്രമിക്കുന്നത്. ചില ഗ്രോത്രങ്ങള്‍ തമ്മിലെ ശത്രുതയും പകയും ഉപയോഗപ്പെടുത്തയാണ് സൗദി അട്ടിമറിശ്രമം നടത്തുന്നതെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.

ഉപരോധത്തിന് ഭീകരവാദവുമായി ബന്ധമില്ല
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം ഖത്തര്‍ ഭീകരവാദത്തെ സഹായികുന്നുവെന്ന് ആരോപിച്ചായിരുന്നു. എന്നാല്‍ ഉപരോധത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഖത്തറിലെ ഭരണത്തെ അസ്ഥിരപ്പെടുത്തുകയും ഭരണമാറ്റം കൊണ്ടുവരികയുമായിരുന്നുവെന്നും വിദേശകാര്യമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.

ഖത്തറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമം
ഖത്തറിനെ അവമതിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. അല്ലാതെ ഭീകരവാദത്തിന് പണം നല്‍കുന്നുവെന്നതോ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നവെന്നതോ അല്ല. ഈ ആരോപണങ്ങള്‍ ഖത്തര്‍ തുടക്കത്തില്‍ തന്നെ ശക്തമായി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടമിറിക്കാന്‍ ശ്രമിക്കുകയും ഖത്തറില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സൗദി സഖ്യത്തിന് ഖത്തറിനെതിരേ ഈ ആരോപണം ഉന്നയിക്കാന്‍ എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഉപരോധം ഐ.എസ് വിരുദ്ധ പോരാട്ടത്തെ ക്ഷീണിപ്പിച്ചു
ലോകത്തിന്റെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തറില്‍ മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം സ്ഥിതി ചെയ്യുന്നുണ്ട്. 11,000 അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. സൗദി സഖ്യത്തിന്റെ വ്യോമ ഉപരോധം കാരണം ഇറാഖിലും മറ്റും ഐ.എസ്സിനെതിരേ പോരാടുന്ന അമേരിക്കന്‍ സൈനികര്‍ക്ക് സഹായമെത്തിക്കാന്‍ ഖത്തറിന് സാധിച്ചില്ല. എന്നു മാത്രമല്ല, ബഹ്‌റൈനിലെ അമേരിക്കന്‍ താവളത്തില്‍ യു.എസിന്റെ ഭീകരവിരുദ്ധ യുദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന ഖത്തരി ഉദ്യോഗസ്ഥരെ അവിടെ നില്‍ക്കാന്‍ ഉപരോധം കാരണം അനുവദിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ പല രീതികളിലാണ് ഐ.എസ് വിരുദ്ധ പോരാട്ടത്തെ ഖത്തര്‍ ഉപരോധം ബാധിച്ചതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഉപരോധം നാലു മാസം പിന്നിട്ടു
ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം നാലു മാസങ്ങള്‍ക്കു ശേഷവും മാറ്റമില്ലാതെ തുടരുകയാണ്. കുവൈത്ത് ഭരണാധികാരി, അമേരിക്കന്‍ പ്രസിഡന്റ്, യു.എന്‍ സെക്രട്ടറി ജനറല്‍ തുടങ്ങിവര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കാര്യമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഖത്തര്‍ ഇറാനുമായി സഹകരിക്കുന്നു, മേഖലയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നു, മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് സൗദി സഖ്യം ഉപരോധത്തിന്റെ കാരണമായി മുന്നോട്ടുവച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ ശക്തമായി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications