ഖത്തര്‍ വാക്ക് പാലിച്ചു!! കാബിനും കാരവനും പാക്ക് ചെയ്യുന്നു; ലോകകപ്പ് ഫുട്‌ബോള്‍ കാലത്തെ വാഗ്ദാനം
ഖത്തര്‍ അമീര്‍ ശൈഖ് തമീം കഴിഞ്ഞ ദിവസം തുര്‍ക്കി സന്ദര്‍ശിച്ച് പ്രസിഡന്റ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തിയിരുന്നു.

ദോഹ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അല്‍ഭുതങ്ങള്‍ നിറഞ്ഞ വേദികൂടിയായിരുന്നു. കണ്ടെയ്‌നറുകള്‍ കൊണ്ടുമാത്രം നിര്‍മിച്ച സ്‌റ്റേഡിയമായിരുന്നു ഇതിലൊന്ന്. കാണികളെ സ്വാധീനിക്കാന്‍ മറ്റുചില അലങ്കാരങ്ങളും ഖത്തര്‍ ഒരുക്കിയിരുന്നു. താരങ്ങളുടെയും ആരാധകരുടെയും യാത്രയ്ക്കും മറ്റുമായി കോടികള്‍ ചെലവിട്ട് പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കുകയും ചെയ്തു.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇത്രയും വാഹനങ്ങളുടെ ആവശ്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ എല്ലാം സംഭാവന ചെയ്യുമെന്ന് അന്ന് തന്നെ ഖത്തര്‍ ഭരണകൂടം അറിയിച്ചിരുന്നു. ലോകകപ്പ് വേളയില്‍ ഉപയോഗിച്ച കാരവനുകളും കാബിനുകളുമെല്ലാം ഖത്തര്‍ തുര്‍ക്കിക്കും സിറിയക്കും നല്‍കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖത്തറിന്റെ പ്രഖ്യാപനം
10000 കാബിനുകളും കാരവനുകളുമാണ് ഖത്തര്‍ ഭൂകമ്പ മേഖലയിലെ ജനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ ഉപയോഗിക്കാന്‍ വാങ്ങിയതാണിത്. ഇവയെല്ലാം ആവശ്യക്കാര്‍ക്ക് സംഭാവന നല്‍കുമെന്ന് ഖത്തര്‍ ഭരണകൂടം അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയുടെയും സിറിയയുടെയും അവസ്ഥ മനസിലാക്കിയാണ് ഖത്തറിന്റെ പുതിയ തീരുമാനം.

യുഎന്നിന്റെ അഭ്യര്‍ഥന
ഒരാഴ്ച മുമ്പാണ് പശ്ചിമേഷ്യയെ പിടിച്ചുലച്ച ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പം അയല്‍ രാജ്യങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. 33000 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. എന്നാല്‍ മരണസംഖ്യ 50000 കടന്നിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ലോകരാജ്യങ്ങള്‍ തുര്‍ക്കിയെയും സിറിയയെയും സഹായിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു.

ഖത്തര്‍ അമീര്‍ എത്തി
ഖത്തറും തുര്‍ക്കിയും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. സൗദി സഖ്യം ഉപരോധം ചുമത്തിയപ്പോള്‍ ഖത്തറിനെ സഹായിക്കാന്‍ ആദ്യമെത്തിയ രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുടെ 3000ത്തിലധികം സൈനികര്‍ ഖത്തറില്‍ സുരക്ഷയ്ക്ക് വേണ്ടി ക്യാമ്പ് ചെയ്യുന്നുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഞായറാഴ്ച തുര്‍ക്കി സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രിയെ തടഞ്ഞു
പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നേരത്തെ തുര്‍ക്കി സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുര്‍ക്കി ഇക്കാര്യത്തിന് അനുമതി നല്‍കിയിരുന്നില്ല. തൊട്ടുപിന്നാലെയാണ് ഖത്തര്‍ അമീറിന് സന്ദര്‍ശന അനുമതി നല്‍കിയിത്. ഇരുരാജ്യങ്ങളുടെയും ബന്ധം സൂചിപ്പിക്കുന്നതാണ് ഈ നടപടി. ഇസ്താംബൂളില്‍ വച്ചാണ് അമീറും ഉര്‍ദുഗാനും ചര്‍ച്ച നടത്തിയത്.

താല്‍ക്കാലിക വീട്
തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് ഖത്തര്‍. കോടികളുടെ സംഭാവന ഖത്തര്‍ അമീര്‍ തുര്‍ക്കിക്ക് നല്‍കിയിട്ടുണ്ട്. അതിന് പുറമെയാണ് കാരവനുകളും കാബിനുകളും നല്‍കുന്നത്. ദുരന്ത ഭൂമിയിലുള്ളവര്‍ക്ക് താല്‍ക്കാലിക വീട് ആയി ഇത് ഉപയോഗിക്കും. മാത്രമല്ല, 100 ടണ്‍ അവശ്യ വസ്തുക്കളും തുര്‍ക്കിയിലേക്ക് ഖത്തര്‍ അയച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ കോടികളുടെ നിക്ഷേപമാണ് ഖത്തറിനുള്ളത്.












Click it and Unblock the Notifications