ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്‌തബയും ഇരുട്ടിൽ
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള അധികാര വടംവലിക്കിടെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് റിപ്പോർട്ട്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ മിതവാദികളുമായി ചർച്ച നടക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ നേതൃത്വം ആരുടെ കൈയിലാണെന്ന ചോദ്യം ഉയരുന്നത്.
മിതവാദി നേതാവായ പെസെഷ്‌കിയാൻ നിലവിൽ പൂർണമായ രാഷ്ട്രീയ സ്‌തംഭനാവസ്ഥയിലാണെന്നാണ് വിവരം. യുഎസ് ആക്രമണങ്ങൾക്കെതിരെയുള്ള ഇറാന്റെ സൈനിക പ്രതികരണങ്ങൾക്ക് നേതൃത്വം നൽകുന്ന ഐആർജിസി ഇപ്പോൾ പ്രധാന ഭരണകാര്യങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ആയത്തുള്ള അലി ഖാംനഇയും മുൻനിര നേതാക്കളും കൊല്ലപ്പെട്ടതോടെ പരമോന്നത നേതാവിന്റെ അഭാവം വന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം. യുദ്ധാന്തരം ഖാംനഇയുടെ മകൻ മുജ്‌തബയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തെ പിന്നീട് കണ്ടിട്ടില്ലെന്ന് മാത്രമല്ല ശബ്‌ദം പോലും പുറംലോകം കേട്ടിട്ടില്ല. ഇതും സംശയത്തിന് ഇട നൽകിയ കാര്യമാണ്.
സാധാരണ സൈന്യത്തിൽ നിന്ന് സ്വതന്ത്രമായ ഐആർജിസി ഈ അവസരം മുതലെടുത്ത് അധികാരം പിടിച്ചെടുത്തുവെന്നാണ് വിവരം. നിലവിൽ മുതിർന്ന ഐആർജിസി ഉദ്യോഗസ്ഥരുൾപ്പെട്ട ഒരു "സൈനിക കൗൺസിൽ" ആണ് ദൈനംദിന തീരുമാനങ്ങളെടുക്കുന്നത്. മുജ്‌തബക്ക് ചുറ്റും കനത്ത സുരക്ഷാ വലയമുണ്ട്; സർക്കാർ റിപ്പോർട്ടുകൾ പോലും അദ്ദേഹത്തിന്നെത്തുന്നില്ലെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു.
പ്രസിഡന്റ് പെസെഷ്‌കിയാന്റെ ചർച്ചയ്ക്കുള്ള അഭ്യർത്ഥനകൾ പോലും ഐആർജിസി അവഗണിച്ചുവെന്നാണ് വിവരം. രാഷ്ട്രീയ നേതൃത്വവും മുജ്‌തബയും തമ്മിൽ സമീപകാലത്ത് ഒന്നും തന്നെ ഒരു സമ്പർക്കവും നടന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. പ്രസിഡൻഷ്യൽ നിയമനങ്ങളും ഐആർജിസി തടഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ആഴ്‌ച മുതൽ ഐആർജിസിയും പ്രസിഡന്റും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള മുറുമുറുപ്പുകൾ ഉയരുന്നുണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുന്ന ഐആർജിസിയുടെ സമീപനത്തിൽ പ്രസിഡന്റ് അസ്വസ്ഥനായിരുന്നു. ഇറാനിയൻ സമ്പദ്‌വ്യവസ്ഥയിൽ ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയെങ്കിലും അത് ഐആർജിസി ചെവിക്കൊണ്ടില്ല.
അതിനിടെ ഇറാനിലെ പ്രവർത്തനങ്ങൾ വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭരണകൂടം ഇറാനിയൻ അധികൃതരുമായി ചർച്ചകൾ തുടരുന്നതിനിടയിലാണ് രണ്ടോ മൂന്നോ ആഴ്‌ച്ചക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന സൂചന നൽകിയത്, എന്നാൽ ഇറാനിൽ ഐആർജിസി അധികാരം പിടിച്ചെടുത്താൽ അത് യുദ്ധത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക.












Click it and Unblock the Notifications