റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച തുടരാൻ ധാരണ, ചര്‍ച്ചയ്ക്ക് പിന്നാലെ കീവില്‍ സ്‌ഫോടന പരമ്പര
കീവ്: റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. ബെലാറസ് അതിര്‍ത്തിയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച അഞ്ച് മണിക്കൂറോളമാണ് നീണ്ടത്. സമാധാന ചര്‍ച്ച തുടരാന്‍ റഷ്യയും യുക്രൈനും തമ്മില്‍ ധാരണയിലെത്തി. ചര്‍ച്ചയ്ക്ക് എത്തിയ പ്രതിനിധികള്‍ ഇരുരാജ്യങ്ങളുടേയും പ്രസിഡണ്ടുമാരുമായും കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും രണ്ടാം റൗണ്ട് ചര്‍ച്ച അടക്കമുളള നീക്കങ്ങളിലേക്ക് കടക്കുക.
രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുക പോളണ്ട്- ബെലാറസ് അതിര്‍ത്തിയില്‍ ആയിരിക്കുമെന്ന് റഷ്യ അറിയിച്ചു. റഷ്യ തങ്ങളുടെ രാജ്യത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കണം എന്ന് യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന ചില മേഖലകള്‍ ചര്‍ച്ചയില്‍ കണ്ടെത്താന്‍ സാധിച്ചതായി യുക്രൈന്‍ പ്രതികരിച്ചു.

സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്പര ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. മൂന്ന് വലിയ സ്‌ഫോടനങ്ങള്‍ കീവിലുണ്ടായതാണ് വിവരം. ചര്‍ച്ച നടക്കുന്നതിനിടെ ചെര്‍ണിഹിവില്‍ അടക്കമുളള ജനവാസ കേന്ദ്രങ്ങളിലും റഷ്യന്‍ ആക്രമണം നടന്നു. കിഴക്കന്‍ നഗരമായ ഖാര്‍ഖിവിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവ് കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ജീവന്‍ വേണമെങ്കില്‍ യുക്രൈനില്‍ നിന്നും മടങ്ങിപ്പോകാനാണ് റഷ്യന്‍ സൈനികര്‍ക്ക് പ്രസിഡണ്ട് സെലെന്‍സ്‌കി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് യുക്രൈന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം യുക്രൈന്‍ അര്‍ഹിക്കുന്നുണ്ടെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു അംഗത്വം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന് യുക്രൈന്‍ കത്ത് നല്‍കി. അഞ്ച് ദിവസമായി യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 350 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്ത് വിട്ടു. അതിനിടെ റഷ്യയില്‍ നിന്നും മടങ്ങാന്‍ തങ്ങളുടെ പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ബെലാറസിലെ യുഎസ് എംബസ്സിയും അമേരിക്ക അടച്ചു. യുദ്ധത്തെ തുടര്‍ന്ന് നാല് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായി രാജ്യം വിടുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഭൂരിപക്ഷം പേരും പോളണ്ടിലേക്കാണ് ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. റഷ്യയ്ക്ക് എതിരെ യുഎൻ പൊതുസഭയിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. റഷ്യൻ സൈന്യം മടങ്ങണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications