സമാധാനം അകലെ; യുദ്ധത്തില്‍ കൊല്ലപ്പെട്ട 6000 സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ തീരുമാനിച്ച് റഷ്യയും യുക്രൈനും
മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ തീരുമാനിച്ച് റഷ്യയും യുക്രൈനും. മൂന്നു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട 6,000 ത്തിലേറെ സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് അയല്‍ രാജ്യമായ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും രേഖകള്‍ കൈമാറി.
റഷ്യന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. യുദ്ധത്തിനിടെ റഷ്യ നിര്‍ബന്ധിതമായി നാടുകടത്തിക്കൊണ്ടു പോയ കുട്ടികളുടെ പട്ടികയും യുക്രൈന്‍ റഷ്യയ്ക്ക് കൈമാറിയെന്ന് സെലന്‍സ്‌കിയുടെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് പറഞ്ഞു. ഇവരെ അടിയന്തരമായി തിരികെ നല്‍കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

അതേസമയം തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതില്‍ എന്തെങ്കിലും ഒരു വഴിത്തിരിവ് തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. ഒരിടവേളയ്ക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട 6,000 സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ സമ്മതിച്ചതാണ് ചര്‍ച്ചയിലുണ്ടായ ഏക തീരുമാനം. ഇരുപക്ഷവും ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയെങ്കിലും സമാധാനം അടുത്തെങ്ങും സാധ്യമാകുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ല.
ഞായറാഴ്ച യുക്രൈന്‍ നടത്തിയ അപ്രതീക്ഷിതമായ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ വ്യോമ താവളങ്ങളിലുണ്ടായിരുന്ന 41 യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു. യുക്രൈയ്‌നില്‍ നിന്ന് 7,000 കിലോമീറ്ററിലധികം അകലെയുള്ള ആര്‍ട്ടിക്, സൈബീരിയന്‍ വിദൂര മേഖലകളിെല വ്യോമ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. ഈ ആക്രമണം റഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ യുദ്ധ വിമാനങ്ങളാണ് നശിച്ചത്. ഇതോടെ റഷ്യയുടെ അടുത്ത നീക്കം എന്തെന്ന ആശങ്കയിലാണ് യുക്രൈന്‍ ജനത.
യുക്രൈനില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ റഷ്യ അടുത്തിടെ ആക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ നിരവധി ജീവഹാനികളും ഉണ്ടായി. ഇതിന് പ്രതികാരമായിട്ടായിരുന്നു യുക്രൈന്റെ ആക്രമണം. ഞായറാഴ്ച യുക്രൈനില്‍ നിന്നുള്ള 472 ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്‍കൈയെടുത്ത് നടത്തിയ മധ്യസ്ഥ ചര്‍ച്ചകളിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. അതിനിടെയാണ് സമാധാന ചര്‍ച്ചകള്‍ക്ക് ഭീഷണി ഉയര്‍ത്തി റഷ്യയും യുക്രൈനും ആക്രമണം തുടരുന്നത്. റഷ്യ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം അടക്കം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications