റഷ്യന്‍ അധിനിവേശം ശക്തമാകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
കീവ്: റഷ്യയുടെ മുഴുവന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ സഹായം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. റഷ്യ തങ്ങളുടെ പ്രദേശത്ത് 'മുഴുവന്‍ അധിനിവേശം' ആരംഭിച്ചതായി യുക്രെയിന്‍ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് തങ്ങളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, ഇന്ത്യന്‍ പൗരന്മാരെ പുറത്തെത്തിക്കുന്നതിനായി അടുത്ത 3 ദിവസങ്ങളില്‍ 26 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ചൊവ്വാഴ്ച പറഞ്ഞു. പോളണ്ടിലെയും സ്ലോവാക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും ഈ ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ് എന്നിവയ്ക്ക് പുറമെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാത്രയ്ക്ക് സജ്ജമാകാന്‍ സുമിയില്‍ കുടുങ്ങിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍മാര്‍ അറിയിച്ചു. അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
അതേസമയം, അധിനിവേശം തുടരുന്ന യുക്രെയിനില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യ അറിയിച്ചു. മാനുഷിക പരിഗണന നല്‍കുമെന്നും ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഉറപ്പാക്കുമെന്നും റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കി. യുഎന്നിലെ നിക്ഷപക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു. യുക്രയിനിലെ ഹര്‍കീവ്, സുമി എന്നീ നഗരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കുന്നതിനായി റഷ്യ, യുക്രെയിന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല ചര്‍ച്ച ചെയ്തിരുന്നു.
ഇതിനിടെ, യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ദല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനില്‍ നിന്നും ഡല്‍ഹിയിയില്‍ എത്തിച്ചേര്‍ന്ന 180 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സൗകര്യം ഏര്‍പ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും.
കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications