യുഎസ് ഡ്രോണിനെ ഇടിച്ച് തകർത്ത് റഷ്യൻ സുഖോയ് ജെറ്റ്; ദൃശ്യം പുറത്തുവിട്ട് അമേരിക്ക
ആളില്ലാ ഡ്രോണിനെ റഷ്യ പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നുവെന്ന് യുഎസ് ആരോപിച്ചു

കരിങ്കടലിന് മുകളിലൂടെ പറന്ന ആളില്ലാ യുഎസ് ഡ്രോൺ റഷ്യൻ യുദ്ധവിമാനവുമായി കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പെന്റഗൺ. യുഎസിന്റെ എംക്യു 9 റീപ്പർ ഡ്രോണിനെയാണ് റഷ്യയുടെ സുഖോയ് എസ്.യു - 27 ഫൈറ്റർ ജെറ്റ് ഇടിച്ചിട്ടത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ കരിങ്കടലിലേക്ക് പതിച്ചു. അതേസമയം ആളില്ലാ ഡ്രോണിനെ റഷ്യ പിന്തുടര്‍ന്ന് വീഴ്ത്തുകയായിരുന്നുവെന്ന് യുഎസ് ആരോപിച്ചു.
പുറത്ത് വിട്ട വീഡിയോയിൽ റഷ്യൻ ജെറ്റ് യുഎസിന്റെ ആളില്ലാ ഡ്രോണിന്റെ പിൻഭാഗത്തേക്ക് അടുക്കുന്നത് കാണാം.തുടർന്ന് ഡ്രോണിന് മുകളിലേക്ക് ഇന്ധം ഒഴിക്കുന്നുണ്ട്. സെക്കന്റുകൾക്കുള്ളിൽ വീണ്ടും സമാന നീക്കം നടത്തുന്നുണ്ട്.രണ്ടാമത്തെ നീക്കത്തിന് ശേഷം പ്രൊപ്പല്ലറുകളിലൊന്ന് കേടായതായും വീഡിയോയിൽ കാണാം.കൂട്ടിയിടിക്കുന്നതിന് മുമ്പ് നിരവധി തവണ റഷ്യയുടെ സുഖോയ് 27 ഫൈറ്റർ ജെറ്റ് ഡ്രോണിന് മുകളിലേക്ക് ഇന്ധനം ഒഴിച്ചതായി യുഎസ് ആരോപിച്ചു. റഷ്യൻ പൈലറ്റുമാരുടെ പ്രവൃത്തി തീർത്തും നിരുത്തരവാദിത്വപരമാണെന്നും യുഎസ് ആരോപിച്ചു.
അതേസമയം യുഎസിന്റെ ആരോപണം റഷ്യ തള്ളി.രണ്ട് വിമാനങ്ങളും തമ്മിൽ യാതൊരു കൂട്ടിയിടിയും ഉണ്ടായിട്ടില്ലെന്നും അനിയന്ത്രിതമായ പറക്കലിനിടെയാണ് ഡ്രോൺ തകർന്നതെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യൻ വിമാനങ്ങൾ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. പ്രത്യേക സൈനിക ഓപ്പറേഷനു വേണ്ടി സ്ഥാപിച്ച താൽക്കാലിക വ്യോമാതിർത്തിയുടെ അതിരുകൾ ഡ്രോൺ ലംഘിച്ചുവെന്ന് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവും പ്രതികരിച്ചു.
അതിനിടെ അന്താരാഷ്ട്ര നിയമനം അനുവദിക്കുന്ന എല്ലായിടത്തും യുഎസ് വിമാനങ്ങൾ പറത്തുമെന്നായിരുന്ന ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രതികരിച്ചത്. അതേസമയം ഡ്രോണിനെ തകർത്തത് യുക്രെയിൻ അധിനിവേശത്തിൽ അമേരിക്കയും നേരിട്ട് പങ്കാളിയായേക്കുമെന്നുള്ള ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications