കീവിൽ മാത്രം കൊല്ലപ്പെട്ടത് 228 പേർ ; പരിക്കേറ്റത് 912 പേർക്ക്
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത് മുതൽ കീവിൽ മാത്രം കൊല്ലപ്പെട്ടത് 228 പേരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും. 912 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കീവ് സിറ്റി അഡ്‌മിനിസ്‌ട്രേഷൻ വ്യക്തമാക്കി. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ യുക്രൈൻ യുദ്ധം 25-ാമത്തെ ദിവസത്തിലേക്ക് കടന്നു. മരിയോപോളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണെന്നാണ് പുതിയ വിവരം. നഗരത്തിൽ പലയിടത്തും റഷ്യ ബോംബാക്രമണം നടത്തുകയാണെന്നും അവിടത്തെ ആളുകളെ റഷ്യയിലേക്ക് കടത്തുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
നാസി കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് റഷ്യയുടെ പ്രവർത്തനങ്ങളെന്നും യുക്രൈൻ പൗരന്മാരെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ. മരിയോപോൾ നഗരത്തില്‍ റഷ്യൻ യുക്രൈൻ സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടത്തുന്നത്. നഗരത്തിൽ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. നഗരം റഷ്യ വളഞ്ഞിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചർച്ചകൾ വിജയിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരുപക്ഷവും വിട്ടുവീഴ്‌ചക്ക് തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് വിവരം. അതേസമയം 7000 റഷ്യൻ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു. പുടിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ചൈനയ്ക്കെതിരായ പരസ്യസമ്മർദം ശക്തമാക്കുകയാണ് അമേരിക്ക.

വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ ഇറക്കുമതിയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്. റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ റിപബ്ലിക്കൻ സെനറ്റർമാർ അവതരിപ്പിച്ചു കഴിഞ്ഞു.

ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം ഇന്നും തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ കീവിനെ വീഴ്‌ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച റഷ്യൻ അധിനിവേശത്തിനാണ് യുക്രൈൻ പ്രതിരോധം തീർത്തിരിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് യുക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും സഹായമായി നൽകിക്കൊണ്ട് അമേരിക്ക പിന്തുണക്കുണ്ട്. എന്നാൽ യുദ്ധത്തിൽ യുക്രൈനിനൊപ്പം അണിചേരാൻ അമേരിക്ക തയ്യാറായിട്ടില്ല.












Click it and Unblock the Notifications