സൗദിയും ഇറാഖും തിരിച്ചടി നേരിട്ടു: പക്ഷെ ഇന്ത്യ അങ്ങനെ ചെയ്തില്ലെങ്കില്‍ കാണാമായിരുന്നു, വില കുതിച്ചേനെ
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഒഴുക്ക് കാരണമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് തടഞ്ഞ് നിർത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി. "ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിനുപകരം, മിഡിൽ ഈസ്റ്റേൺ ഓയിൽ കൂടുതൽ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കില്‍ ആഗോള വിപണിയില്‍ എണ്ണവില 75 ഡോളറോ 76 ഡോളറോ ആയിരിക്കില്ല. അത് 150 ഡോളറായിരിക്കുമായിരുന്നു" ഇന്ത്യ എനർജി വീക്ക് കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി ഹർദീപ് സിംങ് പുരി പറഞ്ഞു.
റഷ്യയുമായുള്ള രാജ്യത്തിൻ്റെ തുടർച്ചയായ വ്യാപാരം ഉക്രെയ്‌ന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണെന്ന വിമർശനത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യൻ എണ്ണക്കമ്പനികൾ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാതെ ലോകത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ക്രൂഡ് വാങ്ങുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നതായിരുന്നു ഹർദീപ് സിംങ് പുരിയുടെ മറുപടി.

പുതിയ വ്യാപര നീക്കത്തിലൂടെ കഴിഞ്ഞ വർഷം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ റഷ്യൻ ബാരലുകൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. നേരെ മറുവശത്ത് പരമ്പരാഗത എണ്ണ വ്യാപാര സ്രോതസ്സായ മിഡിൽ ഈസ്റ്റേണ്‍ രാജ്യങ്ങളായ സൌദിയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള വരവിന്റെ അളവ് റെക്കോർഡ് നിരക്കില്‍ ഇടിയുകയും ചെയ്തു.
റഷ്യയുടെ എണ്ണ വാങ്ങിയതിന് ലോകം ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും പുരി അവകാശപ്പെട്ടു. ഒപെക് സഖ്യത്തിൽ നിന്നുള്ള ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്ന ആശങ്ക ശക്തമാക്കിയിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധം പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ കപ്പൽ പാതകളിലെ ആക്രമണങ്ങളും എണ്ണ വ്യാപാരത്തിൽ സമ്മർദ്ദം ചെലുത്തുന്നത്. ഈ സാഹചര്യത്തിലെല്ലാം വിലക്കയറ്റം പിടിച്ച് നിർത്താന്‍ സഹായിച്ചത് റഷ്യ-ഇന്ത്യ വ്യാപാര ബന്ധമാണ്.
യുഎസിൻ്റെ ക്രൂഡ് ഉൽപ്പാദനം കുതിച്ചുയരുന്നതും ചൈനയുടെ സാമ്പത്തിക മാന്ദ്യം മൂലം ഡിമാന്‍ഡ് കുറഞ്ഞതും വില ഉയരുന്നതിനെ പിടിച്ച് നിർത്തിയ ഘടകങ്ങളാണ്. അതേസമയം നിലവില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒഴുക്കില്‍ കുറവ് ഉണ്ടായിട്ടുണ്ട്. സൌദി ഉള്‍പ്പെടേയുള്ള രാജ്യങ്ങളുടെ വിഹിതം വീണ്ടും വർധിച്ചു. കയറ്റുമതിയിൽ 60 ഡോളറിൻ്റെ വില പരിധി പാലിക്കുന്നതിൽ റഷ്യ പരാജയമാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
"റഷ്യയില്‍ നിന്നുള്ള വിലയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍, ഞങ്ങൾ ഇറാഖ്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നു," എന്നായിരുന്നു പുരി നേരത്തെ പറഞ്ഞത്.












Click it and Unblock the Notifications