സൗദി രാജാവിന് ഇറാന്‍ പ്രസിഡന്റ് കൈ കൊടുക്കുമോ? നിര്‍ണായക നീക്കം, ചോദ്യങ്ങള്‍ ബാക്കി
യുനൈറ്റഡ് നാഷന്‍സ്: പശ്ചിമേഷ്യയിലെ അയല്‍രാജ്യങ്ങളാണെങ്കിലും രണ്ട് ധ്രുവങ്ങളിലാണ് സൗദി അറേബ്യയും ഇറാനും. ഇരുരാജ്യങ്ങളും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ പോരിന്റെ പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകളുണ്ടെങ്കിലും 2016ലാണ് ഇരുരാജ്യങ്ങളും ഏറ്റവും ഒടുവില്‍ നയതന്ത്ര ബന്ധം വിഛേദിച്ചത്. എന്നാല്‍ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അതാകട്ടെ ശുഭപ്രതീക്ഷയുടേതുമാണ്.
ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പങ്കെടുത്ത സൗദി രാജാവ് സല്‍മാന്‍ ഇറാനുമായുള്ള പുതിയ ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചു. ഇറാന്റെ പ്രതികരണവും സമാനമാണ്. ഈ വേളയില്‍ ഉയരുന്ന ചോദ്യം സൗദി രാജാവ് സല്‍മാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റൈസിക്ക് കൈക്കൊടുക്കുമോ എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പശ്ചിമേഷ്യയിലെ മിക്ക വിഷയങ്ങളിലും ഭിന്ന നിലപാടാണ് സൗദി അറേബ്യയ്ക്കും ഇറാനുമുള്ളത്. അയല്‍രാജ്യങ്ങളാണെങ്കിലും അതിര്‍ത്തി നീറിപ്പുകഞ്ഞു നില്‍ക്കുന്നു. ജലാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് സൗദിയും ഇറാനും ഇടയ്ക്കിടെ കൊമ്പുകോര്‍ക്കാറുമുണ്ട്. എന്നാല്‍ അടുത്തിടെ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്.

യമനിലെ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ പക്ഷത്താണ് സൗദി അറേബ്യ. ഇറാനാകട്ടെ വിമതരായ ഹൂത്തികള്‍ക്കൊപ്പവും. സൗദിയിലേക്ക് ഇടയ്ക്കിടെ ആക്രമണം നടത്തുന്ന ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണ കൊണ്ടു മാത്രമാണ് അത് സാധ്യമാകുന്നതെന്ന് സൗദി ആരോപിക്കുന്നു. എന്നാല്‍ സൗദിയിലേക്കുള്ള ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനൊപ്പമാണ് ഇറാന്‍. സൗദിയാകട്ടെ, ബാഷറിനെ എതിര്‍ക്കുന്ന വിമതര്‍ക്കൊപ്പമാണ്. വിമതര്‍ക്ക് ആയുധങ്ങളെത്തിക്കുന്നത് സൗദിയാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യമനിലെ ഹൂത്തികളും സിറിയയിലെ ബാഷര്‍ അല്‍ അസദും ഷിയാ വിഭാഗക്കാരാണ്. ഇവരുടെ എതിരാളികള്‍ സുന്നികളും. ഈ പോരിന്റെ തുടര്‍ക്കഥയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രധാന ഭിന്നത.

എന്നാല്‍ അടുത്തിടെ ചില മാറ്റങ്ങള്‍ പ്രകടമാണ്. പ്രത്യേകിച്ചും ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിന്‍വലിച്ച സാഹചര്യത്തില്‍. ഖത്തര്‍ സൗദിയുമായും ഇറാനുമായും അടുപ്പം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ്. സൗദിക്കും ഇറാനുമിടയില്‍ തര്‍ക്കം പരിഹരിക്കാന്‍ ഞങ്ങള്‍ ഇടപെടാമെന്ന് ഖത്തര്‍ സന്നദ്ധത അറിയിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇരാരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന് സൗദി രാജാവ് സല്‍മാന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ചര്‍ച്ചകള്‍ ഫലുപ്രദമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. അതേസമയം, സൗദിയുമായുള്ള ചര്‍ച്ചയുടെ വിഷയത്തില്‍ വലിയ പുരോഗതിയുണ്ട് എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

ഇറാനുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച സൗദി രാജാവ് പക്ഷേ, ചില കാര്യങ്ങളിലുള്ള ആശങ്കയും പങ്കുവച്ചു. ഇറാന്റെ ആണവ പദ്ധതി, അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ഇടപെടുന്നോ എന്ന സംശയം, യമനിലെ ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
Recommended Video

ഗള്‍ഫിലെ സുരക്ഷയാണ് ഇറാന്‍ പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ വിഷയത്തിലാണ് സൗദിയുമായുളള ചര്‍ച്ച എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും മേഖലയ്ക്ക് പുറത്തു നിന്നുള്ള രാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഇറാന്‍ വിദശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ് സാദി പറഞ്ഞു. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യം സാധ്യമാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെങ്കിലും ചര്‍ച്ചയുടെ വഴിയിലേക്ക് വരുന്നു എന്നത് നല്ല കാര്യമാണെന്ന് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications