സൗദിയും റഷ്യയും ഒരിഞ്ച് പിന്നോട്ടില്ല: തലവേദന ഇന്ത്യ ഉള്‍പ്പെടേയുള്ളവർക്ക്, ഇനിയെന്താവും?
ക്രൂഡ് ഓയില്‍ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി പ്രമുഖ എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യയും റഷ്യയും. ഡിമാൻഡും സാമ്പത്തിക വളർച്ചയും ക്രൂഡ് വിപണിയെ ബാധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്.
വില വർധനവ് നിയന്ത്രിക്കുന്നതിനായി ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉള്‍പ്പെടേയുള്ള ഉപഭോഗ രാഷ്ട്രങ്ങളുടെ നിലപാട്. ഇത് കാര്യമാക്കാതെയാണ് സൗദി അറേബ്യയും റഷ്യയും ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം അവസാനം തുടരാന്‍ തീരുമാനിച്ചത്.

പ്രതിദിനം 1 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്. ഇതിലൂടെ ഡിസംബറിൽ ഏകദേശം 9 ദശലക്ഷം ബിപിഡി ഉൽപാദനത്തിലേക്ക് രാജ്യം എത്തുമെന്നും ഊർജ മന്ത്രാലയ വൃത്തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
"എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക ഉല്‍പ്പാദനം സ്വമേധയാ വെട്ടിക്കുറയ്ക്കുന്നത്," സ്രോതസ്സുകള്‍ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സൗദി പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ഡിസംബർ അവസാനം വരെ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്ന കയറ്റുമതിയിൽ നിന്ന് 300,000 ബിപിഡി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യയും വ്യക്തമാക്കിയിരിക്കുന്നത്. വിപണി സ്ഥിരത നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന കാരണം നിരത്തി കഴിഞ്ഞ വർഷം മുതൽ ഇരുരാജ്യങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇസ്രായേല്‍-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം എണ്ണ വില 93 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷം മറ്റു മേഖലകളിലേക്ക് വ്യാപിക്കുകയില്ലെന്ന നിഗമനമാണ് വില പിടിച്ച് നിർത്തിയത്. ബ്രെന്റ് ക്രൂഡോയിൽ 84.89 ഡോളർ എന്ന നിരക്കിലാണ് വില്‍പ്പന.
അതേസമയം, വെനസ്വേലയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സംബന്ധിച്ച ചർച്ചകള്‍ കേന്ദ്ര സർക്കാർ സജീവമാക്കിയിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ വിലക്കിഴിവ് കുറയുമെന്ന ആശങ്കകള്‍ക്കിടെ വെനസ്വേല ഒരു പ്രധാന ഇറക്കുമതിക്കാരനായി വീണ്ടും മാറിയേക്കുമെന്ന ചർച്ചകള്‍ ഉയരുന്നതിനിടെ പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്ത് വരികയായിരുന്നു.
വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൌദിയുടേയും മേല്‍ സമ്മർദ്ദം ചെലുത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രവുമല്ല മറ്റ് രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വിലക്കിഴിവില്‍ വെനസ്വേല എണ്ണ ഇന്ത്യക്ക് നല്‍കുകയും ചെയ്തു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇന്ത്യയുടെ വിഹിതം ഒക്ടോബറിൽ വലിയ തോതില്‍ കുറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications