സൗദി അറേബ്യ പഴയ സൗദിയല്ല; ആ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്... അറിയാം സമ്പൂര്‍ണ വിവരങ്ങള്‍
റിയാദ്: വലിയ മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. എണ്ണയുടെ പണക്കൊഴുപ്പില്‍ അതിവേഗം മുന്നേറുന്ന ഈ ഗള്‍ഫ് രാജ്യം മറ്റനേക്കം വരുമാന മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. ടൂറിസം മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സൗദി അറേബ്യയില്‍ ഇ-വിസയും നടപ്പാക്കി തുടങ്ങി.
ഭാവിയെ സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായ ശേഷം സൗദിയില്‍ പരിഷ്‌കാരങ്ങള്‍ അതിവേഗമാണ് എന്ന് പറയാം. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൗദിയില്‍ കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച ചെയ്ത അറബ് റെയില്‍വെ പദ്ധതിയിലും ഇന്ത്യയെ പരിഗണിച്ചിട്ടുണ്ട്. സൗദിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചുരുക്കി പറയാം...

ടൂറിസം മേഖല പരിപോഷിപ്പിക്കാനാണ് സൗദി അറേബ്യ 2019ല്‍ ആദ്യമായി ഇ-വിസ തുടങ്ങിയത്. ഇതേ വിദ്യ മറ്റു വിസകളിലേക്കും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി. പേഴ്‌സണല്‍ വിസിറ്റ് വിസ തുടങ്ങിയതും എടുത്തു പറയേണ്ടതാണ്. സൗദി പൗരനായ സുഹൃത്തുണ്ടെങ്കില്‍ വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാം. ഇ-വിസയുടെ സേവനം ഇവിടെയും ഉപയോഗിക്കാം. 90 ദിവസം കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് സൗദിയല്‍ എവിടെയും പോകാം.
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി അറേബ്യ ഇ-വിസ അനുവദിക്കുന്നത്. ഇതില്‍ ഇന്ത്യയുമുണ്ട്. കൂടാതെ യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും ഈ വിസാ സൗകര്യം ഉപയോഗപ്പെടുത്താം. വിസിറ്ററുടെ ഡാറ്റ അടങ്ങുന്ന ക്യുആര്‍ കോഡ് ഇ-വിസയിലുണ്ടാകും. വിസാ സ്റ്റാമ്പിങ് ഒഴിവാക്കുകയാണിവിടെ. ഏഴ് രാജ്യങ്ങളിലെയും സൗദി എംബസികളില്‍ സൗകര്യമുണ്ട്.
വരുമാനം കണ്ടെത്താന്‍ പുതിയ മേഖലകളില്‍ കോടികളുടെ നിക്ഷേപമാണ് സൗദി അറേബ്യ നടത്തുന്നത്. 2030ഓടെ 3.15 ലക്ഷം പുതിയ ഹോട്ടല്‍ മുറികള്‍ സ്ഥാപിക്കാനാണ് തീരുമാനം. അത്യാഢംരബമായ ഹോട്ടല്‍ മുറികളാണ് വരുന്നത്. ഇതിന് 3780 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നു. നിയോം സിറ്റി വരുന്നത് ലോകജനതയെ സൗദിയിലേക്ക് ആകര്‍ഷിപ്പിക്കുമെന്ന് ഉറപ്പാണ്.

സൗദി അറേബ്യയെ കുറിച്ചുള്ള പൊതുവിവരങ്ങള്‍
3.4 കോടി ജനങ്ങള്‍ അധിവസിക്കുന്ന പശ്ചിമേഷ്യയിലെ പ്രധാന സമ്പന്ന രാജ്യമാണ് സൗദി അറേബ്യ. രാജഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇപ്പോഴത്തെ രാജാവ്. 2015ല്‍ സഹോദരന്‍ അബ്ദുല്ലയുടെ മരണത്തെ തുടര്‍ന്നാണ് ഇദ്ദേഹം രാജാവായത്. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആകും അടുത്ത രാജാവ്. സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍ 38കാരനായ ഇദ്ദേഹമാണ്.
റിയാദ് ആണ് സൗദി അറേബ്യയുടെ തലസ്ഥാനം. ഇവിടെ 70 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദ് തന്നെ.. സര്‍ക്കാരിന്റെ എല്ലാ പ്രധാന ഓഫീസുകളും റിയാദിലാണ്. മുസ്ലിം രാജ്യമാണ് സൗദി. മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങള്‍ സൗദിയിലാണ്. മക്കയിലും മദീനയിലും. മക്കയിലാണ് പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മം നടക്കുക.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൗദിയുടേതാണ്. എണ്ണയെ ആശ്രയിച്ചാണ് സൗദിയുടെ നിലനില്‍പ്പ്. സമീപകാലത്ത് മറ്റു വരുമാന മാര്‍ഗങ്ങളും സൗദി പരിശോധിക്കുന്നുണ്ട്. സൗദി റിയാല്‍ ആണ് കറന്‍സി. രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 21.89 ആണ് മൂല്യം. ലോകത്തെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോ സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.












Click it and Unblock the Notifications