സൗദി അറേബ്യ അമേരിക്കയില്‍ ഇറങ്ങിക്കളിക്കുന്നു; ന്യൂയോര്‍ക്കില്‍ വന്‍ പദ്ധതി, കോടികള്‍ ഇറക്കി
റിയാദ്: സൗദി അറേബ്യ വിദേശ രാജ്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നത് തുടരുന്നു. ഇന്ത്യയില്‍ ശതകോടികള്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന സൗദി അമേരിക്കയിലും വന്‍തോതില്‍ പണം ഇറക്കുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ കണ്ണായ ഭൂമിയുടെ ഓഹരി വാങ്ങുകയാണ് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്). സൗദി വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നത് പിഐഎഫ് വഴിയാണ്.
ലോകത്തെ പ്രധാന നഗരമാണ് ന്യൂയോര്‍ക്ക്. ഇവിടെ ചതുരശ്ര അടി സ്ഥലം വാങ്ങുന്നതിന് വലിയ തുക ചെലവ് വരും. ഈ വേളയിലാണ് സൗദി അറേബ്യ മാന്‍ഹട്ടനിലെ കണ്ണായ സ്ഥലം വാങ്ങുന്നത്. ശേഷം ഇവിടെ കൂറ്റന്‍ ടവര്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ റിലേറ്റഡുമായിട്ടാണ് സൗദിയുടെ പുതിയ ഇടപാട്.

20 കോടി ഡോളര്‍ സൗദി അറേബ്യ നേരത്തെ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലേറ്റഡിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ സ്ഥലത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി സ്വന്തമാക്കാനാണ് പദ്ധതി. 1200 അടി ഉയരത്തില്‍ ടവര്‍ നിര്‍മിക്കാന്‍ റിലേറ്റഡ് പദ്ധതിയിട്ട സ്ഥലമാണിത്. മാന്‍ഹട്ടനിലെ കിഴക്ക് ഭാഗത്തുള്ള ഈ പ്ലോട്ട് 2024ലാണ് റിലേറ്റഡ് സ്വന്തമാക്കിയത്.
മാന്‍ഹട്ടനില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന കമ്പനിയാണ് റിലേറ്റഡ്. ഇവരുമായി സൗദി അറേബ്യ പുതിയ ഇടപാട് നടത്തുന്നു എന്നത് ബിസിനസ് രംഗത്ത് സുപ്രധാന വാര്‍ത്തയാണ്. കൂറ്റന്‍ കെട്ടിടങ്ങളും ഹോട്ടലുകളും മറ്റും നിര്‍മിച്ചിട്ടുള്ള റിലേറ്റഡ് പക്ഷേ, സൗദി അറേബ്യയുമായുള്ള പുതിയ ഇടപാടിനെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2020 മുതല്‍ റിലേറ്റഡുമായി സഹകരിച്ച് സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി പിഐഎഫിന്റെ അമേരിക്കയിലെ നിക്ഷേപം സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിലും പിഐഎഫിന് നിക്ഷേപമുണ്ട്. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നത്
കാര്യമായും സൗദി പിഐഎഫ് ഇന്ത്യയില്‍ നടത്തിയിട്ടുള്ള നിക്ഷേപം റിലയന്‍സിലാണ്. ജിയോ പ്ലാറ്റ്ഫോംസില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ജിയോ പ്ലാറ്റ്ഫോംസിന്റെ 2.32% ഓഹരിക്ക് തുല്യമാണ്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ 1.3 ബില്യണ്‍ ഡോളര്‍ ആണ് നിക്ഷേപിച്ചത്. ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപം നടത്താനും സൗദി അറേബ്യയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി നേരത്തെ അറിയിച്ചിരുന്നു. ഇത് വേഗത്തിലാക്കാന്‍ 2024-ല്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടി പിഐഎഫിന് നികുതി ഇളവുകള്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications