ഇന്ത്യയില്‍ സൗദി അറേബ്യയുടെ വന്‍ തിരിച്ച് വരവ്: അമേരിക്കയും പുത്തന്‍ താരോദയം, ഇറാഖിന് തിരിച്ചടി
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമാണ് ഇന്ത്യ. നമുക്ക് ആവശ്യമായ എണ്ണയുടെ 80 ശതമാനവും നമ്മള്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. പരമ്പരാഗതമായി സൗദി അറേബ്യയും ഇറാഖുമൊക്കെ അടങ്ങുന്ന അറബ് രാഷ്ട്രങ്ങളാണ് ഇന്ത്യയുടെ എണ്ണ വ്യാപാര പങ്കാളികള്‍. എന്നാല്‍ ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ വലിയ ഇളവുകള്‍ നല്‍കിയതോടെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി.
ഇന്ത്യയിലെ റിഫൈനർമാർ ഒരുമിച്ച് ജൂണിൽ പ്രതിദിനം 1.98 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ (ബിപിഡി) റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ മെയ് മാസത്തേക്കാൾ 3.7% കുറവാണ് ജൂണിലെ ഇറക്കുമതിയെന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. അതേസമയം തന്നെ ജൂൺ 30 ന് അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തിൽ, ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി 1.2% വർദ്ധിച്ചതായും കണക്കുകൾ പറയുന്നു.

പരമ്പരാഗത വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളില്‍ പലതില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഇപ്പോള്‍ കുറച്ചിട്ടുണ്ട്. ഈ വർഷം ആദ്യത്തോടെ വില ഉയർത്തിയതാണ് ഇന്ത്യയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പ്രധാനമായും ഇറാഖിൽ നിന്നുള്ള ഇറക്കുമതി ജൂണിൽ 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ റിഫൈനറുകൾ ജൂണിൽ 762400 ബിപിഡി എണ്ണയാണ് ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇത് മെയ് മാസത്തിൽ നിന്ന് 24 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനവും കുറവാണ്."അവർക്ക് (ഇറാഖിന്) അനുവദിക്കാൻ അധിക ബാരലുകൾ ഇല്ലാത്തതിനാലാണ് ഇടിവുണ്ടായത്" ഒരു വ്യാപാരിയെ ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം, ഇറാഖിൻ്റെ എണ്ണ മന്ത്രാലയം OPEC ൻ്റെ സഹകരണ പ്രഖ്യാപന (DoC) കരാർ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2024 ൻ്റെ തുടക്കം മുതൽ ഏതെങ്കിലും എണ്ണ അമിത ഉൽപാദനത്തിന് നഷ്ടപരിഹാരം നൽകുമെന്നതായിരുന്നു ഈ കരാർ. അതേമയം സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യയുടെ പ്രതിമാസ എണ്ണ ഇറക്കുമതി മെയ് മാസത്തിൽ 10 മാസത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിന് ശേഷം 9.7% ഉയർന്നതായും ഡാറ്റ കാണിക്കുന്നു.
ഇടിവ് നേരിട്ടെങ്കിലും ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി ഇറാഖ് തുടരുകയാണ്,. മൂന്നും നാലും സ്ഥാനങ്ങളില്‍ സൗദി അറേബ്യയും യു എ ഇയുമാണ്. ഇന്ത്യയിലേക്കുള്ള നാലാമത്തെ വലിയ വിതരണക്കാരായി യു എസ് മാറി എന്നതാണ് ശ്രദ്ധേയം.
അതേസമയം, വെനസ്വേലയില്‍ നിന്നും ഒരു ഇടവളേക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കാനുള്ള നീക്കം ശക്തമാകുകയാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനർമാരായ റിലയന്‍സ് ഗ്രൂപ്പാണ് വെനസ്വേലയില്‍ നിന്നും ഓയില്‍ ഇറക്കുമതിക്ക് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച അനുമതി റിലയന്‍സിന് അമേരിക്കയില്‍ നിന്നും ലഭിച്ചുവെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം ഉപരോധം നീക്കിയതിന് ശേഷം വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 90 ശതമാനവും റിലയൻസിൻ്റെ സംഭാവനയാണെന്നാണ് ഡാറ്റാ ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലറില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കുറവ് തന്നെയാണ് വെനസ്വേലന്‍ ക്രൂഡ് ഓയിലിനെ ജനപ്രിയമാക്കുന്നത്.












Click it and Unblock the Notifications