ദേശവിരുദ്ധ പ്രവര്‍ത്തനം: അറസ്റ്റിലായവരില്‍ വനിതകളടക്കം എട്ടുപേരെ വിട്ടയച്ചതായി സൗദി
റിയാദ്: ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായവരില്‍ എട്ടുപേരെ വിട്ടയച്ചതായും ഒന്‍പത് പേര്‍ അന്വേഷണ വിഭാഗത്തിന്റെ കീഴില്‍ തുടരുകയാണെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. നേരത്തെ പിടികൂടിയവരില്‍ നിന്നും അന്വേഷണം നടത്തി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ചിലരെയാണ് വിട്ടയച്ചത്. ഇവരില്‍ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കണ്ടെത്തിയ ഒന്‍പത് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് നേരത്തെ പതിനേഴു പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നത്. നിലവില്‍ തടവിലുള്ള ഒന്‍പതു പേരില്‍ അഞ്ചു പേര്‍ പുരുഷന്മാരും നാല് പേര്‍ സ്ത്രീകളുമാണ്. വിട്ടയച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്‍മാരുമാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൗദി അറേബ്യയുടെ സുരക്ഷിതത്വവും സുസ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിത പ്രവര്‍ത്തനം നടത്തിയതിന് തെളിവ് ലഭിച്ചവരാണ് കസ്റ്റഡിയില്‍ തുടരുന്നത്. രാജ്യത്തിനെതിരേ ശത്രുതാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോടും സംഘടനകളോടും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക, രാജ്യത്തിന്റെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനു ഗവണ്മെന്റ് തലങ്ങളിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരെ റിക്രൂട്ട് ചെയ്യുക, രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ നല്‍കുക എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ തടവില്‍ കഴിയുന്നവര്‍ക്കെതിരേ ചുമത്തിയിരിയിക്കുന്നത്.
അതിനിടെ മെയ് പകുതി മുതല്‍ 11 മനുഷ്യാവകാശപ്രവര്‍ത്തകരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്ത വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായവരിലേറെയും.












Click it and Unblock the Notifications