തോല്‍വി സമ്മതിച്ച് സൗദി അറേബ്യ; അല്‍ജസീറ പൂട്ടേണ്ട, പൊട്ടിച്ചിരിച്ച് ഖത്തര്‍, ചര്‍ച്ചാ വാഗ്ദാനം
അല്‍ ജസീറ പൂട്ടണമെന്നായിരുന്നു കഴിഞ്ഞ തവണ മുന്നോട്ട് വച്ച 13 ഇന നിര്‍ദേശങ്ങളില്‍ പ്രധാനം. അത് സൗദി സഖ്യം വേണ്ടെന്ന് വച്ചു.
റിയാദ്: ഗള്‍ഫ് പ്രതിസന്ധിയില്‍ പരാജയം സമ്മതിച്ച് സൗദി അറേബ്യയും കൂട്ടരും. ഖത്തറിനോട് ആവശ്യപ്പെട്ടിരുന്ന 13 ഇന നിര്‍ദേശങ്ങള്‍ സൗദി വെട്ടിച്ചുരുക്കി. ഇപ്പോള്‍ ആറ് തത്വങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, അല്‍ ജസീറ ചാനല്‍ പൂട്ടേണ്ടതില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ഫലത്തില്‍ ഖത്തര്‍ വിജയം കൈവരിച്ചിരിക്കുകയാണിവിടെ. കാരണം അവര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. എങ്കിലും സൗദി അറേബ്യയും സഖ്യരാജ്യങ്ങളും തുടര്‍ച്ചയായി വിട്ടുവീഴ്ചയിലേക്ക് മാറുന്ന കാഴ്ചയാണിപ്പോള്‍. ഇനി ഖത്തര്‍ എന്തു നിലപാടെടുക്കുമെന്നതാണ് നിര്‍ണായകം.

13 നിര്‍ദേശങ്ങള്‍ ഒഴിവാക്കി
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ ആറ് തത്വങ്ങള്‍ പാലിക്കണമെന്നാണ് സൗദി അറേബ്യ ഇപ്പോള്‍ പറയുന്നത്. നേരത്തെ മുന്നോട്ട് വച്ച 13 നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പറഞ്ഞിട്ടേ ഇല്ല.

പ്രത്യേക പദ്ധതി വേണം
ഇപ്പോള്‍ മുന്നോട്ട് വച്ച ആറ് തത്വങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യേക പദ്ധതി വേണമെന്നും അതിന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി പറഞ്ഞു.

വിദേശകാര്യ മന്ത്രിമാരുടെ യോഗം
സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ആറ് തത്വങ്ങള്‍ ഖത്തറിന് മുമ്പില്‍ വച്ചിട്ടുള്ളത്. ജൂലൈ അഞ്ചിന് കെയ്‌റോയില്‍ ചേര്‍ന്ന നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് തത്വങ്ങള്‍ തയ്യാറാക്കിയതെന്നും അംബാസഡര്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടം
തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ രീതിയിലും നടത്തണം. ഖത്തറില്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കരുത്. മാത്രമല്ല, തീവ്രവാദ സംഘങ്ങള്‍ക്ക് പണം എത്തുന്നത് തടയാന്‍ ഖത്തര്‍ നടപടി സ്വീകരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

ശത്രുത ഒഴിവാക്കണം
പരസ്പരം ശത്രുതയുള്ള പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. പ്രകോപന നടപടികള്‍ ഖത്തര്‍ അവസാനിപ്പിക്കണം. പരസ്പരമുള്ള അക്രമങ്ങള്‍ തടയാന്‍ മുന്‍കൈയെടുക്കണം.

2013ലെ റിയാദ് കരാര്‍
2013ലെ റിയാദ് കരാരും അനുബന്ധ കരാറും നടപ്പാക്കാന്‍ ഖത്തര്‍ ശ്രമിക്കണം. ജിസിസിയുടെ ചട്ടകൂടില്‍ നിന്നു ഇതിന് വേണ്ടി നീക്കം നടത്തണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

അമേരിക്കന്‍-അറബ് നിര്‍ദേശം
കഴിഞ്ഞ മെയില്‍ റിയാദില്‍ നടന്ന അമേരിക്കന്‍-അറബ് ഉച്ചകോടിയില്‍ മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും ഖത്തര്‍ നടപ്പാക്കണം. അമേരിക്കന്‍ പ്രസിഡന്റും 50 ലധികം അറബ് നേതാക്കളും സംബന്ധിച്ച ആ ഉച്ചകോടിയിലെ എല്ലാ തീരുമാനങ്ങളും ഖത്തര്‍ മുഖവിലക്കെടുക്കണം.

മറ്റു രാജ്യങ്ങളില്‍ ഇടപെടരുത്
മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നു വിട്ടുനില്‍ക്കണം. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടരുത്. ഇതര രാജ്യങ്ങളിലെ നിയമവിരുദ്ധ സംരഭങ്ങളെ പിന്തുണക്കരുത്.

അല്‍ ജസീറയുടെ കാര്യം
അല്‍ ജസീറ പൂട്ടണമെന്നായിരുന്നു കഴിഞ്ഞ തവണ മുന്നോട്ട് വച്ച 13 ഇന നിര്‍ദേശങ്ങളില്‍ പ്രധാനം. അത് സൗദി സഖ്യം വേണ്ടെന്ന് വച്ചു. അല്‍ ജസീറ പൂട്ടില്ലെന്ന് ഖത്തര്‍ നിലപാടെടുത്തിരുന്നു.

നിലപാട് മാറ്റാന്‍ കാരണം
സൗദി സഖ്യം നിലപാടുകള്‍ മയപ്പെടുത്തി ഖത്തറിനെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൗദി സഖ്യം നിലപാടില്‍ മയം വരുത്തിയത്. എന്നാല്‍ ഖത്തര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് പ്രധാനമാണ്.

തിരിച്ചടിയായില്ല
സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം ഖത്തറിന് യാതൊരു തിരിച്ചടിയും നല്‍കിയില്ലെന്നാണ് ബോധ്യമാകുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തിട്ടുണ്ട്. അത് ഇങ്ങനെ വിലയിരുത്താം.

ജിസിസിയില്‍ വിള്ളല്‍ വന്നു
ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ വിള്ളല്‍ വന്നുവെന്നതാണ് ആദ്യതിരിച്ചടി. ഖത്തര്‍ നേരത്തെ വ്യത്യസ്തമായ നിലപാടുകളാണ് എടുത്തിരുന്നതെങ്കിലും പല കാര്യങ്ങളിലും ഐക്യത്തിലായിരുന്നു ഈ രാജ്യങ്ങള്‍. പക്ഷേ ഇന്ന് ഖത്തര്‍ സ്വന്തം വഴിക്ക് നീങ്ങുന്നതാണ് ചിത്രം.

ഉപരോധം എല്ലാവരും പിന്തുണച്ചില്ല
സൗദി സഖ്യത്തിന് എല്ലാ ജിസിസി രാജ്യങ്ങളെയും തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ മധ്യസ്ഥന്റെ റോളിലായിരുന്നു കുവൈത്ത്. ഇപ്പോഴും അങ്ങനെ തന്നെ. ഖത്തറിനെ ഇതുവരെ കുവൈത്ത് തള്ളിപ്പറഞ്ഞിട്ടില്ല.

ഒമാന്‍ ഖത്തറിനൊപ്പം
മറ്റൊരു ജിസിസി രാജ്യമായ ഒമാന്‍ ആകട്ടെ ഖത്തറിനെ തള്ളിയിട്ടില്ല എന്നു മാത്രമല്ല, ഖത്തറിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും വ്യാപാരം ശക്തിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഒമാന്റെ ജലമാര്‍ഗങ്ങള്‍
സൗദിയും യുഎഇയും പിടിച്ചുവച്ചിരുന്ന ഖത്തര്‍ വിപണിയിലേക്ക് ഒമാന്‍ ആവേശത്തോടെ കടന്നുവന്നിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഒമാന്റെ ജലമാര്‍ഗ സൗകര്യങ്ങള്‍ ഖത്തറും പരമാവധി ഉപയോഗപ്പെടുത്തുന്നു. സഹകണം കൂടുതല്‍ ശക്തമാക്കുമെന്ന ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തുര്‍ക്കിയുടെ വരവും തിരിച്ചടി
സൗദിക്ക് മറ്റൊരു തിരിച്ചടി തുര്‍ക്കിയുടെ വരവാണ്. കാരണം തുര്‍ക്കി മുസ്ലിം ലോകത്തെ പ്രധാന രാജ്യമാണെങ്കിലും ഗള്‍ഫില്‍ നേരിട്ട് ഇടപെടാന്‍ അവര്‍ക്ക് അവസരങ്ങള്‍ കുറവായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഖത്തറിന് ഭക്ഷണം എത്തിക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ തുര്‍ക്കിയുമുണ്ടായിരുന്നു.

തുര്‍ക്കിയുടെ സൈന്യവും
ഇപ്പോള്‍ തുര്‍ക്കിയുടെ സൈന്യവും ഗള്‍ഫിലേക്കെത്തിയിരിക്കുന്നു. തുര്‍ക്കിക്ക് സൈനിക താവളം ഖത്തറിലുണ്ട്. നേരത്തെ സ്ഥാപിച്ചതാണെങ്കിലും പ്രതിസന്ധി രൂക്ഷമായപ്പോഴാണ് താവളം സജീവമായത്.

ഖത്തറും ഇറാനും ബന്ധം വര്‍ധിച്ചു
സൗദിയുടെ പ്രധാന ശത്രുവാണ് ഇറാന്‍. ഖത്തറും ഇറാനും ഇപ്പോള്‍ നല്ല ബന്ധമാണ്. നേരത്തെ സൗദിയുടെ സമ്മര്‍ദ്ദം മൂലം ഖത്തര്‍ പല വ്യാപാരങ്ങളും രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാം പരസ്യമായി.

സൗദിയുടെ മേധാവിത്വം നഷ്ടമായി
ഖത്തറിലേക്ക് ആദ്യം ഭക്ഷണം എത്തിച്ചത് ഇറാനായിരുന്നു. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുകയും ചെയ്തു. സൗദിയുടെ മേഖലയിലെ മേധാവിത്വത്തിനാണ് ഇതോടെ മങ്ങലേറ്റത്.

നിര്‍ദേശങ്ങള്‍ ഒന്നുപോലും അംഗീകരിച്ചില്ല
സൗദി സഖ്യം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒന്നുപോലും ഖത്തര്‍ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, അവരുടെ 13 നിര്‍ദേശങ്ങള്‍ തള്ളുകയും ചെയ്തു. ഖത്തറിനെതിരേ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് സൗദിയും യുഎഇയും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഖത്തര്‍ അവഗണിക്കുകയായിരുന്നു.

തുടക്കമിട്ടത് യുഎഇ
പ്രശ്‌നത്തിന് തുടക്കമിട്ടത് യുഎഇ ആണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്് ചെയ്ത് സൗദി സഖ്യത്തിന്റെ നിലപാടിന് വിരുദ്ധമായ പ്രസ്താവന ഇറക്കിയത് യുഎഇ ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

യുഎഇ-ജൂത ബന്ധം പുറത്തായി
ഖത്തറിന്റെ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്യുന്നതിന് യുഎഇ നീക്കം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബ നിഷേധിച്ചിരുന്നു. ഇദ്ദേഹം ജൂതസംഘവുമായി ചേര്‍ന്ന് ഖത്തറിനും കുവൈത്തിനുമെതിരേ നടത്തിയ നീക്കങ്ങളും പുറത്തായിരുന്നു.












Click it and Unblock the Notifications