90കാരനായ സൗദിക്കാരന്റെ 31 ാമത് ഭാര്യ ഹൈദരാബാദില്‍ നിന്ന്; അസുഖം ബാധിച്ചപ്പോള്‍ മടക്കി അയച്ചു
20 വര്‍ഷത്തോളം സൗദിക്കാരന്‍ അല്‍ സുഗൈഹി അലി അബ്ദുല്ലയുടെ ഭാര്യയായി ജീവിച്ച് അസുഖം ബാധിതയായപ്പോള്‍ നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ് ഇവരെ.
ഹൈദരാബാദ്: മറുനാട്ടിലേക്ക് വിവാഹം ചെയ്തു അയച്ചതിനെ തുടര്‍ന്ന് സങ്കടത്തിലായ ഹൈദരാബാദ് സ്വദേശിനിയാണ് 38 കാരി ശബാന സുല്‍ത്താന. 20 വര്‍ഷത്തോളം സൗദിക്കാരന്‍ അല്‍ സുഗൈഹി അലി അബ്ദുല്ലയുടെ ഭാര്യയായി ജീവിച്ച് അസുഖം ബാധിതയായപ്പോള്‍ നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ് ഇവരെ. 90 കാരനായ ഭര്‍ത്താവ് തന്റെ മകളെ തിരിച്ചയക്കാന്‍ തയ്യാറായിട്ടില്ലെന്ന് സുല്‍ത്താന പറയുന്നു.
രണ്ട് ആണ്‍മക്കളെ സുല്‍ത്താനക്കൊപ്പം ഹൈദരാബാദിലേക്ക് കയറ്റിവിടുകയായിരുന്നു ഭര്‍ത്താവ്. മകളെ തടഞ്ഞുവച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ പോലും അനുവദിക്കുന്നില്ല. വിഷയത്തില്‍ പരിഹാരം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് സുല്‍ത്താന.

തലബ്കത്ത സ്വദേശികളാണ് സുല്‍ത്താനയുടെ കുടുംബം. അവരുടെ മൂത്ത സഹോദരിയെ വിവാഹം ചെയ്തത് സൗദിക്കാരനാണ്. ഭര്‍ത്താവ് മരിച്ചെങ്കിലും അവരിപ്പോള്‍ റിയാദിലാണ്. ഭര്‍ത്താവിന്റെ സഹോദരന്‍ അവരെ വിവാഹഭ്യര്‍ഥനയുമായി സമീപിച്ചപ്പോള്‍ സഹോദരി തന്നെയാണ് സുല്‍ത്താനയുടെ പേര് നിര്‍ദേശിച്ചത്.

പ്രായം ചെന്നയാളെ കല്യാണം കഴിക്കാന്‍ സുല്‍ത്താനക്ക് താല്‍പര്യമില്ലായിരുന്നു. പിന്നീട് സഹോദരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി. അബ്ദുല്ല മരിച്ചാല്‍ അയാളുടെ സ്വത്തിന് അവകാശി നീ ആവുമെന്നായിരുന്നു സഹോദരിയുടെ പ്രലോഭനം.

1996 മാര്‍ച്ചില്‍ അബ്ദുല്ല സുല്‍ത്താനയെ വിവാഹം കഴിച്ചു. സൗദിയില്‍ നിന്നുള്ള പ്രത്യേക രേഖകളൊന്നും അയാള്‍ കാണിച്ചിരുന്നില്ല. 20 ദിവസം കൂടെ കഴിഞ്ഞ ശേഷം ഭര്‍ത്താവ് സൗദിയിലേക്ക് പോയി.

മൂന്ന് തവണ പിന്നീട് വന്നു. കുറച്ച് ദിവസം കൂടെ താമസിക്കും. അതിനിടെ മൂന്ന് കുഞ്ഞുങ്ങളുണ്ടായി.

2015ല്‍ അബ്ദുല്ല വിളിച്ച് വിസ ശരിയാക്കിയിട്ടുണ്ടെന്നും സൗദിയിലേക്ക് വരണമെന്നും പറഞ്ഞു. 2015 മെയ് മാസത്തിലാണ് സൗദിയിലെത്തിയത്. ഇവരെ തനിച്ച് താമസിപ്പിച്ച അബ്ദുല്ല ഭക്ഷണവും വെള്ളവും തരാതെ ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് സുല്‍ത്താന പറയുന്നു.

മൂന്ന് ദിവസത്തിലൊരിക്കല്‍ വരും. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും. സമ്മതിച്ചില്ലെങ്കില്‍ മര്‍ദ്ദിച്ച് അവശയാക്കുമെന്നും സുല്‍ത്താന പറഞ്ഞു. മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദ്ദനം.

അതിനിടെ 25നും 60നുമിടയില്‍ പ്രായമുള്ള പലരും അവളുടെ വീട്ടില്‍ വരും. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവരെല്ലാം അബ്ദുല്ലയുടെ മക്കളാണത്രെ. ഇയാളുടെ 31 ാമത് ഭാര്യയായിരുന്നു സുല്‍ത്താന. മക്കളുടെ വിസാ കാലവധി 2016 സപ്തംബറില്‍ കഴിഞ്ഞു. ഇനി അവര്‍ക്കും പിതാവിനെ തേടി പോവാന്‍ സാധിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുമെന്നാണ് സുല്‍ത്താന കരുതുന്നത്.












Click it and Unblock the Notifications