കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ ഞെരിച്ച് കൊല്ലാന്‍ സൗദിയും യുഎഇയും; ശക്തമായ നടപടി വീണ്ടും, ഖത്തര്‍ ജിസിസി വിട്ടേക്കും!!

ഖത്തര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കി. ഖത്തര്‍ എയര്‍ലൈന്‍സിന് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല.

  • By Ashif
Google Oneindia Malayalam News

ദോഹ: തുര്‍ക്കിയുടെയും കുവൈത്തിന്റെയും നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കവെ ഖത്തറിനെതിരേ ശക്തമായ നടപടിയുമായി സൗദിയും യുഎഇയും. സമാധാന ശ്രമങ്ങള്‍ക്ക് അസ്ഥാനത്താക്കി കൊണ്ടാണ് ഇരുരാജ്യങ്ങളുടെയും നീക്കം. ഇനിയും പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍ ഖത്തറിന്റെ ഭാഗത്തുനിവന്ന് പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്ത് അമീര്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി സൗദിയിലെത്തി ചര്‍ച്ചകള്‍ ചൊവ്വാഴ്ച വൈകീട്ട് നടത്തിയിരുന്നു. അതേസമയം തന്നെയാണ് സൗദിയും യുഎഇയും ഖത്തറിനെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതും. ദുബായ് പോര്‍ട്ട് വേള്‍ഡ് എല്ലാ ഖത്തര്‍ കപ്പലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി പ്രഖ്യാപനം നടത്തി.

ലൈസന്‍സ് സൗദി റദ്ദാക്കി

ലൈസന്‍സ് സൗദി റദ്ദാക്കി

ഖത്തര്‍ എയര്‍വേയ്‌സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഖത്തര്‍ അമീര്‍ തമീം ഹമദ് ബിന്‍ അല്‍ഥാനി പ്രസ്താവന നടത്താന്‍ ഇരുന്നതാണ്. എന്നാല്‍ കുവൈത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം പിന്‍മാറിയത്.

ഖത്തര്‍ വിശ്വാസം വീണ്ടെടുക്കണം

ഖത്തര്‍ വിശ്വാസം വീണ്ടെടുക്കണം

ഖത്തര്‍ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഖത്തര്‍ തീവ്രവാദി സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. വാക്കില്‍ മാത്രം പോര, പ്രവര്‍ത്തനത്തിലൂടെ അത് കാണിക്കണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാലഷ് പറഞ്ഞു.

ദുബായ് പോര്‍ട്ട് വേള്‍ഡ്

ദുബായ് പോര്‍ട്ട് വേള്‍ഡ്

ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഒരു തുറമുഖങ്ങളിലും ഖത്തര്‍ കപ്പലുകള്‍ ഉണ്ടാവരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഖത്തറില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ടെര്‍മിനലുകളില്‍ പ്രവേശനമുണ്ടാകില്ലെന്നും ദുബായ് പോര്‍ട്ട് വേള്‍ഡ് അറിയിച്ചു.

ഫുജൈറ തുറമുഖവും

ഫുജൈറ തുറമുഖവും

നേരത്തെ ഫുജൈറ തുറമുഖവും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ശക്തമായ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഖത്തര്‍ കപ്പലുകള്‍ പൂര്‍ണമായും യുഎഇ വിടണം. മാത്രമല്ല, ഖത്തര്‍ കപ്പലുകളില്‍ നിന്നു ആ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടാന്‍ നേരത്തെ യുഎഇ ആവശ്യപ്പെട്ടിരുന്നു.

സൗദിയിലേക്ക് പ്രവേശനമില്ല

സൗദിയിലേക്ക് പ്രവേശനമില്ല

അതിനിടെ ഖത്തര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് സൗദി അറേബ്യ റദ്ദാക്കി. ഖത്തര്‍ എയര്‍ലൈന്‍സിന് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. നേരത്തെ ഖത്തറുമായുള്ള വ്യോമ ഗതാഗതം സൗദി റദ്ദാക്കിയിരുന്നു. നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

 48 മണിക്കൂര്‍ സമയം

48 മണിക്കൂര്‍ സമയം

ഖത്തര്‍ എയര്‍വേയ്‌സിന്റെ സൗദിയിലെ എല്ലാ ഓഫീസുകളും 48 മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് സൗദി വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദിയുടെ വ്യോമ പാതയില്‍ കൂടി ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന് സഞ്ചരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ അവര്‍ പുതിയ മാര്‍ഗത്തിലാണ് യാത്ര ചെയ്യുന്നത്.

തടസമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

തടസമില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

തങ്ങളുടെ യാത്രകള്‍ക്ക് നിലവില്‍ തടസമില്ലെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിക്കുന്നത്. സൗദിയില്‍ നിരവധി ഖത്തര്‍ സ്വദേശികള്‍ ഉണ്ട്. യുഎഇയിലും സമാനമായ അവസ്ഥയാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും പൗരന്‍മാരെ കൊണ്ടുവരാന്‍ ഖത്തര്‍ പ്രത്യേക വിമാനം അയച്ചിരുന്നു.

ഖത്തര്‍ പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല

ഖത്തര്‍ പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല

നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാകുന്നത്. കുവൈത്ത് അമീറിന്റെ സമാധാന ശ്രമങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. അദ്ദേഹം സൗദി നേതൃത്വങ്ങളുമായി കഴിഞ്ഞദിവസം റിയാദിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുവൈത്തിന്റെ സമദൂര നിലപാട്

കുവൈത്തിന്റെ സമദൂര നിലപാട്

കുവൈത്ത് എപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളില്‍ സമദൂര നിലപാടുകളാണ് എടുക്കാറ്. 2014ല്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ കുവൈത്ത് അമീറിന്റെ അവസരോചിത ഇടപെടലുകളാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചത്. ഇത്തവണ കുവൈത്ത് അമീര്‍ നടത്തുന്ന നീക്കങ്ങളില്‍ അറബ് ലോകത്തിന് പ്രതീക്ഷയുണ്ട്.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ നീക്കങ്ങള്‍ ശക്തമായപ്പോള്‍ കുവൈത്ത് അമീറിന്റെ ഇടപെടലാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. അന്ന് കുവൈത്ത് സ്വീകരിച്ചത് സമദൂര നിലപാടാണ്. സൗദി കിരീടാവകാശിയെയും ഖത്തര്‍ അമീറിനെയും പരസ്പരം ഹസ്തദാനം ചെയ്യിച്ചാണ് കുവൈത്ത് അമീര്‍ അന്ന് പ്രശ്‌നം പരിഹരിച്ചത്.

കുവൈത്തിനൊപ്പം ഒമാനും

കുവൈത്തിനൊപ്പം ഒമാനും

കുവൈത്തിനൊപ്പം ഒമാനും മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ ഇതുവരെ പ്രത്യക്ഷത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും കുവൈത്ത് നേതാക്കളുമായി സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് അമീര്‍ പറഞ്ഞ സാഹചര്യത്തില്‍ നിലവിലെ തര്‍ക്കത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്നു ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി പിന്‍മാറി. ചര്‍ച്ചയുടെ ഫലം അറിഞ്ഞ ശേഷമേ താന്‍ ഇനി പ്രതികരിക്കൂവെന്ന് അദ്ദേഹം അറിയിച്ചു.

പ്രകോപനം ഉണ്ടാക്കില്ല

പ്രകോപനം ഉണ്ടാക്കില്ല

സമവായ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ മറ്റു രാജ്യങ്ങള്‍ക്കെതിരേ യാതൊരു പ്രഖ്യാപനവും നടത്തില്ല. ജിസിസി വിടുന്നതുള്‍പ്പെടെയുള്ള സൗദിക്കും യുഎഇക്കും ബഹ്‌റൈനുമെതിരേ ഖത്തര്‍ തിരിച്ചടി പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കെയാണ് കുവൈത്തും തുര്‍ക്കിയും ഇടപെട്ടത്. ഖത്തറിന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

English summary
Saudi and UAE takes more action against Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X