അഞ്ചുനേരം നമസ്‌കാരമില്ല; അഞ്ചാംദിനം യുവതി ഭര്‍ത്താവിനെ മൊഴിചൊല്ലി
റിയാദ്: അഞ്ചുനേരം നമസ്‌കരിക്കാത്തയാളാണ് തന്റെ ഭര്‍ത്താവെന്നുകാട്ടി യുവതി നല്‍കിയ പരാതിയില്‍ കോടതിയില്‍ നിന്നും അനുകൂലവിധി. സൗദി അറേബ്യയിലെ മുസ്ലീം യുവതിയാണ് അഞ്ചുദിവസത്തെ വിവാഹജീവിതത്തിനുശേഷം ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിവാഹശേഷമാണ് യുവതി ഭര്‍ത്താവിന് മതപരമായ ചടങ്ങുകളില്‍ വിശ്വാസമില്ലെന്ന് മനസിലാക്കുന്നത്. മുസ്ലീം മതവിശ്വാസ പ്രകാരമുള്ള അഞ്ചുനേരത്തെ നമസ്‌കാരത്തിലും ഭര്‍ത്താവിന് താത്പര്യമില്ലെന്ന് യുവതി പറയുന്നു. പലവട്ടം ഇക്കാര്യത്തില്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വിവാഹമോചനത്തിന് സമീപിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കോടതി യുവതിയുടെ ഹര്‍ജി സ്വീകരിച്ചു. വിവാഹമോചന പ്രകാരം 55,000 സൗദി റിയാല്‍ യുവാവിന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചതായി ഒരു സൗദി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ അസാധാരണമായ വിവാഹ മോചന കാരണത്തിന് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
കടുത്ത യാഥാസ്തികരില്‍ ചിലര്‍ യുവതിയെ അനുകൂലിച്ചപ്പോള്‍ മറ്റുചിലര്‍ യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കേവലം അഞ്ചുദിവസം കൊണ്ട് വിവാഹമോചനത്തന് ശ്രമിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. അതേസമയം, മുസ്ലീം സമുദായത്തെ സംബന്ധിച്ച് നമസ്‌കാരം വളരെ പ്രധാനപ്പെട്ടതാണെന്നും യുവതിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്നുമാണ് മറ്റൊരുകൂട്ടര്‍ വാദിക്കുന്നത്.












Click it and Unblock the Notifications