സൗദി അറേബ്യയുടെ ആ തീരുമാനം തിരിച്ചടിയോ? ഒരു പേടിയും വേണ്ടെന്ന് ഇന്ത്യ, എല്ലാ സുരക്ഷിതം
ക്രൂഡ് ഓയില്‍ മേഖലയിലെ ഇന്ത്യയുടെ ആവശ്യകത ആഗോള ഡിമാൻഡും വിലയും സ്ഥിരപ്പെടുത്തുന്നുവെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് പുരി. റഷ്യൻ ക്രൂഡിൻ്റെ അഭാവത്തിൽ ഇതിനകം തന്നെ വലയുന്ന ആഗോള ഡിമാൻഡിലേക്ക് ഇന്ത്യയുടെ പ്രതിദിനം ആവശ്യമായ 5 ദശലക്ഷം ബാരൽ എണ്ണ കൂടി ചേർന്നിരുന്നുവെങ്കില്‍ വില ബാരലിന് 120 ഡോളർ വരെ ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എനർജി രംഗത്തെ അപകടസാഹചര്യങ്ങളെ പക്വതയോടെയും പ്രായോഗികതയോടെയും കൈകാര്യം ചെയ്തതിന് ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളില്‍ നിന്നും വളരെയധികം അഭിനന്ദനങ്ങൾ ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷം മുമ്പ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യയിലേക്ക് എണ്ണയും വാതവും വരുന്നതെങ്കില്‍ ഇപ്പോള്‍ അത് 39 രാജ്യങ്ങളിലേക്ക് ഉയർന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ ഇപ്പോൾ അമേരിക്കയിൽ നിന്ന് 20 ബില്യൺ ഡോളറിൻ്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. കോവിഡ് പാൻഡെമിക്കിന് ശേഷം എണ്ണയുടെ ഉപഭോക്തൃ വില കുറഞ്ഞ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ തുടരുന്നു എന്നതാണ് ഇത്തരം നീക്കങ്ങളുടെ ആകെ ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എനർജി വീക്ക് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
എണ്ണ ഉൽപ്പാദനം വർധിപ്പിക്കേണ്ടതില്ലെന്ന സൗദി അറേബ്യയുടെ സമീപകാല തീരുമാനം എണ്ണ ക്ഷാമത്തിന് കാരണമാകില്ല. പശ്ചിമേഷ്യൻ രാജ്യം നിലവില്‍ തന്നെ വലിയ രീതിയില്‍ എണ്ണ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് നിലവില്‍ എണ്ണയ്ക്ക് യാതൊരു ക്ഷാമവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
2025ഓടെ ഇന്ത്യ 20 ശതമാനം എഥനോൾ മിശ്രിതത്തിലേക്ക് നീങ്ങുകയാണ്. പല ഡിസ്പെൻസിങ് സ്റ്റേഷനുകളിലും E20 ഇന്ധനം ലഭ്യമാകും. ഇപ്പോൾ 9,700 സ്റ്റേഷനുകളിൽ 10 മാസത്തിനുള്ളിൽ ഇത്തരം ഇന്ധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളെ തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഇ 20 ഇന്ധനം വിൽക്കുന്ന സ്ഥലങ്ങളായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർച്ചയായ മൂന്ന് പാദങ്ങളിലെ ലാഭത്തെ തുടർന്ന് എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോളിയം വില കുറയ്ക്കണമോ എന്ന ചോദ്യത്തിന്, കമ്പനികള്‍ക്ക് മുമ്പ് നേരിട്ട നഷ്ടം നികത്താൻ കൂടുതൽ സമയം ആവശ്യമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എണ്ണ ഇറക്കുമതി ദുഷ്കരമാക്കുന്ന ഭൗമരാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ചർച്ചകൾക്ക് പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഐഇഡബ്ല്യു ലക്ഷ്യമിടുന്നതെന്ന് പുരി പറഞ്ഞു.












Click it and Unblock the Notifications