ഇമ്രാന്‍ സര്‍ക്കാര്‍ വീഴുമോ? സ്വന്തം പാര്‍ട്ടിയിലെ 24 എംപിമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും
ലാഹോര്‍: പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ താഴെ വീഴാന്‍ സാധ്യതയേറുന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ 24 വിമതര്‍ വോട്ട് ചെയ്യുമെന്നാണ് സൂചന. പ്രതിപക്ഷ കക്ഷിയായ പി എം എല്‍ നവാസ് വിഭാഗം, പി പി പി എന്നിവയിലെ നൂറോളം എം പിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. ഇമ്രാനെ പിന്തുണയ്ക്കുന്ന എം ക്യു എം പി, പി എം എല്‍ ക്യു എന്നീ കക്ഷികള്‍ ഇമ്രാനില്ലാത്ത സര്‍ക്കാര്‍ എന്ന ഒത്തുതീര്‍പ്പ് നിര്‍ദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് സര്‍ക്കാരാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി എം എല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം നിയമസഭാംഗങ്ങള്‍ മാര്‍ച്ച് എട്ടിന് നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റിന് മുന്നില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിരുന്നു. ഇതില്‍ മാര്‍ച്ച് 21 ന് പാര്‍ലമെന്റ് ചേരുമെന്നും വോട്ടെടുപ്പ് മാര്‍ച്ച് 28 ന് നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

സംയുക്ത പ്രതിപക്ഷം അവിശ്വാസം സമര്‍പ്പിച്ചതോടെ, സര്‍ക്കാരിലെ സഖ്യ കക്ഷികളും ഇമ്രാനില്‍ അതൃപ്തി രേഖപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടുവെന്ന് എം പിമാരില്‍ ഒരാളായ രാജാ റിയാസ് ജിയോ ന്യൂസിനോട് പറഞ്ഞു. തന്റെ ഒന്നിലധികം പരാതികള്‍ സര്‍ക്കാര്‍ പരിഹരിച്ചില്ലെന്ന് മറ്റൊരു നിയമസഭാംഗം നൂര്‍ ആലം ഖാനും വ്യക്തമാക്കി. സര്‍ക്കാര്‍ നയങ്ങളില്‍ തൃപ്തരല്ലാത്ത രണ്ട് ഡസനിലധികം അംഗങ്ങളുടെ ഭാഗമാണ് ഞങ്ങള്‍, റിയാസ് പറഞ്ഞു. എന്റെ മണ്ഡലത്തിലെ ഗ്യാസ് ക്ഷാമം ഞാന്‍ പലതവണ ഉന്നയിച്ചെങ്കിലും ഒന്നും ചെയ്തില്ല,'' നൂര്‍ ആലം ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) ഭരിക്കുന്ന സിന്ധ് സര്‍ക്കാരിന്റെ സ്വത്തായ ഇസ്ലാമാബാദിലെ സിന്ധ് ഹൗസിലാണ് അസംതൃപ്തരായ എം പിമാര്‍ താമസിക്കുന്നത്. തങ്ങളെ സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോകുമെന്ന് എം പിമാര്‍ ഭയപ്പെടുന്നുവെന്ന് സിന്ധ് സര്‍ക്കാരിന്റെ പ്രവിശ്യാ മന്ത്രിയും വക്താവുമായ സയീദ് ഗനി പറഞ്ഞു. സിന്ധ് ഹൗസില്‍ താമസിക്കുന്ന പി ടി ഐ നിയമസഭാംഗങ്ങളില്‍ ഡോ.രമേഷ് കുമാര്‍ വങ്ക്വാനിയും ഉള്‍പ്പെടുന്നു. അതേസമയം സിന്ധ് സര്‍ക്കാര്‍ പി ടി ഐ എം പിമാരെ തട്ടിക്കൊണ്ടുപോയത് വന്‍തോതില്‍ കൈക്കൂലി വാഗ്ദാനം ചെയ്ത് അവരെ സ്വാധീനിച്ചിട്ടാണെന്ന് ഇമ്രാന്‍ സര്‍ക്കാര്‍ ആരോപിച്ചു.

എന്നാല്‍, എം പിമാര്‍ അവരുടെ സ്വന്തം ഇഷ്ട പ്രകാരമാണ് താമസിക്കുന്നതെന്നും 'നമ്മുടെ മനസാക്ഷിക്ക് അനുസരിച്ച്' വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയാല്‍ അതില്‍ നിന്ന് മാറാന്‍ തയ്യാറാണെന്നും റിയാസ് ജിയോ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ തന്റെ പാര്‍ട്ടി നേതാക്കളുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ അസംബ്ലിയിലെ അംഗങ്ങളെ മാറ്റി പാര്‍പ്പിച്ചതിനാല്‍ സിന്ധില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനും സര്‍ക്കാരിനെ നീക്കം ചെയ്യാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

342 അംഗ ദേശീയ അസംബ്ലിയില്‍, ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് 272 വോട്ടുകളാണ് ആവശ്യം. പി ടി ഐക്ക് സഭയില്‍ 155 അംഗങ്ങളുണ്ട്, സര്‍ക്കാരില്‍ തുടരാന്‍ കുറഞ്ഞത് 172 എം പിമാരെങ്കിലും വേണം. ആറ് രാഷ്ട്രീയ പാര്‍ട്ടികളിലായി 23 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്കുണ്ട്. 2023 ലാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടത്.












Click it and Unblock the Notifications