കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍
ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ മുഖം തുറന്നു കാട്ടാനും കൊളംബിയയില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര്‍ എംപി നേതൃത്വം നല്‍കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില്‍ നിരാശ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു പകരം ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് കൊളംബിയ അനുശോചനം അറിയിച്ചത്.
മെയ് 29 നാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തിയത്. ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനില്‍ ഉണ്ടായ നഷ്ടങ്ങളില്‍ കൊളംബിയ അനുശോചനം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.

കൊളംബിയയ്ക്ക് ശക്തമായ മറുപടിയാണ് ശശി തരൂര്‍ നല്‍കിയത്. തീവ്രവാദികളെ അയക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും ഒരുപോലെ അല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരതയുടെ ഇരകളോട് അനുഭാവം പുലര്‍ത്തുന്നതിന് പകരം തീവ്രവാദികളെ അയച്ചവരോട് സഹതാപം പുലര്‍ത്തുന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഞങ്ങള്‍ നിരാശരാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി
'ഞങ്ങള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമാണ് ഉപയോഗിച്ചത്. ഈ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അത്തരം തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തയാറാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങളെ കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കൊളംബിയ ഭീകരാക്രമണങ്ങളെ നേരിടുന്നതു പോലെ നാല് പതിറ്റാണ്ടായി ഞങ്ങളും ആക്രമണങ്ങളെ നേരിടുകയാണ്. ഭീകരതയ്‌ക്കെതിരേയാണ് ഇന്ത്യയുടെ പോരാട്ടം' - ശശി തരൂര്‍ വ്യക്തമാക്കി.
പ്രതിരോധം എന്നത് ഏറ്റവും വിനീതമായ വാക്കാണ് പാകിസ്ഥാന്‍ ആയുധങ്ങള്‍ പ്രതിരോധത്തിനല്ല മറിച്ച് ആക്രമണത്തിനാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനിലേക്ക് വിതരണം ചെയ്യുന്ന ആയുധങ്ങളുടെ 81 ശതമാനം ചൈനയില്‍ നിന്നാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയുടെ ഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരാക്രമണം സ്‌പോണ്‍സര്‍ ചെയ്തത് പാകിസ്ഥാന്‍ ആണെന്നതിന്റെ എല്ലാ തെളിവുകളും ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും എംപി ആവര്‍ത്തിച്ചു.
പനാമയും ഗയാനയും സന്ദര്‍ശിച്ച ശേഷമാണ് തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൊളംബിയയിലെത്തിയത്. തലസ്ഥാനമായ ബൊഗോട്ടയിലാണ് സംഘം താമസിക്കുന്നത്. കൊളംബിയയിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി പ്രതിനിധി സംഘം സംസാരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യന്‍ നിലപാട് അന്താരാഷ്ട്ര തലത്തില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. 33 രാജ്യങ്ങളാണ് ഏഴ് പ്രതിനിധി സംഘങ്ങള്‍ സന്ദര്‍ശിക്കുന്നത്. അതില്‍ ഒന്നാണ് ശശി തരൂര്‍ എംപി നേതൃത്വം നല്‍കുന്ന സംഘം.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയെ തുടര്‍ന്ന് മെയ് 8, 9, 10 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications