സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ശബ്ദതരംഗം, സോനറുകളുടെ തിരച്ചില്‍ തുടരുന്നു, അന്തർവാഹിനി കണ്ടെത്താനായില്ല
ബോസ്റ്റണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി പോയ അന്തർവാഹിനിക്കായുള്ള തിരച്ചില്‍ തുടരുന്നു. അന്തർവാഹിനി കാണാതായ ഭാഗത്ത് നിന്ന് ചില ശബ്ദങ്ങള്‍ തിരച്ചിലിനായി ഉപയോഗിക്കുന്ന സോനറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. യുഎസ് നാവികസേന ഇക്കാര്യം പരിശോധിക്കുകയാണ്. ശബ്ദതരംഗങ്ങൾ കണ്ടെത്തിയ മേഖലയിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
എന്തിലോ തുടരെ ഇടിക്കുന്ന ശബ്ദം ഓരോ മുപ്പത് മിനുട്ടിലും കേള്‍ക്കുന്നതായാണ് വിവരം. ശബ്ദം കേട്ട ഭാഗത്ത് കൂടുതലായി സോനര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. സോനറുകള്‍ വിന്യസിച്ച ശേഷവും ആ ശബ്ദം കേട്ടതായി നാവിക സേന പറയുന്നു. എന്നാല്‍ എപ്പോഴൊക്കെയാണ് കേട്ടതെന്ന് കൃത്യമായി അറിയില്ലെന്നും, എത്ര നേരം ഇത് നീണ്ടുനിന്നുവെന്ന് വ്യക്തമല്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് സര്‍ക്കാരില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. കനേഡിയന്‍ പി-8 വിമാനവും തിരച്ചില്‍ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരും വലിയ ശബ്ദം കേട്ടതായി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രിയിലും ശബ്ദം കേട്ടതായും, എന്നാല്‍ ശക്തമായി ഇടിക്കുന്നത് പോലെയുള്ളതല്ല ഈ ശബ്ദമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരച്ചിലിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത് അന്തർവാഹിനിയിലുള്ളവരെ രക്ഷപ്പെടുത്താന്‍ ഇനി വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളതെന്നാണ്. 30 മണിക്കൂര്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്‌സിജനാണ് അന്തർവാഹിനിയിലുളളത്. വ്യാഴാഴ്ച്ചയോടെ ഓക്‌സിജന്‍ സേവനം നഷ്ടമാകും.
അന്തർവാഹിനിയിലുള്ളവര്‍ സുരക്ഷിരായി ഇരിക്കുന്നുവെന്ന് പ്രമുഖ സമുദ്രപര്യവേഷകനായ ക്രിസ് ബ്രൗണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. ശബ്ദതരംഗം കാണാതായ അന്തർവാഹിനിയിൽ നിന്നുള്ളതാണെന്ന് അദ്ദേഹം പറയുന്നു. തീര്‍ച്ചയായും അവര്‍ ഓക്‌സിജനും, ഊര്‍ജവും ഒരേ സമയം ശേഖരിച്ച് വെക്കുകയാണ്. അത് അവര്‍ക്ക് ഗുണം ചെയ്യുമെന്നും ക്രിസ് ബ്രൗണ്‍ പറഞ്ഞു.
അതേസമയം രക്ഷാദൗത്യം കൊണ്ട് ഇതുവരെ വിചാരിച്ച ഫലമുണ്ടായിട്ടില്ല. കൂടുതല്‍ സംഘങ്ങള്‍ ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള കാഴ്ച്ച പലപ്പോഴും വ്യക്തമായി കാണാനാവാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. ഒപ്പം മോശം കാലാവസ്ഥയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഫ്രാന്‍സ് റോബോട്ട് സംവിധാനമുള്ള കപ്പല്‍ അയച്ചിരുന്നു.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, എന്നിവരും, ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരുമാണ് കാണാതായ അന്തർവാഹിനിയിലുള്ളത്.












Click it and Unblock the Notifications