കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്ത് സിറിയ; എല്ലാം ചോര്‍ത്തി, സഹായിച്ചത് റഷ്യ, ബ്രിട്ടനും പണി തുടങ്ങി

അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അഭിപ്രായപ്പെട്ടു.v

Google Oneindia Malayalam News

ദമസ്‌കസ്: രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് അമേരിക്കയും രണ്ട് സഖ്യരാജ്യങ്ങളും ചേര്‍ന്ന് സിറിയയില്‍ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചില രഹസ്യനീക്കങ്ങള്‍ നടന്നു. അമേരിക്കയുടെ സൈനിക നടപടി ചോര്‍ത്തിയതായിരുന്നു അതില്‍ പ്രധാനം. തൊട്ടുപിന്നാലെ സിറിയന്‍ സൈന്യം അതിവേഗം വിവരങ്ങള്‍ കൈമാറി. തന്ത്രങ്ങള്‍ നടപ്പാക്കി കഴിയുമ്പോഴാണ് അമേരിക്ക ആക്രമണം തുടങ്ങിയത്.
വളരെ ആസൂത്രിതമായ നീക്കങ്ങള്‍ പോലും ചോര്‍ത്തിയ റഷ്യന്‍ സൈന്യത്തിന്റെ നീക്കമാണ് സിറിയക്ക് യുദ്ധഭൂമിയില്‍ ഗുണം ചെയ്തത്. എന്നാല്‍ ഇതേ വേളയില്‍ തന്നെ അമേരിക്കന്‍ സൈന്യത്തിന് പിന്നാലെ ബ്രിട്ടീഷ് സൈന്യവും ആക്രമണം ശക്തമാക്കിയത് സിറിയന്‍ സൈന്യത്തിന് തിരിച്ചടിയായി. അമേരിക്കയുടെ നീക്കത്തിന് നാറ്റോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയും ഇറാനും ആക്രമണത്തിനെതിരെ രംഗത്തുവന്നു. ഇവരുടെ സൈന്യം സിറിയയുടെ ഭാഗം ചേര്‍ന്നാല്‍ യുദ്ധം ലോകമഹായുദ്ധമായി മാറുമെന്നാണ് ആശങ്ക...

ഇസ്രായേലിനെ ആദ്യം അറിയിച്ചു

ഇസ്രായേലിനെ ആദ്യം അറിയിച്ചു

സിറിയയുടെ അയല്‍രാജ്യമാണ് ഇസ്രായേല്‍. ആക്രമണം ശക്തമാകുന്നത് ഇസ്രായേലിന് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ ഇസ്രായേലിനെ ആക്രമണം സംബന്ധിച്ച് നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. അവര്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കുകയും സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ സൈനിക നീക്കം സംബന്ധിച്ച് പൂര്‍ണ വിവരം കൈമാറിയിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

യുഎസ് രഹസ്യം ചോര്‍ത്തി റഷ്യ

യുഎസ് രഹസ്യം ചോര്‍ത്തി റഷ്യ

എന്നാല്‍ അമേരിക്കയുടെ സൈനിക നീക്കം സംബന്ധിച്ച വിവരങ്ങള്‍ സിറിയക്കും ലഭിച്ചിരുന്നുവത്രെ. സിറിയന്‍ സൈനിക ഉദ്യോഗസ്ഥരാണ് റോയിട്ടേഴ്‌സിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വിവരം ലഭിച്ച ഉടനെ സൈനിക ഉദ്യോഗസ്ഥര്‍ താഴേ തട്ടിലേക്ക് കൈമാറി. ആക്രമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വിവരമാണ് സിറിയക്ക് ലഭിച്ചത്. വിവരം കൈമാറിയത് റഷ്യയായിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ സംഘമാണ് അമേരിക്കയുടെ നീക്കം പൊളിച്ചത്. എല്ലാ ആയുധങ്ങളും മിസൈലുകളും മാറ്റാന്‍ സിറിയന്‍ സൈന്യം ഉടന്‍ ഉത്തരവിട്ടു.

30 മിസൈലുകള്‍ മാത്രം നശിച്ചു

30 മിസൈലുകള്‍ മാത്രം നശിച്ചു

സൈനിക കേന്ദ്രങ്ങളാണ് ആക്രമിക്കുക എന്നാണ് വിവരം കിട്ടിയത്. ഉടനെ ആയുധ കേന്ദ്രങ്ങളിലെ മിസൈലുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. മിക്ക ആയുധങ്ങളും സുരക്ഷിത കേന്ദ്രത്തിലേക്ക്് മാറ്റുകയം ചെയ്തു. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് സൈന്യത്തിന് ആക്രമിക്കാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ വ്യാഴാഴ്ച തന്നെ എല്ലാ വിവരങ്ങളും റഷ്യ ചോര്‍ത്തി സിറിയക്ക് കൈമാറിയിരുന്നു. ആയുധങ്ങള്‍ മാറ്റുകയും ചെയ്തു. ഒരു കേന്ദ്രത്തിലെ 30 മിസൈലുകള്‍ മാറ്റാന്‍ സാധിച്ചില്ല. ഈ മിസൈലുകള്‍ അമേരിക്കന്‍ ആക്രമണത്തില്‍ നശിച്ചുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.v

ജനങ്ങള്‍ തെരുവിലിറങ്ങി

ജനങ്ങള്‍ തെരുവിലിറങ്ങി

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികരാണ് സിറിയന്‍ ഭരണകൂടത്തിനെതിരെ ആക്രമണം തുടങ്ങിയിട്ടുള്ളത്. ആക്രമണത്തിനെതിരെ റഷ്യയും ഇറാനും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ആക്രമണത്തിനെതിരെ നിരവധി പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. സിറിയയിലെയും ലബ്‌നാനിലെയും മാധ്യമങ്ങളാണ് പ്രതിഷേധ വാര്‍ത്ത പുറത്തുവിട്ടത്. സിറിയിന്‍ ഭരണകൂടത്തിന് ഇപ്പോഴും ജനപ്രീതിയുണ്ടെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ റഷ്യയുടെയും ഇറാന്റെയും നിലപാടാണ് കൂടുതല്‍ നിര്‍ണായകം.

റഷ്യന്‍ പട ഒരുങ്ങിനില്‍ക്കുന്നു

റഷ്യന്‍ പട ഒരുങ്ങിനില്‍ക്കുന്നു

റഷ്യന്‍ സൈനികര്‍ സിറിയയിലുണ്ട്. സിറിയന്‍ സൈന്യത്തിനെ സഹായിക്കാന്‍ എത്തിയതാണവര്‍. ഭീകരവാദികളുടെ ആക്രമണം തടയാനും സിറിയന്‍ സൈന്യത്തിന് സഹായം നല്‍കാനുമാണ് റഷ്യ എത്തിയത്. ഇതേ ദൗത്യം തന്നെയാണ് ഇറാനും സിറിയയില്‍ സ്വീകരിക്കുന്നത്. ഇറാനെ സംബന്ധിച്ചിടത്തോളം ഷിയാ ബന്ധവും സിറിയയുമായിട്ടുണ്ട്. കാരണം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അലവി വിഭാഗത്തില്‍പ്പെട്ട ഷിയാക്കളാണ്. ഇദ്ദേഹത്തിന്റെ കുടുംബമാണ് സിറിയയില്‍ നാല് പതിറ്റാണ്ടിലധികമായി ഭരിക്കുന്നത്. കിരാത ഭരണത്തിനെതിരെ 2011ല്‍ തുടങ്ങിയ പ്രതിഷേധമാണ് രക്തരൂഷിതമായ ആഭ്യന്തര യുദ്ധമായി മാറിയത്.

തൊട്ടാല്‍ തകര്‍ക്കുമെന്ന് റഷ്യ

തൊട്ടാല്‍ തകര്‍ക്കുമെന്ന് റഷ്യ

റഷ്യയുടെ ഒരു കേന്ദ്രങ്ങളും സിറിയയില്‍ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. റഷ്യന്‍ സൈനികര്‍ക്ക് അപകടം സംഭവിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കക്കും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ഓരോ ആക്രമണവുമെന്നാണ് വിവരം. പക്ഷേ, റഷ്യന്‍ സൈന്യം സിറിയയില്‍ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുന്നതും അമേരിക്കന്‍ സഖ്യത്തിന് തിരിച്ചടിയാണ്. ഇവര്‍ ഏതെങ്കിലും രീതിയില്‍ സിറിയന്‍ സൈന്യത്തിന് പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. റഷ്യയും ഇറാനും നേരിട്ട് യുദ്ധത്തിന് ഇറങ്ങിയാല്‍ അമേരിക്കന്‍ സൈന്യത്തിന്റെ നില പരുങ്ങലിലാകും.

രാസായുധം കൂടുതല്‍ അമേരിക്കയില്‍

രാസായുധം കൂടുതല്‍ അമേരിക്കയില്‍

അമേരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റുകളും ആക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബലത്തിലാണ് ട്രംപിന്റെ നീക്കം. എന്നാല്‍ അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ലബ്‌നാനിലെ ഷിയാ സംഘമായ ഹിസ്ബുല്ല സൂചന നല്‍കിയിട്ടുണ്ട്. നേരത്തെ സിറിയന്‍ ഭരണകൂടത്തെ സഹായിക്കാന്‍ ശ്രമിക്കുന്ന സംഘമാണിവര്‍. ആക്രമണം നിര്‍ത്തണമെന്ന് ഇറാന്‍ ആവശശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ എല്ലാ തകിടം മറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. രാസായുധം ഏറ്റവും കൂടുതലുള്ള അമേരിക്ക ഇതേ പേരില്‍ സിറിയയെ ആക്രമിക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.

തുര്‍ക്കിയുടെ നിലപാട് ഇങ്ങനെ

തുര്‍ക്കിയുടെ നിലപാട് ഇങ്ങനെ

സിറിയയിലെ സാഹചര്യം മോശമാക്കരുതെന്നും എല്ലാ കക്ഷികളും ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമണം നിയമപരമാണെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യയുടെ മുന്നറിയിപ്പ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കിയും രംഗത്തെത്തി. അമേരിക്കയുടെത് അനിയോജ്യമായ നടപടിയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച വന്നത് 110 മിസൈലുകള്‍

ശനിയാഴ്ച വന്നത് 110 മിസൈലുകള്‍

അതേസമയം, സിറിയക്ക് നേരെ വന്ന മിക്ക മിസൈലുകളും വെടിവച്ചിട്ടെന്നാണ് വിവരം. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്തും രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് സഖ്യസേനയുടെ മിസൈലുകള്‍ തകര്‍ത്തത്. അമേരിക്കന്‍ ആക്രമണം ഇതുവരെ സിറിയന്‍ സൈന്യത്തെ നേരിട്ട് ബാധിച്ചില്ലെന്നാണ് സിറിയയുടെ അവകാശവാദം. ഇതുവരെ 110 മിസൈലുകള്‍ സഖ്യസേന തൊടുത്തുവിട്ടുവെന്നും കൂടുതലും സൈന്യം വെടിവച്ചിട്ടെന്നും സിറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ അലി മയ്ഹൂബ് മാധ്യമങ്ങളോട് പറഞ്ഞു.

യുഎന്‍ നിലപാട് മറികടന്ന നീക്കം

യുഎന്‍ നിലപാട് മറികടന്ന നീക്കം

അതേസമയം ഹുംസ് നഗരത്തിലെ സൈനിക കേന്ദ്രത്തിന് നേരെ 15 മിസൈലാക്രണം നടത്തിയെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വ്യക്തമല്ല. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന ധൗമ നഗരത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിഷവാതകം പരന്നതാണ് നിലവിലെ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആക്ഷേപം. 60 ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരത്തോളം പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായി. വിമതരെ കൂട്ടക്കൊല നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദ് ശ്രമിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎന്‍ നിലപാട് സ്വീകരിക്കുംമുമ്പ് അമേരിക്ക ആക്രമണം തുടങ്ങിയത് ദുരുദ്ദേശത്തോടെയാണെന്ന് ഇറാനും റഷ്യയും കുറ്റപ്പെടുത്തുന്നു. അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അഭിപ്രായപ്പെട്ടു.

കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടംകത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

English summary
Pro-Assad official: Targets evacuated prior to attack. Syria, Russia and Iran condemn tripartite attack on Damascus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X