അഫ്ഗാനില്‍ സര്‍ക്കാര്‍ അനുകൂല സായുധസേനയില്‍ നുഴഞ്ഞുകയറിയ താലിബാന്‍ 16 പേരെ വെടിവച്ചുകൊന്നു

  • Posted By: Desk
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടി പോരാടുന്ന സായുധസേനയില്‍ നുഴഞ്ഞുകയറിയ താലിബാന്‍ പോരാളി സേനയിലെ 16 പേരെ വെടിവച്ചുകൊന്ന ശേഷം രക്ഷപ്പെട്ടു. ഹെല്‍മന്ത് പ്രവിശ്യയിലെ ഗെറെഷ്‌ക് ജില്ലയിലാണ് സംഭവം. മാസങ്ങളായി സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇയാള്‍ അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ കൂടെയുള്ളവരെ വെടിവച്ച് കൊല്ലുകയായിരുന്നു. ചെക്‌പോയിന്റില്‍ കാവല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ 20 ലക്ഷം ദിര്‍ഹമിന്റെ ബിറ്റ്‌കോയിന്‍ തട്ടിപ്പ്; പാകിസ്താനി പറ്റിച്ചത് ഇന്ത്യക്കാരനെ

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പോരാളി സര്‍ക്കാര്‍ അനുകൂല സേനയില്‍ നുഴഞ്ഞുകയറുകയും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട് തങ്ങള്‍ക്കൊപ്പം ചേരുകയുമായിരുന്നുവെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു. ആയുധങ്ങളുമായാണ് ഇയാള്‍ തിരിച്ചെത്തിയതെന്ന് വക്താവ് അറിയിച്ചു. ഹെല്‍മന്ത് പ്രവിശ്യയുടെ വിശാലമായ പ്രദേശം ഇപ്പോഴും താലിബാന്‍ നിയന്ത്രണത്തിലാണ്.

terrorist

അഫ്ഗാന്‍ പോലിസിലും സൈന്യത്തിലും കയറിക്കൂടി അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ അഫ്ഗാന്‍ സൈനികര്‍ക്കും വിദേശ സൈനികര്‍ക്കും നേരെ ആക്രമണം നടത്തുന്നത് താലിബാന്‍ പോരാളികളുടെ സ്ഥിരം തന്ത്രമാണ്. ഇത് പ്രാദേശിക സൈനികരും വിദേശികളും തമ്മില്‍ വലിയ അവിശ്വാസത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാന്‍ സൈനികര്‍ എപ്പോഴാണ് തങ്ങള്‍ക്കെതിരേ തിരിയുക എന്ന ഭീതിയിലാണ് ഇവിടെയുള്ള വിദേശ സൈനികര്‍. കഴിഞ്ഞ ജൂണില്‍ ഒരു അഫ്ഗാന്‍ സൈനികന്റെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈയിടെയായി ഇത്തരം സംഭവങ്ങളുടെ നിരക്ക് കുറഞ്ഞുവന്നിട്ടുണ്ടെങ്കിലും അഫ്ഗാനികളായ ഉദ്യോഗസ്ഥരെ പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റില്ലെന്ന സമീപനമാണ് യു.എസ് സൈനികര്‍ക്ക്.

English summary
A Taliban infiltrator has killed 16 pro-government militia fighters in Afghanistan's Helmand province

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്