അഖുന്ദ്‌സാദ മരിച്ചിട്ടില്ല!! ആദ്യമായി പൊതുവേദിയില്‍... വിവരങ്ങള്‍ പുറത്തുവിട്ട് താലിബാന്‍
കാബൂള്‍: ഹൈബത്തുല്ല അഖുന്ദ്‌സാദ താലിബാന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ആഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചതിന് പിന്നാലെ അഖുന്ദ്‌സാദയും മറ്റു ചില നേതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയും തര്‍ക്കവും രൂക്ഷമായെന്നും വെടിവയ്പില്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം കാണ്ഡഹാറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ഇതിന്റെ വിശദാംശങ്ങള്‍ താലിബാന്‍ ഭരണകൂടം പുറത്തുവിട്ടു.
ആദ്യമായിട്ടാണ് അഖുന്ദ്‌സാദ പൊതുവേദിയില്‍ എത്തുന്നത്. താലിബാന്റെ രാഷ്ട്രീയമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മതപരമായ കാര്യങ്ങളിലാണ് അഖുന്ദ്‌സാദ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പൊതുവേദിയില്‍ എത്തിയ വേളയിലും അദ്ദേഹം മതപരമായ കാര്യങ്ങളാണ് കൂടുതല്‍ പറഞ്ഞത്. ഇതിന്റെ ഓഡിയോ താലിബാന്‍ പുറത്തുവിട്ടു. അതേസമയം, പരിപാടിയുടെ ഫോട്ടോയും വീഡിയോയും തിലാബാന്‍ പുറത്തുവിട്ടില്ല. താലിബാന്‍കാര്‍ വലിയ ആദരവോടെ കാണുന്ന നേതാവാണ് ഇദ്ദേഹം. അഖുന്ദ്‌സാദയെ കൊലപ്പെടുത്താന്‍ പലതവണ അമേരിക്കന്‍ സൈന്യം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇദ്ദേഹം പൊതുവേദിയില്‍ എത്താത്തത് തന്നെയാണ് അമേരിക്കക്ക് ലക്ഷ്യം നേടാന്‍ സാധിക്കാതെ പോയത്.

അമീറുല്‍ മുഅ്മിനീന്‍ എന്നാണ് താലിബാന്‍കാര്‍ അഖുന്ദ്‌സാദയെ വിശേഷിപ്പിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ച വേളയിലും പൊതുരംഗത്ത് എത്താത്ത അഖുന്ദ്‌സാദയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വ്യത്യസ്തമായ വാര്‍ത്തകള്‍ വന്നിരുന്നു. കാണ്ഡഹാറിലെ ജാമിഅ ദാറുല്‍ ഉലൂം ഹഖീമിയ എന്ന മദ്രസയില്‍ നടന്ന പരിപാടിയിലാണ് അഖുന്ദ്‌സാദ പങ്കെടുത്തത്. 2016 മുതല്‍ താലിബാന്റെ സുപ്രീം ലീഡറാണ് അഖുന്ദ്‌സാദ. അതുവരെ അമേരിക്കക്കെതിരായ പോരാട്ടത്തിലായിരുന്നു ഇദ്ദേഹമെങ്കിലും വിദേശരാജ്യങ്ങള്‍ക്ക് അത്ര സുപരിചിതനല്ല. അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചതിന് ശേഷം സുപ്രധാന പദവി സര്‍ക്കാരില്‍ വഹിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അഖുന്ദ്‌സാദ താലിബാന്റെ സംഘടനാ നേതാവായി നിലനില്‍ക്കുകയായിരുന്നു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
2016ല്‍ താലിബാന്‍ അഖുന്ദ്‌സാദയുടെ ഒരു ഫോട്ടോ പുറത്തു വിട്ടിരുന്നു. ഫോട്ടോ എന്നെടുത്തതാണ് എന്ന് അറിയില്ല. പക്ഷേ, ഈ ഫോട്ടോ മാത്രമാണ് ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. പൊതുരംഗത്ത് എത്താത്തത് കാരണമാണ് അഖുന്ദ്‌സാദ കൊല്ലപ്പെട്ടെന്നും മരിച്ചെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. മരണം സംഭവിച്ചിട്ടുണ്ടെന്നും താലിബാന്‍ മറച്ചുവയ്ക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. താലിബാന്‍ സ്ഥാപകനായ മുല്ല ഉമര്‍ കൊല്ലപ്പെട്ടിട്ടും അവര്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ഏറെ കാലത്തിന് ശേഷമാണ് ഇക്കാര്യം അവര്‍ ശരിവച്ചത്.
സമാനമായ നീക്കം അഖുന്ദ്‌സാദയുടെ കാര്യത്തിലും നടക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് അഖുന്ദ്‌സാദ കാണ്ഡഹാറിലെ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്. താലിബാന്റെ സൈനികര്‍ക്ക് കൂടുതല്‍ ശക്തിയുണ്ടാകട്ടെ, നന്നായി ഭരണം നടത്താന്‍ നേതാക്കള്‍ക്ക് സാധിക്കട്ടെ, അഫ്ഗാന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളാണ് അഖുന്ദ്‌സാദ പ്രസംഗത്തില്‍ പറഞ്ഞത്. കൂടെ മതപരമായ കുറേ കാര്യങ്ങളും.












Click it and Unblock the Notifications