കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം നൃത്തമാടിയ 100 ദിനങ്ങള്‍, ഭീതിയില്‍ മുങ്ങിയ 100 ദിനങ്ങള്‍... ലോകം മാറ്റിമറിച്ച കൊറോണ ദിനങ്ങള്‍

Google Oneindia Malayalam News

2010 മുതലുള്ള ഒരു ദശകം വളരെ പെട്ടെന്നാണ് കടന്നുപോയത്. കാര്യങ്ങള്‍ അത്ര ശുഭകരം ഒന്നും ആയിരുന്നില്ല. ഐസിസ് എന്ന ഏറ്റവും ക്രൂരന്‍മാരായ ഭീകരവാദികള്‍ ആടിയ ആട്ടങ്ങളില്‍ പതിനായിരങ്ങളാണ് ജീവന്‍ വെടിഞ്ഞത്. യെമനിലെ ആഭ്യന്തര കലാപവും ലോകത്തിന്റെ പലഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളും എല്ലാം ഒരുപാടുപേരുടെ ജീവനെടുത്തു. അതിലേറെ ആളുകളുടെ ജീവിതത്തെ തകിടം മറിച്ചു.

2019 ഡിസംബര്‍ 31 ന് രാത്രി 11.59 ന് ലോകം വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. ഇനിവരുന്ന ഒരു ദശാബ്ദം സന്തോഷത്തിന്റേയും സമാധത്തിന്റേയും സമൃദ്ധിയുടേയും ആകുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.38 ന് ചൈനീസ് സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റില്‍ അജ്ഞാത കാരണങ്ങളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യുമോണിയ ബാധയെ കുറിച്ച് പറയുന്നുണ്ട്. ദക്ഷിണ ചൈനയിലെ സമുദ്രോത്പന്ന മൊത്തക്കച്ചവട മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന വുഹാനില്‍ നിന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഇപ്പോള്‍ 2020 ലെ ആദ്യ 100 ദിനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ ദിവസങ്ങളില്‍ ലോകത്തില്‍ സംഭവിച്ച വലിയ മാറ്റങ്ങള്‍ ഒന്ന് പരിശോധിക്കാം...

ഒന്നാം ദിവസം- വുഹാന്‍ മാര്‍ക്കറ്റ് അടച്ചു

ഒന്നാം ദിവസം- വുഹാന്‍ മാര്‍ക്കറ്റ് അടച്ചു

2020 ന്റെ ആദ്യ ദിവസത്തില്‍ തന്നെ വുഹാനിലെ സമുദ്രോത്പന്ന മാര്‍ക്കറ്റ് അടച്ചു. പോലീസ് എത്തി, എല്ലാം വളരെ പെട്ടെന്നായിരുന്നു കാര്യങ്ങള്‍. ഓരോ ഇടത്ത് നിന്നും സാംപിളുകള്‍ ശേഖരിച്ച് പ്ലാസ്റ്റിക് കവറുകളില്‍ ആക്കി. എല്ലാം പരിശോധനയ്ക്ക് അയച്ചു.

ഇതിനിടെ രോഗത്തെ പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ പലതും പ്രചരിക്കാന്‍ തുടങ്ങി. സാര്‍സ് പോലുള്ള ഒരു രോഗം എന്നായിരുന്നു തുടക്കം. കൈകള്‍ കഴുകാനും മാസ്‌ക് ഉപയോഗിക്കാനും നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങളും പ്രചരിച്ച് തുടങ്ങി.

രോഗ ബാധയെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച എട്ട് പേരെ പൊതു സുരക്ഷാ ബ്യൂറോയിലേക്ക് വിളിപ്പിച്ചു. രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഒഫ്താല്‍മോളജിസ്റ്റ് ലീ വെന്‍ലിയാങ്ങിനെ ശക്തമായി താക്കീത് ചെയ്തു.

അജ്ഞാത വുഹാന്‍ പ്രതിഭാസം, വുഹാന്‍ സീഫുഡ് മാര്‍ക്കറ്റ് എന്നീ പ്രയോഗങ്ങള്‍ ചൈനയിലെ പ്രമുഖ ലൈവ് സ്ട്രീം പ്ലാറ്റ് ഫോം ആയ വൈവൈ സെന്‍സര്‍ ചെയ്തു.

തായ് വാന്‍ ശ്രദ്ധിച്ചു

തായ് വാന്‍ ശ്രദ്ധിച്ചു

ചൈനയില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു രോഗത്തിന്റെ വാര്‍ത്ത പുറത്ത് വന്ന് തുടങ്ങുമ്പോഴേ തായ് വാന്‍ അതീവ ശ്രദ്ധയോടെ കരുതല്‍ നടപടികള്‍ തുടങ്ങി. വുഹാനില്‍ നിന്നുള്ള വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി. പനി പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്തു. രണ്ട് ദിവസത്തിനുള്ള സിംഗപ്പൂരും ഹോങ്കോങും വുഹാനില്‍ നിന്നുള്ളവരെ നിരീക്ഷിക്കാന്‍ തുടങ്ങി.

9-ാം ദിവസം- കൊറോണ വൈറസിനെ തിരിച്ചറിഞ്ഞു

9-ാം ദിവസം- കൊറോണ വൈറസിനെ തിരിച്ചറിഞ്ഞു

രോഗം പടര്‍ന്ന് പിടിച്ച് ഏറെ ദിവസങ്ങള്‍ക്ക് ശേഷം, അതായത് ജനുവരി 9 ന് ആണ് രോഗകാരണമായ വൈറസിനെ കണ്ടെത്തുന്നത്. ഇതുവരെ കണ്ടെത്താത്ത ഒരു കൊറോണ വൈറസ് ആണ് രോഗകാരണം എന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാര്‍സും മേര്‍സും പോലെ മാരമായ ഒരു കൊറോണ വൈറസ് എന്നായിരുന്നു കണ്ടെത്തല്‍. ഇതിന് തൊട്ടുതലേന്നായിരുന്നു വുഹാനിലെ ആശുപത്രിയില്‍ 61-കാരന്‍ മരിച്ചത്. ഇതായിരുന്നു കൊറോണ വൈറസ് ബാധയിലെ ആദ്യത്തെ ഔദ്യോഗിക മരണം. എന്നാല്‍ അടുത്ത നാല് ദിവസത്തേക്ക് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് അത്രയേറെ പ്രാധാന്യം ലഭിച്ചില്ല. ഇറാന്‍ അതിര്‍ത്തിയില്‍ വിമാനം വെടിവെച്ചിട്ട വാര്‍ത്തയ്ക്കുള്ളില്‍ അത് മുങ്ങിപ്പോവുകയായിരുന്നു.

തൊട്ടടുത്ത ദിവസം, രോഗത്തെ കുറിച്ച് ആദ്യം സംശയം ഉന്നയിച്ച ഒഫ്താല്‍മോളജിസ്റ്റ് ലീ വെന്‍ലിയാങ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങി.

13-ാം ദിനം, തായ്‌ലാന്‍ഡില്‍ ആദ്യ കേസ്

13-ാം ദിനം, തായ്‌ലാന്‍ഡില്‍ ആദ്യ കേസ്

രോഗം പുറത്തേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. പക്ഷേ, കാര്യമുണ്ടായില്ല. തായ്‌ലാന്‍ഡില്‍ ആദ്യ കൊറോണ വൈറസ് കേസ് ജനുവരി 13 ന് സ്ഥിരീകരിച്ചു. ബാങ്കോക്ക് വിമാനത്താവളത്തിലെ തെല്‍മല്‍ സ്‌കാനറില്‍ ആണ് 61 കാരനായ വുഹാന്‍ സ്വദേശി രോഗബാധിതനെന്ന് കണ്ടെത്തിയത്.

ഇതിനിടെ ബ്രിട്ടനില്‍ വിദഗ്ധര്‍ യോഗം ചേര്‍ന്ന് വൈറസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്തു. ബ്രിട്ടനെ സംബന്ധിച്ച് കാര്യമായ ആശങ്കകള്‍ ഒന്നുമില്ലെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.

ചൈനീസ് സര്‍ക്കാരിന് അപ്പോഴും കണ്ണുതുറന്നിരിന്നില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അവരുടെ വാദം. ഇതിനെ പിന്തുണയ്ക്കുന്നതായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാടും.

20-ാം ദിനം, ഭയം തുടങ്ങുന്നു

20-ാം ദിനം, ഭയം തുടങ്ങുന്നു

ജനുവരി 20 ന് ആണ് അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നത്- വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്നത്. ശ്വസനരോഗ വിദഗ്ധനായ സോങ് നന്‍ഷാന്‍ ആണ് ഔദ്യോഗിക ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്. ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ വുഹാനിലെ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്ത രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടു.

രണ്ടാഴ്ചയ്ക്കിടയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഇതൊരു പകര്‍ച്ച വ്യാധിയല്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും അമേരിക്കയിലും വരെ രോഗം എത്തി. വുഹാനില്‍ നിന്നെത്തിയ 35 കാരന്‍ ആയിരുന്നു അമേരിക്കയിലെ ആദ്യത്തെ രോഗി.

ഈ സമയം വുഹാനില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു.

 24-ാം ദിനം, വൈറസ് യൂറോപ്പിലെത്തി

24-ാം ദിനം, വൈറസ് യൂറോപ്പിലെത്തി

ചൈനയിലെ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന സമയം. എന്നാല്‍ വുഹാന്‍ അപ്പോഴേക്കും അടച്ചിരുന്നു. 800 ല്‍ അധികം ആളുകളില്‍ രോഗ സ്ഥിരീകരിച്ചു, 25 പേര്‍ മരിക്കുകയും ചെയ്തിരുന്നു ഈ സമയത്ത്. വുഹാന്‍ പൂര്‍ണമായും ക്വാറന്റൈനില്‍ ആയി.

ജനുവരി 24 ന് ആണ് യൂറോപ്പില്‍ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നിന്ന് എത്തിയ രണ്ട് പേർക്കും ഒരു ബന്ധുവിനും ആയിരുന്നു രോഗം. 100 കണക്കിന് ആളുകളുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. ഫ്രഞ്ച് അധികൃതര്‍ ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചു. പകര്‍ച്ച വ്യാധി തീപ്പിടിത്തം പോലെ ആണെന്നായിരുന്നു അന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേര്‍ക്ക് വൈറസ് ബാധയെ പറ്റി ആദ്യ ചോദ്യം ഉയര്‍ന്നത് രണ്ട് ദിവസം മുമ്പായിരുന്നു. എല്ലാം നിയന്ത്രണത്തിലാണെന്നും ഒരു ഭയവും ഇല്ലെന്നായിരുന്നു പ്രതികരണം.

തൊട്ടടുത്ത ദിവസം ചൈനയില്‍ അഞ്ചര കോടി ജനങ്ങള്‍ ലോക്ക് ഡൗണില്‍ ആയി. ഹൂബിയിലെ സിന്‍ഹ്വാ ആശുപത്രിയിലെ ഡോക്ടര്‍ വൈറസിന് കീഴടങ്ങി.

31-ാം ദിനം, ബ്രെക്‌സിറ്റ്

31-ാം ദിനം, ബ്രെക്‌സിറ്റ്

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെയാണ് ബ്രിട്ടന്‍ ഔദിയോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നത്. ജനുവരി 31 ന് ആയിരുന്നു ഇത്.

കൊറോണ വൈറസിന്റെ കാര്യത്തിലും ഈ ദിനം നിര്‍മായകമായിരുന്നു. പകര്‍ച്ച വ്യാധിയുടെ കാര്യത്തില്‍ കൊറണ വൈറസ് സാര്‍സിനെ മറികടന്ന ദിവസം. വൈറസ് ബ്രിട്ടനില്‍ എത്തി. അടുത്ത ദിവസങ്ങളില്‍ സ്‌പെയിനിലും ഇറ്റലിയിലും രോഗം സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ അത്ര നല്ലതല്ലെങ്കിലും ഭയക്കേണ്ട ഒരു കാര്യവും ഇല്ലെന്നായിരുന്നു ഇറ്റാലിയന്‍ ആരോഗ്യമന്ത്രി അന്ന് പ്രതികരിച്ചത്.

ചൈനയില്‍ മാത്രമായിരുന്നു അതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതും ആകെ 258 എണ്ണം മാത്രം. രോഗബാധിതരുടെ എണ്ണം 11,000 കവിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി.

35-ാം ദിനം, ചൈനയ്ക്ക് പുറത്ത് ആദ്യ മരണം

35-ാം ദിനം, ചൈനയ്ക്ക് പുറത്ത് ആദ്യ മരണം

ഫെബ്രിവരി 4 ആയപ്പോഴേക്കും ചൈനയിലെ മരണം 425 ആയി. ആകെ രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. ഈ ദിനം തന്നെയാണ് ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ വൈറസ് മരണവും റിപ്പോര്‍ട്ട് ചെയ്തത്. ഫിലിപ്പീന്‍സിലെ മനിലയില്‍ വുഹാന്‍ സ്വദേശിയായ വ്യക്തി മരിച്ചു. ഇതോടെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫിലീപ്പിന്‍സ് വിലക്കേര്‍പ്പെടുത്തി.

ലോകാരോഗ്യ സംഘടന ഈ ഘട്ടത്തില്‍ പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. ആഗോള തലത്തില്‍ രോഗം രോഗവ്യാപനം ചെറിയതോതിലും പതുക്കെയും ആണ് എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ പറഞ്ഞത്. വ്യാപാരത്തേയും യാത്രകളേയും ബാധിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തിന് ശേഷം, ലീ വെന്‍ലിയാങ് വുഹാനിനെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. ലോകം മുഴുവന്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

50-ാം ദിവസം, ദക്ഷിണ കൊറിയയില്‍

50-ാം ദിവസം, ദക്ഷിണ കൊറിയയില്‍

രോഗ ബാധ ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ദക്ഷിണ കൊറിയ. രോഗബാധിതയായ സ്ത്രീ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ രണ്ട് തവണ പങ്കെടുത്തു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഫെബ്രുവരി 19 നാണ് ദക്ഷിണ കൊറിയ സ്ഥിരീകരിക്കുന്നത്. കൂടാതെ ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്തു ഇവര്‍. 1160 പേരുമായിട്ടെങ്കിലും ഇവര്‍ അപകടകരമായ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്.

ഇതോടെയാണ് ദക്ഷിണ കൊറിയയില്‍ രോഗം പടര്‍ന്നുപിടിച്ചത്.ഇതേ ദിവസം തന്നെ ഇറാനില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ ചാംപ്യന്‍സ് ലീഗ് മത്സരത്തില് സ്പാനിഷ് ക്ലബ് വാലന്‍സിയയെ അറ്റ്‌ലാന്റ തോല്‍പിച്ചതും ഇതേ ദിനം തന്നെ ആയിരുന്നു. ബെര്‍ഗാമോ നഗരത്തിലെ മൂന്നില്‍ ഒന്ന് ജനങ്ങളും അന്ന് ആ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇതേ ദിനം തന്നെ ആയിരുന്നു ലാസ് വെഗാസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒമ്പതാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും നടന്നത്.

56-ാം ദിനം, വൈറ് ലോക വ്യാപനത്തില്‍

56-ാം ദിനം, വൈറ് ലോക വ്യാപനത്തില്‍

പുതുവര്‍ഷം തുടങ്ങി 56-ാം ദിനം എത്തി. ഫെബ്രുവരി 25. ആഗോളതലത്തില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 80,000 എത്തി. ചൈനയില്‍ ഉള്ളതിനേക്കാള്‍ രോഗികള്‍ പുറംനാടുകളില്‍ ഉണ്ടായി. ഒറ്റ ദിവസം ചൈനയില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.

ഇതിനിടയില്‍ ഇറ്റലിയില്‍ ആദ്യ മരണം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 25 ന് ഇത് 11 ല്‍ എത്തി. ഇറ്റലിയില്‍ ചിലയിടങ്ങളില്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇറാനില്‍ മരണം കുത്തനെ ഉയര്‍ന്നു. ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 14 ആയി. ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിന് പുറപ്പെട്ടു. അമേരിക്കയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞു.

66-ാം ദിവസം, ഇറ്റലിയില്‍ ഗുരുതരം

66-ാം ദിവസം, ഇറ്റലിയില്‍ ഗുരുതരം

ആറ് ദിവസം കൊണ്ട് ഇറ്റലിയില്‍ മരണം ആറിരട്ടിയായി. 230 ല്‍ അധികം ആളുകളാണ് മരിച്ചത്. പിന്നീടിത് പ്രതിദിനം 1,200 മരണം വരെ ആയി ഉയര്‍ന്നു. റോമില്‍ സ്‌കൂളുകള്‍ എല്ലാം അടച്ചു.

ഇതിനിടെ മാര്‍ച്ച് 6 ന് ബ്രിട്ടനില്‍ ആദ്യ കൊറോണ വൈറസ് മരണം സ്ഥിരീകരിച്ചു. 70 വയസ്സുള്ള സ്ത്രീ ആണ് മരിച്ചത്. വൈറസ് വ്യാപനം മാരകമാകുമെന്ന് ലോകത്തിന് ഏറെക്കുറേ ബോധ്യപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് അപ്പോഴും നേരം വെളുത്തിരുന്നില്ല. ആശുപത്രിയില്‍ കൊറോണ വൈറസ് രോഗികള്‍ക്ക് ഹസ്തദാനം ചെയ്തു എന്ന് ബോറിസ് പരസ്യമായി പ്രഖ്യാപിച്ചു. ഇനിയും ഹസ്താനം നല്‍കുന്നത് തുടരും എന്നും പറഞ്ഞു.

71-ാം ദിനം, പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു

71-ാം ദിനം, പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു

മാര്‍ച്ച് 11 ന് ആണ് കൊറോണ വൈറസ് കൊണ്ടുണ്ടാകുന്ന രോഗം അഥവാ, കൊവിഡ്19 ഒരു പകര്‍ച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. ലോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഈ ഘട്ടത്തില്‍ ട്രംപ് ഭരണകൂടവും പ്രഖ്യാപിച്ചു.

ആഗോള തലത്തില്‍ രോഗിബാധ 116,000 പേരില്‍ എത്തി. അമേരിക്കയില്‍ ഈ സമയം രോഗികളുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും ഓഹരി വിപണികള്‍ വലിയ തകര്‍ച്ച നേരിടാന്‍ തുടങ്ങി. സൗദി-റഷ്യ പ്രശ്‌നത്തില്‍ എണ്ണവിലയും ഇടിഞ്ഞു. ഇറ്റലിയില്‍ മരണ നിരത്ത് കുത്തനെ ഉയര്‍ന്നു.

ബ്രിട്ടന്‍ അപ്പോഴും രോഗവ്യാപനത്തെ ഗൗരവത്തിലെടുത്തില്ല. വൈറസ് ബാധ വന്നുപോകട്ടേ, അതൊരു ഹെര്‍ഡ് ഇമ്യൂണിറ്റി സൃഷ്ടിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍.

 77-ാം ദിനം, ലോകം നിശ്ചലമാകുന്നു

77-ാം ദിനം, ലോകം നിശ്ചലമാകുന്നു

മാര്‍ച്ച് 17 ആകുമ്പോഴേക്കും ലോകം ഏറെക്കുറേ നിശ്ചലമായിത്തുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അവരുടെ അതിര്‍ത്തികള്‍ അടച്ചു. യുദ്ധത്തിലാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഇറ്റലിയില്‍ പ്രതിദിനം മരണം 450 ന് മുകളില്‍ എത്തി. മരണ സംഖ്യയില്‍ ചൈനയെ മറിടക്കുന്ന നിലയിലെത്തി. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം പതിനായിരങ്ങളായി. ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. രോഗബാധയില്‍ മരിച്ചവരില്‍ മൂന്നിലൊന്നും യൂറോപ്പില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ പുറത്ത് വന്നു.

മാര്‍ച്ച് 23, 83-ാം ദിനം

മാര്‍ച്ച് 23, 83-ാം ദിനം

മാര്‍ച്ച് 23 ആയപ്പോഴേക്കും ബ്രിട്ടന് സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സ്‌പെയിനില്‍ ഒറ്റ ദിവസം മരിച്ചവരുടെ എണ്ണം 400 ല്‍ എത്തി. ന്യൂയോര്‍ക്കില്‍ 5000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി 20,000 കേസുകളാണ് അപ്പോള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നത്.

ചൈനയില്‍ രോഗബാധ കുറയുന്നതായി ഏറെക്കുറേ സ്ഥിരീകരിച്ചു. പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഒരുരോഗി പോലും ഉണ്ടാകാത്ത ദിനം ആയിരുന്നു ചൈനയെ സംബന്ധിച്ച് മാര്‍ച്ച് 23.

തൊട്ടടുത്ത ദിവസം ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു നരേന്ദ്രമോദി. ലോകചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ജനങ്ങള്‍ ഒറ്റയടിക്ക് ലോക്ക് ഡൗണില്‍ ആകുന്ന സാഹചര്യം ഇന്ത്യയില്‍ സംജാതമായി.

93-ാം ദിനം, മറ്റൊരു നിര്‍ണായക ദിനം

93-ാം ദിനം, മറ്റൊരു നിര്‍ണായക ദിനം

ഏപ്രില്‍ 2 കൊവിഡ് രോഗത്തിന്റെ വ്യാപനത്തിലെ മറ്റൊരു നിര്‍ണായക ദിനമായി. രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത് ഈ ദിനത്തില്‍ ആയിരുന്നു. മരണം അരലക്ഷവും കവിഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ഒറ്റ ദിവസം മരിച്ചത് 950 പേര്‍. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മരണം ആറായിരത്തിലെത്തി. ട്രക്കുകള്‍ പോലും ശീതീകരിച്ച് മോര്‍ച്ചറികള്‍ ആക്കേണ്ട അവസ്ഥയില്‍ എത്തി ന്യൂയോര്‍ക്ക് നഗരം.

99-ാം ദിനം, ലോകം കൊടിയ ഭീതിയില്‍

99-ാം ദിനം, ലോകം കൊടിയ ഭീതിയില്‍

ഏപ്രില്‍ 8-ാം തിയ്യതി ആയപ്പോഴേക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ ആയി. യൂറോപ്പിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടര്‍ന്നു. ഇതിനിടെ, ചൈനയില്‍ ഒരു മരണം പോലും സംഭവിക്കാത്ത ഒരു ദിവസവും വന്നെത്തി.

അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടര്‍ന്നു. ആഗോളതലത്തില്‍ മരണം 75,000 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 13 ലക്ഷത്തിലെത്തി.

100-ാം ദിനം

100-ാം ദിനം

ഏപ്രില്‍ 9 ന് ആയിരുന്നു ഈ ദശാബ്ദത്തിലെ 100-ാം ദിനം. അപ്പോഴേക്കും രോഗവ്യാപനം പതിനാറ് ലക്ഷം ആളുകളിലേക്ക് എത്തി. മരണം 90,000 കവിഞ്ഞു. അമേരിക്കയില്‍ മരണം പതിനേഴായിരത്തിനടുത്തെത്തി. രോഗികളുടെ എണ്ണം 4.6 ലക്ഷം പേരും. ലോകത്തെ നാലില്‍ ഒന്ന് രോഗികളും അമേരിക്കയില്‍ ആണ് എന്ന നിലയില്‍ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍ ഇപ്പോള്‍.

ഇന്ത്യയില്‍ രോഗവ്യാപനം കാര്യമായി അറിയാത്തത് വേണ്ടത്ര പരിശോധനകള്‍ നടക്കാത്തതിനാണെന്ന് ആരോപണം ഉയര്‍ന്നു. രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

English summary
The first 100 days of 2020, which changed the world because of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X