ഇന്ത്യക്കാർക്കായി അതിർത്തി തുറന്ന് മാലിദ്വീപ്: 15 മുതൽ പ്രവേശനം, മാർഗ്ഗനിർദ്ദേശം പുറത്ത്
മെലേ: കൊവിഡിനെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ മാലിദ്വീപ്. ജൂലൈ 15 മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് മാലിദ്വീപിലേക്ക് പ്രവേശനം നൽകുമെന്നാണ് മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. എന്നാൽ മാലിദ്വീപിലേക്ക് വരുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കിറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. യാത്ര പുറപ്പെടുന്ന സമയത്തിന്റെ 90 മണിക്കൂറിൽ നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്.
ഇതോടൊപ്പം ദക്ഷിണേഷ്യൻ യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് മാലിദ്വീപ് പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഇബ്രാഹിം സാലിഹ് അറിയിച്ചിട്ടുണ്ട്. അതേ സമയം വർക്ക് വിസയുള്ളവർക്ക് ജൂലൈ ഒന്നുമുതൽ പ്രവേശനം നൽകിവരുന്നുണ്ട്. എന്നാൽ രാജ്യത്തിന് പുറത്ത് നിന്ന് എത്തുന്നവർ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുക. രാജ്യത്തുടനീളമുള്ള നിരവധി റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഇത് ആശ്വാസകരമാണ് വീണ്ടും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1 മുതൽ 15 വരെ ഇടയ്ക്കിടെ രാജ്യത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്ന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ലോകത്തെ ഏറ്റവു മനോഹരമായ ബീച്ചുകളുള്ള രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്. ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്നതാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് മാലിദ്വീപിലേക്ക് പറന്നത്. എന്നാൽ ഇന്ത്യയിലെ രോഗവ്യാപനത്തിന്റെ തോത് വർധിച്ചതോടെയാണ് ഇന്ത്യക്കാർക്ക് മാലിദ്വീപ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനത്തിന് ശമനം വന്നതോടെയാണ് വീണ്ടും ഇന്ത്യയ്ക്കാർക്കായി മാലിദ്വീപ് അതിർത്തികൾ തുറക്കുന്നത്.
കൊവിഡ് വ്യാപനത്തിനിടെ ജനുവരി ആദ്യം നാല് ലക്ഷെം സഞ്ചാരികളാണ് മാലിദ്വീപിലെത്തിയത്. ഇതിൽത്തന്നെ നല്ലൊരു ശതമാനം പേരും ഇന്ത്യയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ എത്തിയവരായിരുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ റഷ്യയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളും മാലിദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ യാത്ര പുറപ്പെടുന്നതിന്റെ 24 മണിക്കൂർ മുമ്പ് തങ്ങളുടെ ആരോഗ്യം സംബന്ധിച്ച ഒരു സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. മാലിദ്വീപിൽ നിന്ന് മടങ്ങുന്നതിന് 24 മണിക്കൂർ മുമ്പും സത്യവാങ്മൂലം സമർപ്പിക്കണം. എന്നാൽ ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ വിനോദസഞ്ചാരികളല്ലാതെ രാജ്യം സന്ദർശിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് പിസിആർ ടെസ്റ്റ് നടത്തി താമസ സ്ഥലത്തോ റിസോർട്ടിലോ ക്വാറന്റൈനിൽ പാർപ്പിക്കും. ഇതിനുള്ള ചെലവ് അതാത് വ്യക്തികൾ തന്നെ വഹിക്കേണ്ടതുണ്ട്. സംഘമായെത്തുന്നവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ബാക്കിയുള്ളവരെ ചട്ടപ്രകാരം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.












Click it and Unblock the Notifications