റഷ്യയ്ക്ക് എട്ടിന്റെ പണി!! ഖത്തര്‍-യൂറോപ്പ് നീക്കം വന്‍ തിരിച്ചടി... കൂടുതല്‍ രാജ്യങ്ങള്‍ കരാറിന്
ദുബായ്: യുക്രൈനെതിരെ യുദ്ധം തുടങ്ങിയതോടെ അമേരിക്കന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് യൂറോപ്പ് റഷ്യയ്‌ക്കെതിരെ നടപടി തുടങ്ങിയത്. റഷ്യയെ സാമ്പത്തികമായി ഞെരുക്കത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക, റഷ്യയുമായുള്ള യൂറോപ്പിന്റെ ഇടപാടുകള്‍ കുറയ്ക്കണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ ശരിക്കും പെട്ടുപോയത് റഷ്യ മാത്രമല്ല, യൂറോപ്പ് കൂടിയാണ്.
റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവുമാണ് യൂറോപ്പിനെ ചലിപ്പിച്ചിരുന്നത്. പൊടുന്നനെ ഇത് നിര്‍ത്തിവയ്ക്കുക എന്നത് വലിയ പ്രതിസന്ധിയാകുമെന്ന് മനസിലാക്കിയ യൂറോപ്പ്, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടത് യൂറോപ്പിന്റെ വെല്ലുവിളിയായിരുന്നു. ഒടുവില്‍ യൂറോപ്പ് കണ്ടെത്തിയ ബദലാണ് ഖത്തര്‍.

യൂറോപ്പ് എണ്ണയും വാതവും വാങ്ങുന്നത് കുറച്ചതോടെ റഷ്യ കുരുക്കിലായി. വരുമാന മാര്‍ഗം അടയുമെന്ന ഘട്ടം വന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ റഷ്യ എണ്ണയും വാതകവും വല കുറച്ച് വില്‍ക്കാന്‍ തുടങ്ങി. ഇത് അവസരമാക്കിയത് ഇന്ത്യയും ചൈനയുമായിരുന്നു. മാത്രമല്ല, സൗദി അറേബ്യ പോലും റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടി.
റഷ്യയില്‍ നിന്നാണ് നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. നേരത്തെ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് സൗദി അറേബ്യയായിരുന്നു. പിന്നീട് ഇറാഖ് വന്നു. റഷ്യ എത്തിയതോടെ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യ വലിയ അളവില്‍ എണ്ണ വാങ്ങിയതോടെ റഷ്യയ്ക്ക് നേട്ടമായി. എന്നാല്‍ യൂറോപ്പിലേക്ക് മറ്റൊരു വഴിയില്‍ വാതകം എത്തുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാണ്.
ഫ്രാന്‍സും നെതര്‍ലാന്റ്‌സുമാണ് ഖത്തറുമായി വാതക കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഫ്രാന്‍സ് കഴിഞ്ഞാഴ്ചയും നെതര്‍ലാന്റ്‌സിലെ ഷെല്‍ കമ്പനി കഴിഞ്ഞ ദിവസവും കരാര്‍ ഒപ്പുവച്ചു. 27 വര്‍ഷത്തേക്കാണ് ഷെല്‍ കമ്പനിയുമായുള്ള കരാര്‍ എന്നത് എടുത്തുപറയേണ്ടതാണ്. അതായത് 2050 വരെ ഖത്തറില്‍ നിന്ന് വന്‍തോതില്‍ വാതകം വാങ്ങുന്നതാണ് കരാര്‍. ഓരോ വര്‍ഷവും 35 ലക്ഷം ടണ്‍ വാതകമാണ് വാങ്ങുക.
ഏഷ്യന്‍ രാജ്യങ്ങളുമായി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിരുന്ന ഖത്തര്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കുന്നു എന്നത് എടുത്തുപറയേണ്ട മാറ്റമാണ്. ലോകത്ത് ഏറ്റവും ലിക്വിഫൈഡ് നാച്യുറല്‍ ഗ്യാസ് (എല്‍എന്‍ജി) കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ഈ ഗള്‍ഫ് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് പ്രകൃതി വാതകം.
ഖത്തറുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതക ഇറക്കുമതി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ റഷ്യയ്ക്ക് വലിയ തിരിച്ചടിയാകും. ഖത്തറും യൂറോപ്പും തമ്മിലുള്ള കരാറിന് അമേരിക്കയുടെ പിന്തുണയുണ്ട്. ഈ വേളയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമടക്കം കൂടുതല്‍ എണ്ണ വിറ്റ് വരുമാനം കണ്ടെത്തുകയാകും റഷ്യയുടെ ബദല്‍ ആദായ നീക്കം.












Click it and Unblock the Notifications