വേണ്ട... കൊല്ലരുത്.. പിതാവിന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച്... കുട്ടിയുടെ അപേക്ഷ, ഹൃദയം പിളരുന്നു
സന്‍ആ: പിതാവിന്റെ മൃതദേഹത്തിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന കുട്ടി. പിടിക്കാന്‍ വന്നവരോട് വേണ്ട.. വേണ്ട.. കൊല്ലരുത് എന്ന് മാത്രം ഭയം നിറഞ്ഞ മുഖത്തോടെ കുട്ടി ആവര്‍ത്തിക്കുന്നു. ഏത് പ്രശ്‌നങ്ങളിലും പ്രതിസന്ധിയിലും കുഞ്ഞുങ്ങളാണ് ദുരിതം പേറേണ്ടി വരുന്നത്. സങ്കടമാണ് യമനില്‍ നിന്നുള്ള കാഴ്ച. ഇവിടെ ബോംബ് വീഴാത്ത ഒരു നഗരവും ഗ്രാമവുമില്ല.
സ്‌ഫോടന ശബ്ദം കേള്‍ക്കാത്ത കൊച്ചുകുട്ടികളുമില്ല. ഈ കുട്ടികള്‍ മാനസിക വിഭ്രാന്തി കാണിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ പറയുന്നത്. എന്തൊരു കാഴ്ചയാണിത്. കഴിഞ്ഞ ദിവസം സൗദി സൈന്യത്തിന്റെ ബോംബ് വീണ വിവാഹ വീട്ടിലെ കാഴ്ചയായിരുന്നു കുരുന്നിന്റേത്. റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്...

പിതാവിന്റെ മൃതദേഹത്തിന് പിന്നില്‍
പിതാവിന്റെ മൃതദേഹത്തിന് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ് ബാലന്‍. മൃതദേഹം വിട്ടുപോരാന്‍ കുട്ടി തയ്യാറല്ല. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി ഭയം കൊണ്ട് നോക്കാന്‍ പോലും മടിക്കുന്നു. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.

ആഘോഷത്തിനിടെ
യമനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലാണ് സംഭവം. 40 ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുന്നതിനിടെയാണ് വിവാഹ വീട്ടിലേക്ക് മിസൈലാക്രണമുണ്ടായത്.

കുതിച്ചെത്തിയ മിസൈലുകള്‍
പരിക്കേറ്റവരെ നിരവധി ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ അഷ്‌വല്‍ പറയുന്നു. ബാനി കയ്‌സ് ജില്ലയിലെ അല്‍ റക്കയിലാണ് വിവാഹ വീട്ടിലേക്ക് മിസൈലുകള്‍ കുതിച്ചെത്തിയത്.

കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ചിട്ടും
ഏഴ് വയസുള്ള കുട്ടിയുടെ ചിത്രമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കുട്ടിയെ സഹായിക്കാനും എഴുന്നേല്‍പ്പിക്കാനും എത്തിയവരെ പോലും കുട്ടി ഭയക്കുന്നു. കൊല്ലപ്പെട്ട പിതാവിന്റെ ശരീരത്തിന് പിന്നിലേക്ക് ഒളിക്കാന്‍ ശ്രമിക്കുകയാണ് കുട്ടി.

സിറിയ അല്ല യമന്‍
സിറിയയിലെ ചെറിയ സംഭവം പോലും വിവാദമാക്കുന്ന പാശ്ചാത്യ മാധ്യമങ്ങളും നേതാക്കളും യമനിലെ ക്രൂരമായ അക്രമങ്ങള്‍ കണ്ടില്ലേ എന്നാണ് റഷ്യന്‍ മാധ്യമങ്ങളുടെ ചോദ്യം. സിറിയയില്‍ അമേരിക്കയും ബ്രിട്ടനും രാഷ്ട്രീയ ലാഭത്തിനുള്ള ഇടപെടലാണ് നടത്തുന്നതെന്ന് റഷ്യ ആരോപിക്കുന്നു. ഇക്കാര്യം ശരിവയ്ക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

യമനിലെ യുദ്ധക്കളം
വിവാഹ വീടെന്നോ ആഘോഷങ്ങളെന്നോ അക്രമികളുടെ കേന്ദ്രങ്ങളെന്നോ തരംതിരിവില്ലാതെയാണ് യമനിലെ യുദ്ധക്കളം. ആഘോഷത്തിലും ആഹ്ലാദത്തിലുമായിരുന്ന ഒരു വിവാഹ വീട്ടിലേക്കാണ് കഴിഞ്ഞദിവസം മിസൈലുകള്‍ കുതിച്ചെത്തിയത്. സന്തോഷം നിറഞ്ഞുനിന്നിരുന്ന ആ വിവാഹ പന്തല്‍ നിമിഷ നേരം കൊണ്ട് ചോരക്കളമായി.

വരാനുണ്ടായ കാരണം
സൗദി അറേബ്യന്‍ സഖ്യസേന യമനില്‍ ആക്രമണം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്ന് വര്‍ഷം മുമ്പ് ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍ രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ വേളയിലായിരുന്നു സൗദി സഖ്യസേനയുടെ യമനിലേക്കുള്ള വരവ്. യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് ഇന്ന് അധികാര പരിധി കുറവാണ്.

ഐക്യരാഷ്ട്ര സഭയ്ക്ക് പുല്ലുവില
വെള്ളിയാഴ്ച താഇസ് പ്രവിശ്യയില്‍ രണ്ടു വാഹനങ്ങള്‍ക്ക് നേരെ സഖ്യസേനയുടെ ആക്രമണമുണ്ടായിരുന്നു. 17 സാധാരണക്കാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ക്കറ്റില്‍ നിന്ന് ചരക്കുകളുമായി മടങ്ങിയ സംഘത്തിന്റെ വാഹനമാണ് ആക്രമണത്തില്‍ തകര്‍ന്നത്. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം പതിവുപോലെ തുടരുകയും ചെയ്യുന്നു.

സൗദിയുടെ ലക്ഷ്യം
യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയാണ്. ഇദ്ദേഹത്തെ വിറപ്പിച്ചാണ് ഹൂത്തി പട സന്‍ആയിലേക്ക് എത്തിയത്. 2015ലായിരുന്നു ഹൂഥി മുന്നേറ്റം. ഇതോടെ ഹാദി ഏദന്‍ നഗരത്തിലേക്ക് പിന്‍മാറി. അവിടെ കേന്ദ്രീകരിച്ചാണ് ഹാദിയുടെ ഭരണം. ഇദ്ദേഹം സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ഹാദി ഭരണം പുനസ്ഥാപിക്കുകയാണ് സൗദിയുടെ ലക്ഷ്യം.

അംഗീകാരമില്ലാത്ത വിമതര്‍
യമനിലെ മുക്കാല്‍ ഭാഗങ്ങളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവരെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. സൗദിയുടെയും അമേരിക്കയുടെയും പിന്തുണ ഹാദി ഭരണകൂടത്തിനാണ്. ഈ അവസരത്തിലാണ് യമനില്‍ വ്യാപക അക്രമം നടക്കുന്നത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.

10000ത്തിലധികം പേര്‍
യമനില്‍ ഇതുവരെ 10000ത്തിലധികം സാധാരണക്കാര്‍ അറബ് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സൗദി സഖ്യത്തില്‍ യുഎഇയും ബഹ്‌റൈനുമുണ്ട്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഷിയാ സംഘമാണ് ഹൂഥികള്‍. ഇവരെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് സൗദി ഭരണകൂടം ആരോപിക്കുന്നു.












Click it and Unblock the Notifications