യുക്രൈൻ-റഷ്യ യുദ്ധത്തിൽ സെലൻസ്‌കിയെ കുറ്റപ്പെടുത്തി ട്രംപ്; 'പുടിനുമായി ഉടൻ കൂടിക്കാഴ്‌ച നടത്തും'
ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധത്തിൽ വ്ളാദിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം ആരംഭിക്കാൻ കാരണം സെലൻസ്‌കിയാണെന്ന് പറഞ്ഞ ട്രംപ് ഏകദേശം മൂന്ന് വർഷം മുമ്പ് റഷ്യയുമായുള്ള പോരാട്ടം അവസാനിപ്പിക്കാൻ അദ്ദേഹം ഒരു കരാർ ഉണ്ടാക്കേണ്ടതായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞു. സന്ധി സംഭാഷങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
മൂന്നാം വർഷത്തിലേക്ക് കടക്കുന്ന യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയിലെ റിയാദിൽ നടന്ന ചർച്ചയിൽ യുഎസും റഷ്യയും പങ്കെടുത്തതിന് പിന്നാലെയാണ് ഈ സംഭവ വികാസം. എന്നാൽ ചൊവ്വാഴ്‌ചത്തെ ചർച്ചയിൽ യുക്രൈൻ പങ്കെടുത്തിരുന്നില്ല. അവരെ ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിന് പിന്നാലെ സെലൻസ്‌കി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വരുന്ന ചർച്ചയുടെ ഫലമായി വരുന്ന ഒരു കാര്യവും അംഗീകരിക്കാൻ തയ്യാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനോടാണ് ട്രംപ് കുറച്ചുകൂടി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. യുക്രൈൻ യുദ്ധം തുടങ്ങിയത് സെലാൻസ്‌കി ആണെന്ന രീതിയിൽ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
'അയ്യോ, ഞങ്ങളെ ക്ഷണിച്ചിട്ടില്ല എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു. ശരി നിങ്ങൾ മൂന്ന് വർഷമായി അവിടെ തന്നെയുണ്ട്. നിങ്ങൾ തന്നെ അത് അവസാനിപ്പിക്കേണ്ടതായിരുന്നു. നിങ്ങൾ ഒരിക്കലും അത് ആരംഭിക്കാനും പാടില്ലായിരുന്നു. കുറഞ്ഞത് നിങ്ങൾക്ക് ഒരു കരാർ എങ്കിലും ഉണ്ടാക്കാമായിരുന്നു' ട്രംപ് സെലൻസ്‌കിയ്ക്ക് മറുപടി നൽകി.
കൂടാതെ ഈ മാസം തന്നെ റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിനുമായി താൻ കൂടിക്കാഴ്‌ച നടത്തുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുടിനുമായും സെലൻസ്‌കിയുമായും ബന്ധപ്പെട്ടിരുന്നതായി ട്രംപ് അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് തന്ത്രപ്രധാനമായ ചർച്ചകൾ ആരംഭിച്ചത്.
അതിനിടെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനും നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കാൻ റഷ്യയും യുഎസും ഒരുപോലെ സമ്മതിച്ചതായി ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. റിയാദിൽ വച്ച് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
വാഷിംഗ്‌ടണിലെയും മോസ്‌കോയിലെയും എംബസികളിൽ ജീവനക്കാരെ പുനഃസ്ഥാപിക്കുക, യുക്രൈൻ സമാധാന ചർച്ചകളെ പിന്തുണയ്ക്കുന്നതിനും, അടുത്ത ബന്ധങ്ങളും സാമ്പത്തിക സഹകരണവും ഊർജ്ജിതമാക്കുന്നതിനും ഒരു ഉന്നതതല സംഘത്തെ രൂപീകരിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ പിന്തുടരാൻ ഇരുപക്ഷവും വിശാലമായി സമ്മതിച്ചതായാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി അറിയിച്ചത്.












Click it and Unblock the Notifications