തുര്‍ക്കിയും ഇസ്രായേലും ഇനി ഒറ്റക്കെട്ട്; ബന്ധം പുനഃസ്ഥാപിച്ചു... ശത്രുത ഒഴിവാക്കി ഇരുരാജ്യങ്ങളും
ടെല്‍ അവീവ്: തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനം. ഇസ്രായേല്‍ പ്രധാനമന്ത്രി യര്‍ ലാപിഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും ഉടന്‍ അംബാസഡര്‍മാരെയും കോണ്‍സല്‍ ജനറല്‍മാരെയും നിയമിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി തുര്‍ക്കി സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഉര്‍ദുഗാനെയും വിദേശകാര്യമന്ത്രിയെയും കാണുകയും ചെയ്തതോടെയാണ് മഞ്ഞുരുകിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയും ഇക്കാര്യം ശരിവച്ചു. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിലെ തുര്‍ക്കിയുടെ അംബാസഡറെ ടെല്‍ അവീവിലാകും നിയമിക്കുക. ഇസ്രായേലിലെ പ്രധാന നഗരമാണ് ടെല്‍ അവീവ്. പൊതുവെ ഇവിടെ ആസ്ഥാനമാക്കിയാണ് ഇസ്രായേല്‍ ഭരണം നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ജറുസലേമിലേക്ക് ആസ്ഥാനം മാറ്റാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന വേളയില്‍ ഇക്കാര്യം അമേരിക്ക അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ലോകത്തെ മറ്റു രാജ്യങ്ങള്‍ ഇസ്രായേലിന്റെ തീരുമാനത്തോട് യോജിച്ചിട്ടില്ല. കാരണം ക്രിസ്ത്യാനികളും ജൂതരും മുസ്ലിങ്ങളും പുണ്യ കേന്ദ്രമായി കാണുന്ന സ്ഥലമാണ് ജറുസലേം. ഇവിടെ കേന്ദ്രമായി രാജ്യം വേണമെന്നാണ് പലസ്തീന്‍കാരുടെ ആവശ്യം. ഇസ്രായേല്‍ സൈന്യം 1967ലെ യുദ്ധത്തില്‍ പലസ്തീനില്‍ നിന്ന് ജറുസലേം പിടിച്ചടക്കിയ ശേഷം വിട്ടുകൊടുത്തിട്ടില്ല.
ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നാല് മാസം മുമ്പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. 2008ന് ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ആദ്യമായിട്ടാണ് തുര്‍ക്കിയിലെത്തിയത്. പിന്നീടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി വന്നത്. ഇതോടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ശുഭ പര്യവസാനമായി. ഇസ്രായേല്‍ പൗരന്‍മാരുടെ പുരോഗതിക്ക് തുര്‍ക്കിയുമായുള്ള ബന്ധം ആവശ്യമാണ് എന്ന് ഇസ്രായേല്‍ ഭരണകൂടം വിലയിരുത്തുന്നു. സാമ്പത്തികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ ഈ ബന്ധം നേട്ടമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
2010ല്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു കപ്പല്‍ വ്യൂഹം ഗസയിലേക്ക് പുറപ്പെട്ടിരുന്നു. ഗസക്കെതിരായ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഗസയിലെത്തും മുമ്പ് ഈ കപ്പല്‍ വ്യൂഹത്തെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയില്‍ നിന്നുള്ള ഒമ്പതു പേരും കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണമാണ് എന്ന് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെയാണ് തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരായിരുന്നു കപ്പലുകളില്‍. എന്നാല്‍ ഇരുരാജ്യങ്ങളും 2016ല്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. അംബാസഡര്‍മാരെ നിയോഗിക്കുകയും ചെയ്തു. 2018ല്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി നിരവധി പലസ്തീന്‍കാരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി വീണ്ടും ബന്ധം വിഛേദിക്കുകയായിരുന്നു.












Click it and Unblock the Notifications