ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
പലവിധത്തിലുള്ള കാരണങ്ങളാണ് ഓരോ ആളുകള്‍ക്കുമായി വരുന്നത്. കരാര്‍ ലംഘനം, വിവേചനം എന്നിവ ഇതിനോടകം ട്വിറ്ററിനെതിരെ ഉയര്‍ന്ന് കഴിഞ്ഞു

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് പുറത്താക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിത്യേന എന്ന നിരക്കിലാണ് ഇത് വര്‍ധിക്കുന്നതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുറത്താക്കിയ ജീവനക്കാര്‍ക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകനാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഏകദേശം നൂറോളം ജീവനക്കാര്‍ ഇതിനോടകം തന്നെ അഭിഭാഷകയായ ലിസാ ബ്ലൂമിനെ സമീപിച്ച് കഴിഞ്ഞു.
എന്നാല്‍ പുറത്താക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇവര്‍ക്ക് കൈകാര്യം ചെയ്യുന്നതിനും അപ്പുറത്തേക്കാണ് അത് നീങ്ങിയിരിക്കുന്നത്. ഇക്കാര്യം അവര്‍ തന്നെയാണ് ബിബിസിയോട് വെളിപ്പെടുത്തിയത്.

പല കാരണങ്ങള്‍ പറഞ്ഞാണ് ട്വിറ്റര്‍ പുറത്താക്കുന്നത്. പലവിധത്തിലുള്ള കാരണങ്ങളാണ് ഓരോ ആളുകള്‍ക്കുമായി വരുന്നത്. കരാര്‍ ലംഘനം, വിവേചനം എന്നിവ ഇതിനോടകം ട്വിറ്ററിനെതിരെ ഉയര്‍ന്ന് കഴിഞ്ഞു.
ഇലോണ്‍ മസ്‌ക് വന്നതോടെ എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തിയെന്നാണ് ആരോപണം. അമേരിക്കയില്‍ മാത്രമല്ല, ബ്രിട്ടനില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരും ട്വിറ്ററിനെതിരെ രംഗത്തുണ്ട്.
ഇവരും നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ ആഫ്രിക്കയിലെ ഏക ഓഫീസ് ഘാനയിലാണ്. ഇവിടെയുള്ളവരും ലീഗല്‍ കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ട്.
കമ്പനിയെ നയിക്കുന്നതില്‍ ഇലോണ്‍ മസ്‌ക് പരാജയപ്പെട്ടു എന്നാണ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നത്. ട്വിറ്ററിലെ മുന്‍ പ്രൊഡക്ട് ഹെഡ് ആമിര്‍ ഷെവത്തിന് ഒരുപാട് കാര്യങ്ങളാണ് പറയാനുള്ളത്.
തന്റെ ടീമിലെ 150 ജീവനക്കാരെ ഒറ്റരാത്രി കൊണ്ടാണ് മസ്‌ക് പിരിച്ചുവിട്ടതെന്ന് ഷെവത്ത് പറയുന്നു. ഇവരുടെ കമ്പ്യൂട്ടറുകളെല്ലാം പെട്ടെന്ന് തന്നെ നിലച്ചു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ വന്നു. ഒരു സൂചന പോലും തരാതെയായിരുന്നു ഈ നീക്കം. ഈ രീതി വന്നാല്‍ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റില്ല. യാതൊന്നും ചെയ്യാന്‍ പറ്റില്ല. ഇത് പുറത്താക്കല്‍ നടപടിയാണ്.
കമ്പനിക്ക് വേണ്ടി അഹോരാത്രി ജോലിയെടുത്ത, അങ്ങേയറ്റം കമ്പനിയെ സ്‌നേഹിച്ച പലരെയും മസ്‌ക് പുറത്താക്കി. അവരുടെ ആത്മവീര്യത്തെ തന്നെ ഇല്ലാതാക്കിയെന്നും ഷെവത്ത് ആരോപിച്ചു. അത് മാത്രമല്ല നാല് മാസത്തെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപിച്ച മസ്‌ക് വാക്ക് മാറ്റിയെന്നും, ഒരു മാസത്തെ ശമ്പളം മാത്രമാണ് നല്‍കുന്നതെന്നും, കാരണമൊന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications