'അഷ്റഫ് ഗനിയ്ക്കും കുടുംബത്തിനും അഭയം നൽകി': തുറന്ന് സമ്മതിച്ച് യുഎഇ, മാനുഷികപരിഗണനയെന്ന് വിശദീകരണം
ദുബായ്: താലിബാൻ ഭീകരർ രാജ്യം പിടിച്ചടക്കിയതോടെയാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത്. ആദ്യം താജിക്ക്കിസ്താനിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജ്യം അനുമതി നിഷേധിച്ചതോടെ ഗനി ഒമാനിലേക്ക് പോയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇതിനിടെ ഗനി എവിടെയാണുള്ളതെന്ന് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
താലിബാൻ അഫ്ഗാനിസ്ഥാനിലെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുത്ത് മുന്നേറുന്നതിനിടെയാണ് ഗനി അഫ്ഗാനിസ്ഥാനിലേക്ക് എത്തുന്നത്. ഇതിനിടെ നാറ്റോ സേനയുടെ പിന്മാറ്റം മുതലെടുത്ത് ദിവസങ്ങൾക്കം കാബൂൾ വരെ കയ്യടക്കിയതോടെ ഗനി ഹെലികോപ്റ്റർ മാർഗ്ഗം അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇട്ട ചെരിപ്പ് പോലും മാറ്റാൻ സമയം ലഭിച്ചില്ലെന്ന് പിന്നീട് ഗനി തന്നെ വെളിപ്പെടുത്തിയിരുന്നു. താലിബാന്റെ കയ്യിൽക്കിട്ടിയാൽ ഇല്ലാതാക്കുമെന്ന് ഭയന്നിരുന്നുവെന്നും ഗനി പിന്നീട് തുറന്നുപറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ച് മുന്നേറിക്കൊണ്ടിരുന്ന താലിബാൻ ഞായറാഴ്ച വൈകുന്നേരത്തോടെ താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രവേശിക്കുകയും യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് 72 കാരനായ ഗനി അഫ്ഗാനിസ്ഥാൻ വിട്ടു. രക്തച്ചൊരിച്ചിൽ തടയുന്നതിന് വേണ്ടി രാജ്യം വിടുകയായിരുന്നു ഗനി ഫേസ്ബുക്കിൽ കുറിച്ചത്. താലിബാൻ ലക്ഷ്യമിട്ടത് തന്നെ സ്ഥാനഭൃഷ്ടനാക്കുന്നതിന് വേണ്ടിയും കാബൂൾ ആക്രമിക്കാനുമായിരുന്നുവെന്നാണ് ഗനി ചൂണ്ടിക്കാണിച്ചത്. ഇതിനേക്കാൾ ഭേദം രാജ്യം വിട്ടുപോകുന്നതാണെന്ന് തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെന്നും ഗനി വ്യക്തമാക്കിയിരുന്നു.

അഫ്ഗാൻ വിടാനെത്തിയ ഗനി കാറിൽ നിറയെ കെട്ടുകണക്കിന് പണം നിറച്ച പെട്ടികളുമേന്തിയാണ് ഹെലികോപ്റ്ററിൽ കയറുന്നതിനായി എത്തിയതെന്നാണ് കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയത്. എംബസിയെ ഉദ്ധരിച്ച് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ കൊണ്ടുവന്ന മുഴുവൻ പണവും ഹെലികോപ്റ്ററിൽ കയറ്റാൻ കഴിയാതെ വന്നതോടെ ബാക്കി ഉപേക്ഷിച്ച് പോയെന്നുമാണ് മാധ്യമറിപ്പോർട്ടിൽ പറയുന്നത്.

ബുധനാഴ്ച വരെയും അഫ്ഗാൻ വിട്ട ഗനി എവിടെയാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലേക്കോ ഉസ്ബെക്കിസ്ഥാനിലേക്കോ താജിക്കിസ്ഥാനിലേക്കോ പോയെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. അതേ സമയം ഭാര്യയുടെ ജന്മദേശമായ ലെബനനിലേക്ക് പോയെന്നും കരുതിയിരുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ കെയര്‍ടേക്കര്‍ പ്രസിഡന്റായി വൈസ് പ്രസിഡന്റ് അമറുള്ള സലെ സ്വയം പ്രഖ്യാപിച്ചിരുന്നു. താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റിനാണ് പകരം ചുമതല. പ്രസിഡന്റ് രാജ്യം വിടുകയോ രാജിവെക്കുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഇത് പ്രാബല്യത്തിൽ വരിക. താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് ഉറപ്പായതോടെ ഞായറാഴ്ച തന്നെ സലെ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

'താലിബാനു മുന്നില്‍ തല കുനിക്കേണ്ട സാഹചര്യം എനിക്കൊരിക്കലുമില്ല. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല. എന്റെ ഹീറോയായ, കമാന്‍ഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ല. എന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ല. താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും' എന്നായിരുന്നു സലെയുടെ ട്വീറ്റ്. അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താന്റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ എന്നാക്കി താലിബാൻ മാറ്റിയിരുന്നു. ശരീഅത്ത് നിയമങ്ങൾ രാജ്യത്ത് വീണ്ടും പ്രാബല്യത്തിൽ വരുമെന്ന ഭയത്തിലാണ് അഫ്ഗാൻ ജനത ഓരോ ദിവസവും തള്ളി നീക്കുന്നത്.

ഇതിനിടെയാണ് അഫ്ഗാൻ വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയിലേക്ക് എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഗനി രാജ്യത്ത് എത്തിയവിവരം സ്ഥിരീകരിച്ചിട്ടുള്ളത്. മാനുഷിക പരിഗണന നൽകിക്കൊണ്ടാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നൽകിയതെന്നാണ് യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം യുഎഇയിൽ ഗനി എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്താനിൽ നിന്ന് താജിക്കിസ്താനിലേക്കാണ് ഗാനി രക്ഷപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവരുന്നത്. ഞായറാഴ്ചയോടെ കാബൂൾ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഗനിയും രാജ്യം വിടുന്നത്.

യുഎഇ ഇത് ആദ്യമായല്ല, മുൻ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും, ഇപ്പോൾ സ്വന്തം രാജ്യത്ത് അഭയം നൽകുന്നത്. 2017 ൽ മുൻ തായ് പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്രയ്ക്ക് ഇത്തരത്തിൽ അഭയം നൽകിയിയിരുന്നു. അദ്ദേഹത്തിന് അഞ്ച് വർഷത്തേക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുക്കുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു നീക്കം. സ്പെയിൻ രാജാവ് ജുവാൻ കാർലോസ് കഴിഞ്ഞ ഓഗസ്റ്റിൽ യുഎഇയിൽ അഭയം തേടിയിരുന്നു.

2007ൽ കൊല്ലപ്പെടുന്നതിന് മുമ്പ് പാകിസ്താനി പ്രതിപക്ഷ നേതാവ് ബേനസീർ ഭൂട്ടോയും യുഎഇയിൽ അഭയം തേടിയിട്ടുണ്ട്. എട്ട് വർഷത്തോളമാണ് അവർ യുഎഇയിൽ കഴിഞ്ഞത്. 1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച മുൻ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.
2014 ൽ അഫ്ഗാനിസ്ഥാനെ തന്നെ പൊളിച്ചെഴുതുമെന്ന വാഗ്ദാനത്തിലാണ് ഗനി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല.

അധികാരത്തില്‍ നിന്നും പുറത്തായി രാജ്യം വിട്ടുപോയ മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് താജിക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസി. രാജ്യത്തെ ഖജനാവില്‍ നിന്നും സമ്പത്ത് അപഹരിച്ചു കൊണ്ടു പോയെന്നാണ് ഗനിക്കെതിരെയുള്ള പരാതി. ഇതിനിടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അഷ്‌റഫ് ഗനി മോഷ്ടിച്ച സമ്പത്ത് രാജ്യാന്തര ട്രിബ്യൂണലിനെ ഏല്‍പ്പിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. അഷ്‌റഫ് ഗനിക്ക് പുറമെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹംദുള്ള മുഹിബ്, പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് ഫസെല്‍ മഹ്‌മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്ന് താജിക് എംബസി ആവശ്യപ്പെട്ടു. അതേ സമയം അഫ്ഗാൻ എംബസിയില്‍ നിന്നും ഗനിയുടെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുത്തു മാറ്റിയതായും ടോളോ ന്യൂസ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.












Click it and Unblock the Notifications