യുഎഇയും സൗദി അറേബ്യയും ഈ രാജ്യം ഏറ്റെടുക്കുമോ? കോടികളുടെ പദ്ധതി, ഇന്ത്യയോടും തേടി
അറബ് രാജ്യങ്ങളിലെ പ്രധാനി ആണെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈജിപ്ത് നേരിടുന്നത്. തൊഴില്‍ രഹിതരായ സമൂഹം ആണ് വലിയ വെല്ലുവിളി. ജോലി സൃഷ്ടിക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിനും തലവേദനയാണ്. കടംകയറി 160 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു. സൗദി അറേബ്യയും യുഎഇയും കോടികളുടെ വായ്പ നല്‍കി സഹായിച്ചിരുന്നു. എന്നിട്ടും മതിയാകാതെ വന്നതോടെ ഭൂമി കൈമാറുകയാണ്.
ഒരുകാലത്ത് മേഖലയിലെ പ്രധാന സൈനിക-സാമ്പത്തിക ശക്തിയായിരുന്നു ഈജിപ്ത്. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക മേഖലയിലും ഔന്നിത്യമുള്ള നാട്. ഏകാധിപതികള്‍ രാജ്യം വാഴാന്‍ തുടങ്ങിയതോടെ അഴിമതി കൊടികുത്തി വാണു. തകര്‍ച്ച വേഗത്തിലായി. ഇപ്പോള്‍ പഴയ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സിസി ആണ് പ്രസിഡന്റ്. ഇദ്ദേഹം ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഭൂമികൈമാറ്റം...

ഖത്തറുമായി നാല് വര്‍ഷത്തോളം ഉടക്കിലായിരുന്നു ഈജിപ്ത്. മുല്ലപ്പൂ വിപ്ലവം ടുണീഷ്യ കടന്ന് ഈജിപ്തിലെത്തിയപ്പോള്‍ വളമിട്ടു കൊടുത്തത് ഖത്തറിന്റെ നിയന്ത്രണത്തിലുള്ള അല്‍ജസീറ ചാനലാണ് എന്നായിരുന്നു ഈജിപ്തിന്റെ വിമര്‍ശനം. ഇതാണ് 2017ല്‍ ഉപരോധം പ്രഖ്യാപിക്കാന്‍ ഇടയാക്കിയത്. 2021ല്‍ ഉപരോധം പിന്‍വലിച്ച ശേഷം ഖത്തറിന്റെ സഹായവും ഈജിപ്ത് തേടുന്നുണ്ട്.
സൗദി അറേബ്യയും യുഎഇയും നേരത്തെയും ഈജിപ്തിന് സാമ്പത്തിക സഹായം ചെയ്തിരുന്നു. എന്നാല്‍ പടുകുഴിയില്‍ വീണ സാമ്പത്തിക രംഗം പച്ചപിടിപ്പിക്കാന്‍ ഈ സഹായം കൊണ്ട് സാധിച്ചില്ല. വീണ്ടും സഹായം തേടിയപ്പോഴാണ് പുതിയ ആശയം മുന്നോട്ട് വെക്കപ്പെട്ടത്. ഈജിപ്തിലെ മനോഹരമായ സ്ഥലങ്ങള്‍ കൈമാറുക. അവിടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വരുമാന മാര്‍ഗമുണ്ടാക്കാം. നിരവധി പേര്‍ക്ക് ജോലിയും കിട്ടും.
ജോലി വരും, പണം വരുന്നു
ടൂറിസം, കാര്‍ഷികം, തുറമുഖം എന്നീ മേഖലകളിലെ ചില സ്ഥലങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈജിപ്ത് ഇപ്പോള്‍ കൈമാറുന്നത്. ചെങ്കടല്‍ തീരത്തെ പുതിയ പദ്ധതി 1.70 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് ഈജിപ്ത് ഭരണകൂടത്തിന്റെ പ്രതീക്ഷ. ടൂറിസത്തിലും നഗര വികസനത്തിലുമാണ് സര്‍ക്കാര്‍ കേന്ദ്രീകരിക്കുന്നത് എന്ന് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പറയുന്നു.
സൗദി അറേബ്യയുടെ സിറ്റി സ്റ്റാര്‍ ഗ്രൂപ്പ്, യുഎഇയുടെ ഇമാര്‍ പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികള്‍ക്കാണ് ഈജിപ്ത് ചെങ്കടല്‍ തീരത്തെ സ്ഥലം കൈമാറിയിരിക്കുന്നത്. 18.5 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഇവിടെ കൂറ്റന്‍ ടൂറിസ്റ്റ് കോംപ്ലക്‌സുകള്‍ ഇരു കമ്പനികളും സ്ഥാപിക്കും. മറാസി റെഡ് സീ പ്രൊജക്ട് എന്ന പേരില്‍ ബൃഹദ് പദ്ധതിയാണ് ഒരുങ്ങുന്നത്.
2028 ആകുമ്പോള്‍ മൂന്ന് കോടി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ഈജിപ്തിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സ്ഥലം വിദേശ കമ്പനികള്‍ക്ക് കൈമാറുന്നത് കൈവിട്ട കളിയാണ് എന്ന് ചില സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂയസ് കനാല്‍ ഈജിപ്തിന് വലിയ ലാഭം നല്‍കിയിരുന്നു. ചെങ്കടലില്‍ ഹൂത്തികള്‍ ഇസ്രായേല്‍ കപ്പലുകള്‍ ആക്രമിച്ചതോടെ ഈ വരുമാനം കുറഞ്ഞു. അടുത്തിടെ പ്രസിഡന്റ് സിസി ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ സഹായവും തേടിയിരുന്നു.












Click it and Unblock the Notifications