റഷ്യയെ പൂട്ടാന്‍ യുഎഇയും വിചാരിക്കണം: അനുകൂല തീരുമാനം തേടി പാശ്ചാത്യ സംഘം ദുബായില്‍
റഷ്യയുമായുള്ള ബന്ധത്തില്‍ യുഎഇയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പാശ്ചാത്യ സഖ്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യുഎഇയില്‍. ഉക്രെയ്‌നിനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പശ്ചാത്യ സമ്മർദ്ദം ഏറെയുണ്ടായിട്ടും ഇന്ത്യ, യുഎഇ പോലുള്ള ചില രാജ്യങ്ങള്‍ റഷ്യയുമായുള്ള വ്യാപാരം പഴയപടിപോലെ തന്നെ തുടർന്ന് വരികയാണ്.
റഷ്യയുമായുള്ള ഇടപാടില്‍ നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ യുഎഇയോട് അമേരിക്ക ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അനുകൂലമായ മറുപടിയായിരുന്നില്ല ഗള്‍ഫ് രാജ്യ നല്‍കിയിരുന്നത്. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് തന്നെ യു എ ഇയിലെത്തി അനുനയ ചർച്ചകള്‍ ആരംഭിച്ചത്.

യു എ ഇയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചില വസ്തുകള്‍ റഷ്യ ഉക്രൈനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടർന്നാണ് ഉപരോധം ചർച്ചകള്‍ സജീവമാക്കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ ആഴ്ച യുഎഇയിലേക്ക് എത്തിയത്. ഇക്കാര്യം യുഎസ് എംബസി വക്താവ് സ്ഥിരീകരിച്ചതായും സിഎൻഎന്‍ റിപ്പോർട്ട് ചെയ്യുന്നു.
"സിവിലിയൻ, സൈനിക ഉപയോഗങ്ങളുള്ള കമ്പ്യൂട്ടർ ചിപ്പുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, മറ്റ് ഇരട്ട-ഉപയോഗ ഉൽപ്പന്നങ്ങൾ എന്നിവ റഷ്യയുടെ കൈകളില്‍ എത്താതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്" സന്ദർശനം ആദ്യമായി റിപ്പോർട്ട് ചെയ്ത വാൾസ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു. "റഷ്യയ്‌ക്കെതിരായ ഉപരോധവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകൾ പരിഹരിക്കാൻ യുഎഇ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുന്നു," വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു മുതിർന്ന യുഎഇ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു.
അമേരിക്കയില്‍ നിന്നും യുഎഇയിലേക്ക് എത്തുന്ന ചില ചിപ്പുകള്‍ റഷ്യയിലേക്ക് എത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ഈ മേഖലയില്‍ അമേരിക്ക ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍ മിഡിൽ ഈസ്റ്റിലേക്കുള്ള ചിപ്പ് വിൽപ്പന യുഎസ് തടയുന്നുവെന്ന വാർത്ത യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് വക്താവ് നിഷേധിച്ചതായി റോയിട്ടേഴ്‌സ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആയിരക്കണക്കിന് എൻവിഡിയ ചിപ്പുകൾ സൗദി അറേബ്യയും യുഎഇയും വാങ്ങുന്നതായും റിപ്പോർട്ടുണ്ട്. ചിപ്പ് വിൽപന നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഉക്രെയ്‌നിൽ നടത്തിയ സമ്പൂർണ അധിനിവേശത്തെത്തുടർന്ന് റഷ്യ യുഎസിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയിൽ ഭൂരിഭാഗവും പ്രാഥമിക ഉപരോധങ്ങളാണ്. അതായത് നിശ്ചിത രാജ്യത്തിന്റെ പ്രദേശത്ത് മാത്രമേ നടപ്പിലാക്കാൻ കഴിയൂ. ഈ സാഹചര്യത്തില്‍ ഉപരോധം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലും ശക്തമാണ്.
ഇറാന്റെ ആളില്ലാ വിമാനങ്ങൾ (UAV), ഉദ്യോഗസ്ഥരും അനുബന്ധ ഉപകരണങ്ങളും ഇറാനിൽ നിന്ന് റഷ്യയിലേക്ക് കൊണ്ടുപോകുന്നതിന് അനുവദിച്ച ഇറാനിയൻ സ്ഥാപനവുമായി സഹകരിച്ചതിന് യുഎഇ ആസ്ഥാനമായുള്ള രണ്ട് എയർ ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനങ്ങൾ ഉൾപ്പെടെ യുഎഇയിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യുഎസ് മുമ്പ് അനുമതി നൽകിയിരുന്നു.
"യുഎഇ യുഎൻ ഉപരോധങ്ങൾ കർശനമായി പാലിക്കുന്നു, കൂടാതെ നിരവധി കമ്പനികൾക്ക്, അനുവദനീയമായ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിന് വ്യക്തവും ശക്തവുമായ പ്രക്രിയകൾ നിലവിലുണ്ട്," യുഎഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസിന്റെയും ബ്രിട്ടന്റെയും ഉപരോധത്തിന് കീഴിൽ റഷ്യയുടെ എംടിഎസ് ബാങ്കിന് അനുവദിച്ച ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് മാർച്ചിൽ റദ്ദാക്കുകയും ചെയ്തിരുന്നു.
2022 ഫെബ്രുവരിയിൽ ഉക്രെയ്‌ൻ യുദ്ധം ആരംഭിച്ചതു മുതൽ ഗൾഫ് രാജ്യം രണ്ട് ചേരിയേയും പിണക്കാത്ത നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ അവർ അപലപിച്ചപ്പോള്‍ മറുവശത്ത് മോസ്കോയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ വിപുലീകരിച്ചു.












Click it and Unblock the Notifications