പ്രവാസി വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടും; ഉത്തരവിട്ട് യുകെ കോടതി
ദുബായ്; അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത് സ്ഥാപകന്‍ ബിആർ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുവാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി കൊമേഷ്യല്‍ ബാങ്കിന്‍റെ പരാതിയിലാണ് കോടതി നടപടി. ഷെട്ടിയുടെയും കമ്പനിയുടെയും ലോകവ്യാപകകമായുള്ള സ്വത്തുക്കളെല്ലാം ഈ വിധിവഴി കണ്ടുകെട്ടും. ഷെട്ടിയുടേത് കൂടാതെ എൻഎംസി ഹെൽത്തിന്റെ പ്രധാന ഉടമകളുടെയും മറ്റ് കമ്പനി എക്സിക്യൂട്ടീവുകളുടെയും ആസ്തിയും കോടതി മരവിപ്പിച്ചു.
കമ്പനി മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മാങ്ങാട്ട്, എമിറാത്തി നിക്ഷേപകരായ ഖലീഫ അൽ മുഹൈരി, സയീദ് അൽ-ഖൈബൈസി എന്നിവരുടെയും മറ്റ് രണ്ട് എക്സിക്യൂട്ടീവുകളുടെയും ആസ്തി കോടതി മരവിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2020 ഏപ്രിൽ 15 നാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ബിആര്‍ ഷെട്ടി, പ്രശാന്ത് മാങ്ങാട്ട് തുടങ്ങിയവർക്കെതിരെ ക്രിമിനൽ പരാതി നൽകിയത്. പ്രതികളുടെ എല്ലാ അക്കൗണ്ടുകളും പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി വിധിയോടെ ഇവര്‍ക്ക് ലോകത്ത് ഒരിടത്തുമുള്ള തങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാൻ സാധിക്കില്ല. യുകെയിലെ കോടതി വിധിക്ക് മുന്‍പായി, ഇന്ത്യയിലും ദുബായിലും കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
1970 കളിൽ സ്ഥാപിതമായ എൻഎംസി ഹെൽത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാവായിരുന്നു. പിന്നീട് അക്കൗണ്ടിങ്ങിലെ തട്ടിപ്പുകളെ തുടര്‍ന്ന് കമ്പനി തകരുകയായിരുന്നു.
എൻഎംസി ഹെല്‍ത്തിലും അദ്ദേഹത്തിന്റെ പേയ്‌മെന്റ് സേവന ഗ്രൂപ്പായ ഫിനാബ്ലറിലും തട്ടിപ്പ് നടന്നതായി ബിആർ ഷെട്ടി 2020 ഏപ്രിലിൽ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. കമ്പനിയിലെ ഗുരുതരമായ തട്ടിപ്പുകള്‍ സമ്മതിച്ചെങ്കിലും കുറ്റം ഒരു ചെറിയ സംഘം എക്സിക്യൂട്ടീവുകൾക്ക് മേൽ ചുമത്തി, തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഷെട്ടി വാദിച്ചത്.
250 മില്യൺ ഡോളർ കുടിശ്ശികയാണ് ബാങ്ക് ഓഫ് ബറോഡ ഇള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഷെട്ടിയ്ക്കുള്ളത്. വായ്പ തിരിച്ചുപിടിക്കുവാനായി ഷെട്ടിക്ക് രാജ്യത്ത് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2020 നവംബറിൽ യുഎഇയിലേക്ക് പോകുവാന്‍ ശ്രമിക്കുമ്പോള്‍ ബി ആർ ഷെട്ടിയെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും തടഞ്ഞിരുന്നു.
ഇന്ത്യയും സൗദിയും സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു; ചരിത്രത്തിലാദ്യം
തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?