വിജയ് മല്യയ്ക്ക് മുന്നിൽ വഴികളില്ല? അപ്പീൽ തള്ളി ബ്രിട്ടീഷ് കോടതി, 28 ദിവസത്തിനുള്ളിൽ നാടുകടത്തൽ!!
ലണ്ടൻ: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി നൽകി ബ്രിട്ടീഷ് കോടതി. കിംഗ് ഫിഷർ എയർലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ ഇതേ ആവശ്യവുമായി മല്യ സമർപ്പിച്ച ഹർജിയും കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതോടെ മല്യയ്ക്ക് മുമ്പിലുള്ള എല്ലാ നിയമവഴികൾ മിക്കവാറും അടഞ്ഞിട്ടുണ്ട്. 2018ൽ ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് മല്യയെ നാടുകടത്താനുള്ള ഉത്തരവിടുന്നത്. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഉത്തരവിനെതിരെയാണ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
'1990-2020 കാലയളവിലെ ജീവനക്കാര്ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ

മല്യ ഇന്ത്യയിലേക്കോ?
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച ഉടമ്പടി പ്രകാരം വരുന്ന 28 ദിവസത്തിനുള്ളിൽ മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള സാധ്യതകളാണുള്ളതെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് നിയമം അനുസരിച്ച് ഉടനടി 28 ദിവസത്തെ കാലാവധി ആരംഭിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ നടപടിക്രമങ്ങളും അതേ പടി നടക്കുകയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ മല്യ ഇന്ത്യയിലുണ്ടാകുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്.

കുറ്റങ്ങൾ നിരസിച്ചു
ബ്രിട്ടനിലുള്ള മല്യയെ തിരികെക്കൊണ്ടുവരുന്നതിനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കിംഗ്ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂര വായ്പയെടുത്ത മല്യക്കെതിരെ വായ്പ തിരിച്ചടയ്ക്കാത്തുമായി ബന്ധപ്പെട്ട് തുടർ നിയമ നടപടികൾ ആരംഭിച്ചതോടെയാണ് ബ്രിട്ടനിലേക്ക് കടന്നത്. 2016ലായിരുന്നു സംഭവം. നിലവിൽ ജാമ്യത്തിൽ കഴിയുന്ന മല്യ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിരസിച്ചിട്ടുണ്ട്. ജസ്റ്റിസ് സ്റ്റീഫൻ ഇർവിൻ, ജസ്റ്റിസ് എലിസബത്ത് ലെയ്നിംഗ് എന്നിവർ അധ്യക്ഷരായ ഹൈക്കോടതി ബെഞ്ചാണ് മല്യയുടെ അപ്പീൽ തള്ളിക്കളഞ്ഞിട്ടുള്ളത്.

കോടതിയ്ക്ക് ബോധ്യപ്പെട്ടു
ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മല്യയുടെ അപ്പീൽ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. മല്യ സാമ്പത്തിക തട്ടിപ്പും ഗുഡാലോചനയും നടത്തിയതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി മുതിർന്ന ജില്ലാ ജഡ്ജി ചൂണ്ടിക്കാണിച്ചിരുന്നു. മല്യ സമർപ്പിച്ചിട്ടുള്ളത് തെറ്റായ വിവരങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നാണ് 23,000 വാക്കുകളുള്ള വിധി പ്രസ്താവത്തിൽ പറയുന്നത്.

പുതിയ ട്വീറ്റ്
ഇന്ത്യൻ ബാങ്കുകളിലെ കടങ്ങൾ തീർക്കാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് മല്യയുടേതായി ഒരു ട്വീറ്റും പുറത്തുവന്നിരുന്നു. അതേ സമയം മല്യ ഉൾപ്പെടെയുള്ള വായ്പാ തട്ടിപ്പുകാർ രാജ്യം വിട്ട വിഷയത്തിൽ വിമർശനം ഏറ്റുവാങ്ങിയ പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് മല്യയുടെ നാടുകടത്തൽ വൻ വിജയമായിരിക്കും. ഈ വിഷയത്തിൽ രാഷ്ട്രീയ എതിരാളികളിൽ നിന്ന് വൻ സമ്മർദ്ദമാണ് മോദിക്കുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി, ഭാര്യ മെഹുൽ ചോക്സി എന്നിവർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് ഇന്ത്യ വിട്ടതും കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

14 ദിവസം കൂടി
ഹൈക്കോടതി അപ്പീൽ തള്ളിയതോടെ 14 ദിവസത്തിനുള്ളിൽ മല്യയ്ക്ക് ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാമെന്നാണ് ബ്രിട്ടീഷ് നാടുകടത്തൽ നിയമത്തിലെ ചട്ടം. മല്യ സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ കോടതി വിധി വന്നശേഷം മാത്രമേ നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂ. മല്യയെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഹർജിയുമായി ബ്രിട്ടനെ സമീപിച്ചിരുന്നു. പുറത്താക്കൽ വാറണ്ട് പ്രകാരം 2017 ഏപ്രിലിലാണ് ഇന്ത്യയിൽ നിന്ന് മുങ്ങിയ മല്യ അറസ്റ്റിലാവുന്നത്. നിലവിൽ ഇയാൾ ജാമ്യത്തിലാണുള്ളത്. 2016ൽ ഇന്ത്യ വിട്ട മല്യയെ സ്കോട്ട് ലന്റ് യാർഡാണ് അറസ്റ്റ് ചെയ്തത്.