റഷ്യയ്ക്കെതിരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ; 2 യാത്രാ വിമാനങ്ങൾ കത്തി നശിച്ചു
മോസ്കോ: റഷ്യൻ വിമാനത്താവളത്തിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. സ്കോഫ് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. 2 വിമാനങ്ങൾ കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ലെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ വീഡിയോയും ഗവർണർ പുറത്തുവിട്ടിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്ന് തീ ഉയരുന്നതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും പുറത്തുന്ന വീഡിയോയിൽ കാണാം. നാല് ഇല്യൂഷന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു.

യുക്രൈനിൽ നിന്നും 600 കിമി അകലെയാണ് സ്കോഫ് വിമാനത്താവളം.10-നും 20-നും ഇടയിൽ ഡ്രോണുകൾ ആണ് വിമാനത്താവളത്തിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. റഷ്യൻ സൈന്യം ഡ്രോൺ ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഡ്രോണുകളിൽ ഒന്ന് ഇന്ധനം നിറയ്ക്കുന്ന സമുച്ചയത്തിൽ ഇടിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണത്തെ തുടർന്ന് ഇവിടെ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചു.
അതിനിടെ റഷ്യയുടെ തെക്കൻ ബ്രയാൻസ്ക് മേഖലയിലും സെൻട്രൽ ഓർലോവ്, റിയാസാൻ മേഖലകളിലും യുക്രൈന്റെ ഡ്രോണുകളെ തകർത്തതായി റഷ്യൻ സൈന്യം ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ ആഴ്ച റഷ്യയിലെ ബെൽഗരത്ത് പ്രദേശത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഡ്രോൺ ആക്രമണത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല.
എന്നാൽ റഷ്യൻ പ്രദേശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അനിവാര്യമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി നേരത്തേ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications