യുക്രൈനെ പിന്തുണച്ച് വീണ്ടും യുഎസ്; 35 കോടി ഡോളറിന്റെ സൈനിക സഹായം
വാഷിങ്ടണ്‍: റഷ്യക്കെതിരായ നീക്കം ശക്തമാക്കി അമേരിക്ക. ആക്രമണം നടത്തുന്ന റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യ നടത്തുന്നത് പ്രകോപനമാണെന്നും നീതീകരിക്കാനാകാത്ത യുദ്ധമാണെന്നും ബ്ലിങ്കണ്‍ അഭിപ്രായപ്പെട്ടു. നേരത്തെയും യുക്രൈന് അമേരിക്ക സഹായം നല്‍കിയിരുന്നു. കൂടാതെ നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ സൈനികരെ യൂറോപ്പില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് അമേരിക്ക.

അതേസമയം, ലോക നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നടക്കുന്ന റഷ്യന്‍ ആക്രമണം സംബന്ധിച്ച് സെലന്‍സ്‌കി പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. യുക്രൈനിലെ സാഹചര്യം വളരെ മോശമാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
നാശനഷ്ടങ്ങളില്‍ മോദി ആശങ്ക അറിയിച്ചു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയുടെ പാതയിലേക്ക് എല്ലാ കക്ഷികളും വരണമെന്നും മോദി ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാ സഹായങ്ങളും നല്‍കുമെന്നും മോദി അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ യുക്രൈനില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവരുടെ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ ഇടപെടണമെന്നും മോദി പ്രസിഡന്റിനോട് അഭ്യര്‍ഥിച്ചു.
അതേസമയം, ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ രംഗത്തുവന്നു. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്യാതെ വിട്ടുനിന്നിരുന്നു. ഇതാണ് റഷ്യയുടെ അഭിനന്ദനത്തിന് കാരണം. സ്വതന്ത്രവും സന്തുലിതവുമായ നിലപാടാണ് ഇന്ത്യ യുഎന്നില്‍ സ്വീകരിച്ചതെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇന്ത്യ ആദരിക്കുന്നു എന്നതിന്റെ സൂചനയാണിത്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുമായി സൗഹൃദ സംഭാഷണം തുടരാന്‍ റഷ്യ ഒരുക്കമാണെന്നും എംബസി അറിയിച്ചു.
അതേസമയം, ഐക്യരാഷ്ട്രസഭയില്‍ പിന്തുണയ്ക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് മോദിയോട് അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഒരുപക്ഷവും ചേരാതെ നില്‍ക്കുകയാണ് ഇന്ത്യ. ഇനി യുക്രൈന് വേണ്ടി സംസാരിക്കണമെന്നാണ് ആ രാജ്യത്തിന്റെ പ്രസിഡന്റ് മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുലക്ഷത്തിലധികം റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ അധിനിവേശം നടത്തിയിട്ടുണ്ട്. ജനവാസ മേഖലയിലെല്ലാം ബോംബിടുകയാണ്. ഈ വേളയില്‍ അക്രമം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയമായ പിന്തുണ യുക്രൈന് നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.












Click it and Unblock the Notifications