അമേരിക്ക കളിമാറ്റി; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ പട്ടാളം വരുന്നു... മിസൈല്‍ പ്രതിരോധവും
വാഷിങ്ടണ്‍: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം വ്യാപിക്കുമെന്ന സൂചന നല്‍കി അമേരിക്കയുടെ നീക്കം. യുദ്ധക്കപ്പലുകളും 2000ത്തോളം നാവിക സൈനികരെയും അയച്ചതിന് പിന്നാലെ കൂടുതല്‍ യുദ്ധോപകരണങ്ങള്‍ മേഖലയിലേക്ക് അയക്കാന്‍ അമേരിക്കയുടെ തീരുമാനം. ഇറാഖിലും സിറിയയിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് പെന്റഗണിന്റെ നടപടി.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കഴിഞ്ഞ രണ്ടാഴ്ചയായി തുടരുകയാണ്. ആശുപത്രികളും ആംബുലന്‍സുകളും അഭയാര്‍ഥി ക്യാമ്പുകളുമടക്കം മിസൈലിട്ട് തകര്‍ക്കുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഗാസയിലുള്ളവര്‍ ഈജിപ്ത് അതിര്‍ത്തിയിലേക്ക് ഒഴിഞ്ഞുപോകണം എന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. അല്ലെങ്കില്‍ ആക്രമിക്കുമെന്നാണ് ഭീഷണി.

File Photo
അയല്‍ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുകയാണ്. ലബ്‌നാനിലെ ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിക്കുന്നുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇറാന്റെ പിന്തുണയും ആയുധ ശേഷിയുമുള്ള ഹിസ്ബുല്ല കൂടി യുദ്ധത്തില്‍ ഇടപെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഗാസയില്‍ കരയുദ്ധം തുടങ്ങിയാല്‍ ആക്രമണം ശക്തമാക്കുമെന്നാണ് ഹിസ്ബുല്ലയുടെ ഭീഷണി.
ഇസ്രായേല്‍ ആക്രമണം ശക്തമായതോടെ ലബ്‌നാനിലെ അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. 4000 പേരെയാണ് അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. മേഖലയിലുള്ളവര്‍ വേഗത്തില്‍ ഒഴിഞ്ഞു പോകണമെന്ന നിര്‍ദേശമുണ്ട്. ഇത് യുദ്ധം രൂക്ഷമാകുമെന്ന സൂചനയായി കണക്കാക്കുന്നു. ലബ്‌നാനില്‍ നിന്ന് വേഗം തിരിച്ചുപോരാന്‍ സൗദിയും കുവൈത്തും പൗരന്മാരോട് ആവശ്യപ്പെട്ടു.
അതിനിടെ, സിറിയയില്‍ രണ്ടിടത്ത് ഇന്നും മിസൈല്‍ പതിച്ചു. ആലപ്പോ നഗരത്തിലും ദമസ്‌കസിലുമാണ് ആക്രമണമുണ്ടായതെന്ന് സിറിയ അറിയിച്ചു. ഇസ്രായേല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയിലും ഇറാഖിലുമുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ യുദ്ധോപകരണങ്ങള്‍ അയക്കുന്നത്.
അമേരിക്കയുടെ അത്യാധുനിക താഡ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് പശ്ചിമേഷ്യയിലേക്ക് അയക്കുന്നത്. കൂടാതെ പാട്രിയോട്ട് പ്രതിരോധ സംവിധാനവുമെത്തും. ഇത് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച സൈനികരും വരുന്നുണ്ട്. നേരത്തെ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചിരുന്നു. ഇസ്രായേലിന് ആയുധങ്ങളും നല്‍കുന്നുണ്ട്. 2000 യുഎസ് സൈനികരും ഗാസയോട് ചേര്‍ന്ന തീരത്തെത്തിയിട്ടുണ്ട്.
സുന്നി വിഭാഗത്തില്‍പ്പെട്ട ഗാസയിലെ രാഷ്ട്രീയ-സായുധ സംഘമാണ് ഹമാസ്. അതേസമയം, ലബ്‌നാനിലെ ഹിസ്ബുല്ല ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് ഇറാന്റെ പ്രത്യക്ഷ സഹായം ലഭിക്കുമെന്ന് ഉറപ്പാണ്. സിറിയയിലെ സര്‍ക്കാരിനും ഇറാന്റെ സഹായമുണ്ട്. യുദ്ധം ലബ്‌നാനിലേക്കും സിറിയയിലേക്കും വ്യാപിച്ചാല്‍ ഇറാന്‍ പ്രത്യക്ഷമായി ഇടപെടുകയും നാശനഷ്ടം ഇരട്ടിയാകുകയും ചെയ്യുമെന്നാണ് നിരീക്ഷണം.












Click it and Unblock the Notifications