'പുടിന് വേണ്ടി യുദ്ധം ചെയ്യാൻ തയ്യാർ ' : സിറിയൻ സേന കമാൻഡർ
ബേറൂട്ട് : റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുവേണ്ടി യുദ്ധം ചെയ്യാൻ ഒരുക്കമാണെന്നും എന്നാൽ അതു സംബന്ധിച്ച് നിർദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിറിയൻ പാരാമിലിട്ടറിയിലെ സൈനികർ. പാരാമിലിട്ടറി നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ കമാൻഡർ നബിൽ അബ്‌ദള്ളയാണ് പുടിന് വേണ്ടി പോരാടാൻ ഒരുക്കമാണെന്ന് പറയുന്നത്. സിറിയൻ യുദ്ധത്തിൽ ഉപയോഗിച്ച അർബൻ കോംബാക്‌റ്റ് ആയുധങ്ങൾ ഉപയോഗിക്കാൻ താൻ ഒരുക്കമാണെന്നും കമാൻഡർ പറഞ്ഞു.
സിറിയൻ റഷ്യൻ നേതൃത്വങ്ങളിൽ നിന്ന് നിർദേശം ലഭിച്ചാൽ യുദ്ധം ചെയ്യും. ഞങ്ങൾക്ക് യുദ്ധത്തെ പേടിയില്ല. അണി ചേരാൻ ആവശ്യപ്പെട്ടാൽ അടുത്ത നിമിഷം യുദ്ധത്തിൽ ചേരാൻ തയ്യാറാണ്. യുക്രൈന്റെ തെരുവുകളിൽ യുദ്ധം ചെയ്യും. സിറിയയിൽ തീവ്രവാദികൾക്ക് നേരെ പ്രയോഗിച്ച യുദ്ധ തന്ത്രങ്ങൾ ഞങ്ങൾ പ്രയോഗിക്കുമെന്നും സൈനികർ പറയുന്നു. അതേ സമയം ഈ സേനയെ യുദ്ധത്തിന് ഉപയോഗിക്കുമോയെന്ന ചോദ്യത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം ഇന്നും തുടരുകയാണ്. അമേരിക്ക ഉൾപ്പടെയുളള പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും യുദ്ധവുമായി പുടിൻ മുന്നോട്ട് പോകുകയാണ്. അതിനിടെ റഷ്യയെ പിന്തുണക്കുന്ന ചൈനക്ക് അമേരിക്ക ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം കടുപ്പിക്കുന്നതിനിടെ റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനാണ് ധാരണയെന്നാണ് സൂചന. യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിനുള്ള മറുപടിയെന്നോണമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെയുള്ള ഉപരോധം കടുപ്പിച്ചത്.
അതേ സമയം ഇന്ത്യ നടത്തുന്ന ക്രൂഡ് ഓയില്‍ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ തീരുമാനം ഉപരോധങ്ങളുടെ ലംഘനമല്ലെന്നും എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. റഷ്യന്‍ നേതൃത്വത്തെ സഹായിക്കുന്ന ഏതൊരു നടപടിയും അവര്‍ നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സാകി അഭിപ്രായപ്പെട്ടിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ഉപരോധം ശക്തമായതോടെയാണ് ഇന്ത്യ ഉള്‍പ്പെടെ തങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തീരുമാനിച്ചത്.












Click it and Unblock the Notifications