യുകെയിൽ ആശങ്കയായി പുതിയ കൊവിഡ് വകഭേദമായ എരിസ്; വ്യാപനം വേഗത്തിൽ..അറിയാം ലക്ഷണങ്ങൾ
ഇന്ത്യ: യുകെയിൽ ആശങ്കയായി കൊവിഡിന്റെ പുതിയ വകഭേദം. എരിസ് (ഇ ജി 5.1) എന്ന പേരിൽ അറിയപ്പെടുന്ന വകഭേദം വളരെ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഈ സാഹര്യത്തിൽ രാജ്യത്ത് ജാഗ്രത തുടരുകയാണ്.
ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം യുകെയിൽ തിരിച്ചറിഞ്ഞത്. ഒമിക്രോൺ വകഭേദത്തിൽ പെട്ടതാണ് എരിസ്. യുകെയിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് റിപ്പോർട്ട്. ജൂലൈ 10 ഓടെ യുകെയിൽ സ്ഥിരീകരിച്ചിരുന്ന ഏകദേശം 11.8 ശതമാനം കേസുകളും എരിസ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കേസുകളിൽ വളരെ പെട്ടെന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. എരിസ് കേസുകൾ ഇപ്പോൾ 14.6% ആയി ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

യുകെയിലെ റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളിൽ 5.4 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്ക് 1.17 ശതമാനത്തില്‍ നിന്ന് 1.97 ശതമാനമായും ഉയർന്നതായി യുകെയിലെ ആരോഗ്യ സുരക്ഷ ഏജൻസി വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയെങ്കിലും ഐസിയു പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രോഗ വ്യാപനം വേഗത്തിലാകുന്ന പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പുലർത്താൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ വാക്സിനേഷൻ തന്നെ വൈറസിനെ തടയാൻ പര്യാപ്തമാണെന്നും സംഘടന വ്യക്തമാക്കി. നിരീക്ഷിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എരിസ് വിഭാഗത്തെ ലോകാരോഗ്യ സംഘടന ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
എരിസിന്റെ ലക്ഷണങ്ങൾ
ഒമിക്രോണിന്റെ സമാന ലക്ഷണങ്ങൾ തന്നെയാണ് എറിസിനും. മൂക്കൊലിപ്പ്, തലവേദന, കടുത്ത ക്ഷീണം, ഇടയ്ക്കിടെയുള്ള തുമ്മ, തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങൾ.
മോശം കാലാവസ്ഥയും രോഗം പടരാൻ കാരണമായിട്ടുണ്ടാകാം എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വേനലധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതോടെ കൊവിഡ് കേസുകൾ വർധിച്ചേക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എരിസ് ഇന്ത്യയിൽ പുതിയ തരംഗത്തിന് കാരണമാകുമോ?
ജനസംഖ്യയിൽ ഭൂരിഭാഗവും ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളതിനാൽ യുകെയിൽ സ്ഥിരീകരിച്ച പുതിയ വകഭേദം ഇന്ത്യയിൽ പുതിയ കൊവിഡ് തരംഗത്തിന് കാരണമാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എരിസ് വ്യാപിക്കില്ലെന്നാണ് വിലയിരുത്തലെങ്കിലും ആളുകൾ മാസ്ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications