രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് എവിടെ? അലഞ്ഞുനടക്കുന്നു!! പ്രതാപ കാലത്ത് വിലസിയ അഷ്‌റഫ് ഗനി
കാബൂള്‍: അന്തര്‍ദേശീയ തലത്തില്‍ ഒരുകാലത്ത് അഫ്ഗാന്റെ മുഖമായിരുന്നു അഷ്‌റഫ് ഗനി. ലോകത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പ്രശസ്ത സര്‍വകലാശാലകളില്‍ അധ്യാപകനാകുകയും ചെയ്ത അദ്ദേഹം ഏറ്റവും ഒടുവില്‍ ഒരു രാജ്യത്തും സ്ഥിരവാസമില്ലാതെ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുവന്നാലും രാജ്യം വിടില്ലെന്നും അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും അവസാന നിമിഷം വരെ പറഞ്ഞ അഷ്‌റഫ് ഗനി താലിബാന്‍ കാബൂളിലെത്തിയതോടെ നിലപാട് മാറ്റി. ആരെയും അറിയിക്കാതെ രാജ്യം വിടുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണ് എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അഷ്‌റഫ് ഗനി കുടുംബത്തോടൊപ്പം രാജ്യം വിട്ടത്. നേരെ പോയത് അയല്‍രാജ്യമായ താജിക്കിസ്താനിലേക്ക്. എന്നാല്‍ അവിടെ ഇറങ്ങാന്‍ താജിക്കിസ്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. താലിബാന്റെ ഭീഷണി തങ്ങള്‍ക്കെതിരെയും വരുമോ എന്ന ആശങ്ക താജിക്കിസ്താനുണ്ടായിരുന്നു. ഈ രാജ്യവുമായുള്ള അതിര്‍ത്തി താലിബാന്റെ നിയന്ത്രണത്തിലാണ്.

താജിക്കിസ്താനില്‍ ഇറങ്ങാന്‍ അവസരം ലഭിക്കാതെ വന്നതോടെ അഷ്‌റഫ് ഗനിയും കൂട്ടരും ഗള്‍ഫ് രാജ്യമായ ഒമാനിലേക്ക് പോയി. ഞായറാഴ്ച രാത്രി അഫ്ഗാന്‍ വിട്ട അദ്ദേഹം ഒമാനിലെത്തി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവിടെയും അദ്ദേഹം സ്ഥിരമാക്കിയില്ല. ഒമാനില്‍ നിന്ന് അമേരിക്കയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍.

ഏറ്റവും ഒടുവില്‍ അഷ്‌റഫ് ഗനി യുഎഇ തലസ്ഥാനമായ അബുദാബിയിലുണ്ട് എന്നാണ് വാര്‍ത്തകള്‍. കാബൂള്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാനുഷിക പരിഗണന നല്‍കി യുഎഇ അനുമതി നല്‍കി എന്ന് എപിയും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച അഫ്ഗാന്‍ വിട്ട അഷ്‌റഫ് ഗനി ബുധനാഴ്ചയാണ് അബുദാബിയില്‍ എത്തിയതത്രെ. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഞാന്‍ രാജ്യം വിട്ടത് എന്നായിരുന്നു രക്ഷപ്പെട്ട ശേഷം അഷ്‌റഫ് ഗനിയുടെ ഫേസ്ബുക്ക് കുറിപ്പ്.

നാല് ബാഗുകളില്‍ നിറയെ പണം എടുത്ത ശേഷമാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാബൂളിലെ റഷ്യന്‍ എംബസിയും ഇക്കാര്യം പറഞ്ഞിരുന്നു. നാല് കാറുകളിലും ഹെലികോപ്റ്ററിലും നിറയെ പണവുമായിട്ടാണ് ഗനി മുങ്ങിയത് എന്നായിരുന്നു റഷ്യന്‍ എംബസിയുടെ പ്രതികരണം. ഞങ്ങളുടെ കൈ പിന്നിലേക്ക് കെട്ടിയിട്ട് ഗനി രക്ഷപ്പെട്ടു എന്നായിരുന്നു പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വിമര്‍ശനം.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഷ്‌റഫ് ഗനിയെ ഭീരുവായിട്ടാണ് ചിത്രീകരിക്കുന്നത്. രാജ്യം പ്രതിസന്ധിയിലായ വേളയില്‍ താലിബാന് ജനങ്ങളെ വിട്ടുകൊടുത്ത് ഗനി മുങ്ങി എന്നാണ് വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മന്ത്രിമാരും ഗനിയെ വിമര്‍ശിക്കുകയാണ്. താലിബാനും വിമര്‍ശിച്ചു. രാജ്യത്തെ വഞ്ചിച്ചുകൊണ്ട് അദ്ദേഹം മുങ്ങി എന്നായിരുന്നു താലിബാന്റെ പ്രതികരണം.

കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് അഷ്‌റഫ് ഗനി. ലോകബാങ്കിലും ഐക്യരാഷ്ട്ര സഭയിലും ജോലി ചെയ്തിരുന്നു. അമേരിക്കയിലെ ചില വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചു. അമേരിക്കന്‍ അധിനിവേശം തുടങ്ങിയ ശേഷമാണ് അഫ്ഗാനില്‍ തിരിച്ചെത്തിയത്. ഹാമിദ് കര്‍സായി സര്‍ക്കാരില്‍ ധനമന്ത്രിയുമായി.

അധികാരമോഹിയാണ് അഷ്‌റഫ് ഗനി എന്ന വിമര്‍ശനമുണ്ട്. ഇടക്കാലത്ത് അദ്ദേഹം യുദ്ധപ്രഭു അബ്ദുല്‍ റാഷിദ് ദോസ്തവുമായി കൈകോര്‍ത്ത് ഭരണം പിടിച്ചു. അധികാരം നഷ്ടമാകുമെന്ന വേളയില്‍ അമേരിക്ക സഹായവുമായി എത്തി. താലിബാന്‍ പൂര്‍ണമായും കീഴടങ്ങിയെന്നും അഫ്ഗാന്‍ സൈന്യം ശക്തരാണെന്നും അദ്ദേഹം വീമ്പു പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ താലിബാന്‍ ഭരണം പിടിക്കുന്നതാണ് കണ്ടത്.












Click it and Unblock the Notifications