സൗദി അറേബ്യയെ ഇന്ത്യ പൂർണ്ണമായും കൈവിടുമോ: റഷ്യ വന്നപ്പോള്‍ തുടങ്ങിയ ഇടിവ് പുതിയ റെക്കോർഡില്‍
ഡൽഹി: സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 2023 ജൂലൈയിൽ പ്രതിദിനം ആയിരം ബാരൽ (480 കെഡിബി) എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. എനർജി ഇന്റലിജൻസ് സ്ഥാപനമായ വോർടെക്‌സയുടെ പ്രതിമാസ ഡാറ്റയാണ് ഈ വിവരം പുറത്ത് വിടുന്നത്. 2023 ജൂലൈയിൽ ഇന്ത്യ 4.6 എംഡിബി ക്രൂഡ് ഇറക്കുമതി ചെയ്തു. അതേസമയം, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 2023 ജൂലൈയിൽ റെക്കോർഡ് നിരക്കിലേക്ക് ഉയർന്നു.
റഷ്യയില്‍ നിന്നും പ്രതിധിനം 1.9 എംബിഡി (പ്രതിദിനം ദശലക്ഷം ബാരൽ) ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. അതായത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള പരമ്പരാഗത പങ്കാളികളുടേതിനേക്കാള്‍ ഏകദേശം ഇരട്ടി ഇറക്കുമതിയാണ് റഷ്യയയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇറാഖിൽ നിന്ന് 891 കെഡിബി, സൗദി അറേബ്യയിൽ നിന്ന് 484 കെഡിബി, യുഎഇയിൽ നിന്ന് 290 കെഡിബി, അമേരിക്കയില്‍ നിന്ന് 219 കെഡിബി, ആഫ്രിക്കയിൽ നിന്ന് 298 കെഡിബി എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ ഇന്ത്യയുടെ പ്രധാന ഇറക്കുമതികള്‍.

"ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ജൂലൈയിൽ ശക്തമായി തുടരുന്നു. അതേസമയം, സൗദി അറേബ്യ ക്രൂഡിന്റെ ഇറക്കുമതി കഴിഞ്ഞ മാസം 480കെഡിബി എന്ന ഒന്നിലധികം വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി, "വോർടെക്സയുടെ എപിഎസി അനാലിസിസ് മേധാവി സെറീന ഹുവാങ് പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ഇന്ത്യ, 2022 ഫെബ്രുവരിയിൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തെത്തുടർന്നാണ് റഷ്യയിൽ നിന്നുള്ള വാങ്ങലുകൾ വർദ്ധിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡിന്മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതി ഡിസ്കൗണ്ട് നിരക്കിൽ വൈവിധ്യവൽക്കരിക്കുകയായിരുന്നു.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനുമുമ്പ്, ഇന്ത്യ മൊത്തം ഇറക്കുമതിയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. 2022 ഒക്‌ടോബർ മുതൽ, സൗദി അറേബ്യയെയും ഇറാഖിനെയും പിന്തള്ളി റഷ്യയാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രാജ്യം. റഷ്യ വില കുറച്ചതോടെ എവിടെ നിന്നാണ് വില കുറഞ്ഞ് ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങുക എന്ന നയം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു.
ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് വിപണി വിലയ്ക്ക് വാങ്ങിയാല്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടാകും. കാരണം പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ എത്തിക്കുന്നതിനേക്കാള്‍ ചെലവാണ് റഷ്യയില്‍ നിന്ന് എത്തിക്കുക എന്നത്. പക്ഷേ, റഷ്യ വില കുറച്ചതോടെ ഇത് ലാഭകരമായി മാറുകയായിരുന്നു.
അതേസമയം, 2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയായി റഷ്യ മാറി. 41.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ നടത്തിയിട്ടുള്ളത്. 2020-21 സാമ്പത്തിക വര്‍ഷം ഇത് വെറും 5.4 ബില്യണ്‍ ഡോളറായിരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications