34കാരി സന മരിനെ മുതൽ 61കാരൻ കൈസ് സയീദിനെ വരെ വിടാതെ മലയാളി, 2019ലെ താരങ്ങളായ ലോകനേതാക്കൾ
സൂര്യന് താഴെയുളള എന്ത് വിഷയത്തെ കുറിച്ചും ചർച്ച ചെയ്യുന്നവരാണ് മലയാളികൾ. ഏത് ആഗോള വിഷയത്തിലും മലയാളിക്ക് അഭിപ്രായം കാണും. ലോക രാഷ്ട്രീയമൊക്കെ മലയാളിക്ക് ചായക്കടയിലെ ചർച്ചാ വിഷയങ്ങളാണ്. നരേന്ദ്ര മോദിയേയും അമിത് ഷായേയും രാഹുൽ ഗാന്ധിയേയും സീതാറാം യെച്ചൂരിയേയും കുറിച്ച് മാത്രമല്ല ഡൊണാൾഡ് ട്രംപിനേയും ജസ്റ്റിൻ ട്രൂഡോയേയും ജസിന്ത ആഡേണിനേയും കുറിച്ച് വരെ മലയാളി ചർച്ചിച്ച് കളയും.
2019ൽ അത്തരത്തിൽ ഒരുപിടി ലോക നേതാക്കളുണ്ട് മലയാളിയുടെ ശ്രദ്ധ പിടിച്ച് പറ്റിയവർ. സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ചർച്ചയായവർ. 34 കാരിയായ ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ മുതൽ 61 കാരനായ ടുണീഷ്യൻ പ്രസിഡണ്ട് കൈസ് സയീദ് വരെയുളളവർ അക്കൂട്ടത്തിലുണ്ട്.

സന മരിന്‍
അടുത്തിടെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളള ഒരു ലോകനേതാവ് 34ാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി മാറിയ സന മരിനാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഫിന്‍ലാന്‍ഡ് ഭരിക്കുന്നത്. ഈ അഞ്ച് പാര്‍ട്ടികളുടെ തലപ്പത്തും യുവതികള്‍ തന്നെ. എല്ലാവരും 35 വയസ്സില്‍ താഴെ പ്രായമുളളവര്‍. സ്വവര്‍ഗാനുരാഗികളായ രണ്ട് സ്ത്രീകളാണ് സനയെ വളര്‍ത്തിയത്. വാടക വീട്ടില്‍ വളര്‍ന്നും ബേക്കറിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി പഠിച്ചുമൊക്കെയാണ് രാജ്യത്തിന്റെ നേതൃപദവിയിലേക്ക് സന നടന്ന് കയറിയത്. ഫിന്‍ലന്‍ഡിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന മരിന്‍.

ജസിന്ത ആഡേണ്‍
ന്യൂസിലന്‍ഡിലെ മുസ്ലീം പളളിയില്‍ വെടിവെയ്പ്പുണ്ടായപ്പോഴാണ് ജസിന്ത കേറ്റ് ലോറല്‍ ആഡേണ്‍ അഥവാ ജസിന്ത ആഡേണ്‍ എന്ന പേര് ലോകത്തെ പോലെ മലയാളിയും ചര്‍ച്ച ചെയ്ത് തുടങ്ങിയത്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 മുസ്ലീംങ്ങള്‍ക്ക് വേണ്ടി ആ രാജ്യത്തുളള മുഴുവന്‍ മുസ്ലീംകളേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് ജസിന്ത ആഡേണ്‍ കാരുണ്യത്തിന്റെ പ്രതീകമായത്. അസ്സലാമു അലൈകും എന്ന് അഭിവാദ്യം ചെയ്തും ഹിജാബ് ധരിച്ചെത്തിയും മുസ്ലീം സമൂഹത്തോട് ജെസിന്ത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട ഓരോ മുസ്ലീംമിന്റെയും വീട്ടുകാരെ ചേര്‍ത്ത് പിടിച്ച്, തനിക്ക് വലുത് വെടിവെച്ച ന്യൂസിലന്‍ഡുകാരല്ല, വെടിയേറ്റ് വീണ അഭയാര്‍ത്ഥികളാണ് എന്ന് പറഞ്ഞ് ജസിന്ത മലയാളികളുടെ മാത്രമല്ല ലോകത്തെ മനുഷ്യസ്‌നേഹികളുടെ മുഴുവന്‍ ഹൃദയം കീഴടക്കി.

കൈസ് സയീദ്
അറബ് വസന്തത്തിന് തുടക്കമിട്ട, മുല്ലപ്പൂ വിപ്ലവത്തിന്റെ നാടായ ടുണീഷ്യയുടെ പുതിയ പ്രസിഡണ്ടാണ് കൈസ് സയീദ്. രാഷ്ട്രീയത്തില്‍ ഒരു വിധത്തിലുളള മുന്‍പരിചയം ഇല്ലാതിരുന്നിട്ടും അതികായരെ മലര്‍ത്തിയടിച്ച് രാജ്യത്തിന്റെ പ്രസിഡണ്ട് പദവിയിലേക്ക് എത്തിയാണ് 61കാരനായ കൈസ് സയീദ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. യുവാക്കളുടെ പിന്തുണയോടെ 72.71 ശതമാനം വോട്ട് നേടിയാണ് സയീദീന്റെ അപ്രതീക്ഷിത വിജയം. സ്വന്തമായി ഒരു ഓഫീസ് പോലും ഇല്ലാതെ, തിരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താതെയാണ് നബീല്‍ കരോയി എന്ന ശക്തനായ എതിരാളിയെ തോല്‍പ്പിച്ച് സയീദ് ടുണീഷ്യയുടെ പ്രഥമ പൗരനായത്.

ജസ്റ്റിന്‍ ട്രൂഡോ
2018ല്‍ കേരളം ഏറ്റവും കൂടുതല്‍ ആഘോഷിച്ച ലോകനേതാക്കളില്‍ മുന്‍ നിരയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പേര് ഉറപ്പായുമുണ്ട്. ഇസ്ലാമോഫോബിയയ്ക്ക് എതിരായ തുറന്ന നിലപാടുകളിലൂടെയും നടപടികളിലൂടെയുമാണ് ട്രൂഡോ കയ്യടി നേടിയത്. 2019 ഒക്ടോബറില്‍ ട്രൂഡോ വീണ്ടും കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും മലയാളി ചര്‍ച്ച ചെയ്തിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തിന് ശേഷം ലോകമെമ്പാടുമുളള മുസ്ലീംങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം വന്‍ ശ്രദ്ധ നേടിയിരുന്നു. കുടിയേറ്റത്തോട് വളരെ ഉദാരമായ നിലപാട് സ്വീകരിച്ചും ട്രൂഡോ ശ്രദ്ധേയനാണ്. ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച് പീഡനങ്ങള്‍ അനുഭവിച്ച റഹാഫ് അല്‍ ക്വനൂനെ എന്ന സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കിയതും മലയാളി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.












Click it and Unblock the Notifications